Quantcast

നിരാഹാര സമരം നടത്തുന്ന യാസീൻ മാലികിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് ജയിൽ ആശുപത്രിയിലേക്ക് മാറ്റി

തീവ്രവാദ ഫണ്ടിങ് കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട യാസീൻ മാലിക് തിഹാർ ജയിലിൽ അതീവ സുരക്ഷാ സെല്ലിലാണ് കഴിയുന്നത്.

MediaOne Logo

Web Desk

  • Published:

    26 July 2022 12:30 PM

നിരാഹാര സമരം നടത്തുന്ന യാസീൻ മാലികിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് ജയിൽ ആശുപത്രിയിലേക്ക് മാറ്റി
X

ന്യൂഡൽഹി: ജയിലിൽ നിരാഹാര സമരം നടത്തുന്ന കശ്മീരി വിഘടനവാദി നേതാവ് യാസീൻ മാലികിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ ജയിൽ ആശുപത്രിയിലേക്ക് മാറ്റി. നിർജലീകരണം തടയാൻ അദ്ദേഹത്തിന് നൽകിയതായി ജയിൽ അധികൃതർ അറിയിച്ചു.

തങ്ങൾ അദ്ദേഹത്തോട് ഭക്ഷണം കഴിക്കാൻ ആവശ്യപ്പെട്ടെങ്കിലും അനുസരിക്കുന്നില്ല. അദ്ദേഹത്തിന്റെ ആരോഗ്യനില നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ആരോഗ്യനില വഷളായാൽ കനത്ത സുരക്ഷയിൽ പുറത്തുള്ള ആശുപത്രിയിലേക്ക് മാറ്റുമെന്നും തിഹാർ ജയിൽ അധികൃതർ വ്യക്തമാക്കി.

തീവ്രവാദ ഫണ്ടിങ് കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട യാസീൻ മാലിക് തിഹാർ ജയിലിൽ അതീവ സുരക്ഷാ സെല്ലിലാണ് കഴിയുന്നത്. റുബയ്യ സയീദിനെ തട്ടിക്കൊണ്ടുപോയ കേസിൽ ജമ്മു കശ്മീർ കോടതിയിൽ നേരിട്ട് ഹാജരാകാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം നൽകിയ കത്തിന് കേന്ദ്രസർക്കാർ മറുപടി നൽകാത്തതിൽ പ്രതിഷേധിച്ചാണ് യാസീൻ മാലിക് നിരാഹാരം സമരം നടത്തുന്നത്. വെള്ളിയാഴ്ച രാവിലെയാണ് അദ്ദേഹം സമരം തുടങ്ങിയത്.

മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയും, കേന്ദ്ര ആഭ്യന്തര മന്ത്രിയുമായിരുന്ന മുഫ്തി മുഹമ്മദ് സയീദിന്റെ മകളായ റുബയ്യയെ 1989ലാണ് യാസീൻ മാലികും സംഘവും തട്ടിക്കൊണ്ടുപോയത്. യാസീൻ മാലികിനെയും ഒപ്പമുണ്ടായിരുന്ന മൂന്നുപേരെയും റുബയ്യ വിചാരണക്കിടെ കോടതിയിൽ തിരിച്ചറിഞ്ഞിരുന്നു. റുബയ്യയെ മോചിപ്പിക്കണമെങ്കിൽ തടവിൽ കഴിയുന്ന അഞ്ച് ജെകെഎൽഎഫ് അംഗങ്ങളെ വിട്ടുകിട്ടണമെന്നായിരുന്നു യാസീൻ മാലികിന്റെയും സംഘത്തിന്റെയും ആവശ്യം. തുടർന്ന്, ജമ്മു കശ്മീർ മുഖ്യമന്ത്രി ഫറൂഖ് അബ്ദുല്ല വിഘടനവാദികളുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു. റുബയ്യയുടെ പിതാവ് മുഫ്തി മുഹമ്മദ് സയീദ് ആയിരുന്നു അന്ന് ഇന്ത്യയുടെ ആഭ്യന്തരമന്ത്രി.

TAGS :

Next Story