മണിപ്പൂരിൽ പുതുതായി നിർമിച്ച പാലം തകർന്ന് ഒരാൾ മരിച്ചു
വിറക് കയറ്റിവരികയായിരുന്ന ട്രക്കിന്‍റെ ഡ്രൈവറാണ് മരിച്ചത്
ഇംഫാൽ: മണിപ്പൂരിൽ പുതുതായി നിർമിച്ച പാലം തകർന്ന് ഒരുമരണം. ഞായറാഴ്ച രാവിലെ ആറുമണിയോടെ ഇംഫാൽ നദിക്ക് കുറുകെയുള്ള ബെയ്ലി പാലത്തിൽ നിന്ന് ട്രക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. വിറക് കയറ്റി വരികയായിരുന്ന ട്രക്ക് ബെയ്ലി പാലത്തിലൂടെ കടക്കാൻ ശ്രമിക്കുമ്പോൾ പാലം തകർന്നുവീഴുകയായിരുന്നെന്നാണ് റിപ്പോർട്ട്.
അപകടസമയത്ത് ട്രക്കിൽ നാലുപേരായിരുന്നു ഉണ്ടായിരുന്നത്. പാലം തകർന്നതിന് പിന്നാലെ മൂന്നുപേർ എടുത്തുചാടി.എന്നാൽ ട്രക്കിനുള്ളിൽ കുടുങ്ങിപ്പോയ ഇംഫാൽ വെസ്റ്റിലെ മയങ് ഇംഫാൽ ബെംഗൂൺ യാങ്ബി സ്വദേശിയായ എംഡി ബോർജാവോ (45) മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.വാംഗോയ് പൊലീസും സംസ്ഥാന ദുരന്ത നിവാരണ സേനയും മണിപ്പൂർ ഫയർ സർവീസ് ടീമും നടത്തിയ തിരച്ചിലിലാണ് ഡ്രൈവറുടെ മൃതദേഹം കണ്ടെത്തിയത്.
അപകടത്തിന് ശേഷം, നഗരവികസന മന്ത്രി വൈ ഖേംചന്ദ് എംഎൽഎ ഖുറൈജാം ലോകനൊപ്പം സ്ഥലം സന്ദർശിച്ചു.സാങ്കേതിക തകരാറുകൾ മൂലമാകാം പാലം തകർന്നതെന്നും സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും മന്ത്രി ഖേംചന്ദ് പറഞ്ഞു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഖേംചന്ദ് മാധ്യമങ്ങളോട് പറഞ്ഞു. പാലത്തിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ അധികൃതർ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇതേ പാലം നേരത്തെയും രണ്ടുതവണ തകർന്നിരുന്നുവെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ അന്നൊന്നും ആളപായമുണ്ടായിട്ടില്ല.നേരത്തെ ബിഹാറില്‍ ഒന്‍പത് ദിവസത്തിനിടെ അഞ്ചുപാലങ്ങള്‍ തകര്‍ന്നത് ഏറെ ചര്‍ച്ചയായിരുന്നു. അരാരിയ,സിവാന്,ഈസ്റ്റ് ചമ്പാരൻ,കിഷൻ ഗഞ്ച്,മധുബാനി ജില്ലകളിലെ അഞ്ച് പാലങ്ങളാണ് തകർന്ന് വീണത്. നേപ്പാളിന്റെ അതിർത്തിയോട് ചേർന്ന് മധുബാനി ജില്ലയിലെ ഭേജ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റവും ഒടുവിൽ പാലം തകർന്നത്
Adjust Story Font
16