Quantcast

‘അഫ്സൽ ഗുരുവിനെ തൂക്കിലേറ്റി ഒരു ലക്ഷ്യവും നേടാനായില്ല’; വിവാദത്തിന് തിരികൊളുത്തി ഉമർ അബ്ദുല്ലയുടെ പ്രസ്താവന

രാജ്യവിരുദ്ധ പ്രസ്താവനയെന്ന് ബിജെപി

MediaOne Logo

Web Desk

  • Published:

    7 Sep 2024 12:13 PM GMT

omar abdulla
X

ശ്രീനഗർ: 2001ലെ പാർലമെന്റ് ആക്രമണത്തിൽ ശിക്ഷിക്കപ്പെട്ട അഫ്സൽ ഗുരുവിനെ തൂക്കിലേറ്റി ഒരു ലക്ഷ്യവും നേടിയില്ലെന്ന ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഉമർ അബ്ദുല്ലയുടെ പ്രസ്താവന രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. അഫസ്ൽ ഗുരുവിനെ തൂക്കിലേറ്റിയതിൽ ജമ്മു കശ്മീർ സർക്കാറിന് യാതൊരു പങ്കില്ലെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.

‘അഫ്സൽ ഗുരുവിന്റെ വധശിക്ഷയുമായി സംസ്ഥാന സർക്കാറിന് ഒരു ബന്ധവുമില്ല എന്നതാണ് ദൗർഭാഗ്യകരമായ കാര്യം. ഞങ്ങൾ അത് ചെയ്യുമായിരുന്നില്ല. അദ്ദേഹത്തെ തൂക്കിലേറ്റിയത് വഴി എന്തെങ്കിലും ലക്ഷ്യം നേടിയെന്ന് ഞാൻ വിശ്വസിക്കുന്നില്ല’ -ഉമർ അബ്ദുല്ല വ്യക്തമാക്കി.

താൻ വധശിക്ഷകൾക്ക് എതിരാണെന്നും കോടതികളുടെ അപ്രമാദിത്വത്തിൽ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പലപ്പോഴും വധശിക്ഷകൾ തെറ്റായിരുന്നുവെന്ന് പല രാജ്യങ്ങളും നമുക്ക് കാണിച്ച് തന്നിട്ടുണ്ടെന്നും ഉമർ അബ്ദുല്ല കൂട്ടിച്ചേർത്തു.

അഫ്സൽ ഗുരുവിന്റെ സഹോദരൻ അജാസ് അഹമ്മദ് ഗുരു നിയമസഭാ തെരഞ്ഞെടുപ്പിൽ ​മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉമർ അബ്ദുല്ലയുടെ പ്രസ്താവന വരുന്നത്.

അതേസമയം, ഉമർ അബ്ദുല്ലക്കെതിരെ ബിജെപി രംഗത്തുവന്നു. ഈ പ്രസ്താവന അങ്ങേയറ്റം പ്രതിഷേധാർഹവും രാജ്യവിരുദ്ധവുമാണെന്ന് കേ​ന്ദ്ര സഹമന്ത്രി നിത്യാനന്ദ് റായ് കുറ്റപ്പെടുത്തി. ഭീകരർക്ക് അനുകൂലമായാണ് ഉമർ അബ്ദുല്ല സംസാരിക്കുന്നത്. ഇത്തരം ഇന്ത്യാ വിരുദ്ധ പ്രസ്താവനകൾക്കൊപ്പാണ് കോൺഗ്രസും. ഉമർ അബ്ദുല്ലയും കോൺഗ്രസും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. ഇന്ത്യയിലെ ജനങ്ങൾ ഇതിനൊരിക്കലും മാപ്പ് നൽകില്ലെന്നും നിത്യാനന്ദ റായ് പറഞ്ഞു.

TAGS :

Next Story