'ലൈംഗിക ആഭിമുഖ്യം ജഡ്ജിയാകാനുള്ള അയോഗ്യതയല്ല': സൗരഭ് കൃപാലിന്റെ പേര് തള്ളിയതിൽ കേന്ദ്രത്തെ എതിർപ്പറിയിച്ച് സുപ്രിംകോടതി
സ്വവർഗാനുരാഗിയാണെന്നതും പങ്കാളി സ്വിസ് പൗരനാണെന്നതും ചൂണ്ടിക്കാട്ടിയാണ് സൗരഭ് കൃപാലിന്റെ പേര് കേന്ദ്രം തള്ളിയത്
ന്യൂഡൽഹി: സ്വവർഗാനുരാഗിയാണെന്ന് വ്യക്തമാക്കിയ സൗരഭ് കൃപാലിന്റെ പേര് കേന്ദ്ര അംഗീകാരത്തിന് വീണ്ടുമയച്ച് സുപ്രിം കോടതി. അഭിഭാഷകരുടെ ലൈംഗിക ആഭിമുഖ്യം, സമൂഹമാധ്യമങ്ങളിലെ ഇടപെടലുകൾ എന്നിവ ചൂണ്ടിക്കാട്ടി ജഡ്ജിയാകുന്നത് വിലക്കാൻ കഴിയില്ലെന്ന് കൊളീജിയം വ്യക്തമാക്കി.
ഇരുപതോളം പുതിയ പേരുകളുടെ കൂടെ കേന്ദ്രം മടക്കിയ സൗരഭ് കൃപാലിന്റേതുൾപ്പടെ അഞ്ച് പേരുകൾ വീണ്ടും സമർപ്പിച്ചിട്ടുണ്ട്. ഇതിൽ സോമശേഖരൻ സുന്ദരേശന്റെ പേര് സമൂഹമാധ്യമങ്ങളിലെ ഇടപെടലിന്റെ പേരിലും സൗരഭ് കൃപാലിന്റെ പേര് അദ്ദേഹം സ്വവർഗാനുരാഗിയാണെന്ന് വെളിപ്പെടുത്തിയതിന്റെ പേരിലുമായിരുന്നു. സൗരഭിന്റെ പങ്കാളി സ്വിസ് പൗരനാണെന്നതും പേര് മടക്കാൻ കാരണമായി കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിലാണ് കൊളീജിയം പരസ്യമായ അതൃപ്തി പ്രകടിപ്പിച്ചിരിക്കുന്നത്.
സൗരഭിന്റെ പങ്കാളി ഇന്ത്യയുടെ ശത്രുരാജ്യത്ത് നിന്നല്ലാത്തതിനാൽ തന്നെ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാവുന്നില്ലെന്ന് കൊളീജിയം വിലയിരുത്തി. രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥരിൽ പലരുടെയും പങ്കാളികൾ വിദേശ പൗരത്വമുള്ളവരാണെന്നും അതിനാൽ ആ കാരണം കൊണ്ട് കൃപാലിന്റെ പേര് തള്ളിക്കളയാനാവില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റിസസ് എസ്.കെ കൗൾ, കെ.എം.ജോസഫ് എന്നിവരൊപ്പിട്ട കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
Adjust Story Font
16