Quantcast

ഇന്ത്യയില്‍ ഒമിക്രോൺ കേസുകള്‍ അറുനൂറിലേക്ക്; 10 സംസ്ഥാനങ്ങളില്‍ രാത്രികാല കർഫ്യൂ

രോഗവ്യാപനം തീവ്രമായ ഇടങ്ങളിൽ നിരോധനാജ്ഞ ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി

MediaOne Logo

Web Desk

  • Published:

    28 Dec 2021 1:31 AM GMT

ഇന്ത്യയില്‍ ഒമിക്രോൺ കേസുകള്‍ അറുനൂറിലേക്ക്; 10 സംസ്ഥാനങ്ങളില്‍ രാത്രികാല കർഫ്യൂ
X

രാജ്യത്ത് ഒമിക്രോൺ വ്യാപനം തുടരുന്നു. ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം അറുനൂറിനോട് അടുത്തു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യ ഒമിക്രോൺ കേസ് മണിപ്പൂരിൽ സ്ഥിരീകരിച്ചു. ഗോവയിലും ആദ്യത്തെ ഒമിക്രോണ്‍ ബാധ റിപ്പോർട്ട് ചെയ്തു.

ഒമിക്രോണ്‍ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ 10 സംസ്ഥാനങ്ങൾ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. രോഗവ്യാപനം തീവ്രമായ ഇടങ്ങളിൽ നിരോധനാജ്ഞ ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. 19 സംസ്ഥാനങ്ങളിലാണ് രാജ്യത്ത് ഇതുവരെ ഒമിക്രോൺ റിപ്പോർട്ട് ചെയ്തത്.

ഡല്‍ഹിയിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്- 142 പേര്‍ക്ക്. മഹാരാഷ്ട്രയാണ് രണ്ടാമത്. 141 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. കേരളത്തില്‍ 57 പേര്‍ക്കും ഗുജറാത്തില്‍ 49 പേര്‍ക്കും രാജസ്ഥാനില്‍ 43 പേര്‍ക്കും ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. 151 പേര്‍ക്ക് രോഗം ഭേദമായി.

രാജ്യത്താകെ 6531 പേര്‍ക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. 315 പേര്‍ മരിച്ചു. ആകെ കോവിഡ് മരണം 4,79,997 ആയി. ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്കുള്ള വാക്സിന്‍ വിതരണത്തിനും ബൂസ്റ്റര്‍ ഡോസ് വിതരണത്തിനും ഒരുക്കങ്ങള്‍ തുടരുകയാണ്. ജനുവരി 3 മുതല്‍ 15-18 പ്രായപരിധിയിലുള്ളവര്‍ക്ക് വാക്സിന്‍ നല്‍കും. കോവിഡ് മുന്നണിപ്പോരാളികള്‍ക്കും 60 വയസ്സിന് മുകളിലുള്ളവര്‍ക്കും ജനുവരി 10 മുതല്‍ ബൂസ്റ്റര്‍ ഡോസ് നല്‍കും.

അതേസമയം അഞ്ച്​ നിയമ​സഭകളിലെ നിയമസഭാ തെരഞ്ഞെടുപ്പ്​ ഒമിക്രോൺ വ്യാപനം കാരണം മാറ്റിവെക്കേണ്ടതില്ലെന്നാണ്​ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം. കേന്ദ്ര ആരോഗ്യ മന്ത്രാലവുമായി തിങ്കളാഴ്ച നടത്തിയ ചർച്ചക്ക്​ ശേഷമാണ്​ തീരുമാനം. അലഹബാദ്​ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റെ നിര്‍ദേശം തള്ളിയാണ്​ കമ്മീഷന്റെ നീക്കം. യു.​പി, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂർ നിയമ​സഭ​കളിലേക്കാണ്​ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം വാക്സിനേഷന്റെയും കോവിഡ്​ രോഗ​ബാധയുടെയും കണക്കുകൾ സമർപ്പിച്ച ശേഷമാണ്​ കമ്മീഷൻ തെരഞ്ഞെടുപ്പുമായി മുന്നോട്ടു​പോകാൻ തീരുമാനിച്ചത്.

TAGS :

Next Story