Quantcast

സ്റ്റാലിൻ ദ്രാവിഡ മോഡൽ; ഭരണമികവിന്‍റെ ഒരു വർഷം

ഇനി ദേശീയതലത്തിൽ സാന്നിധ്യമുറപ്പിക്കാനൊരുങ്ങുകയാണ് സ്റ്റാലിൻ

MediaOne Logo

Web Desk

  • Published:

    7 May 2022 7:11 AM GMT

സ്റ്റാലിൻ ദ്രാവിഡ മോഡൽ; ഭരണമികവിന്‍റെ ഒരു വർഷം
X

ചെന്നൈ: തമിഴ്നാട്ടില്‍ എം.കെ സ്റ്റാലിന്‍റെ നേതൃത്വത്തിലുള്ള ഡി.എം.കെ. സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് ഇന്നേക്ക് ഒരുവര്‍ഷം. സംസ്ഥാനത്തിനകത്തും പുറത്തും വന്‍ സ്വീകാര്യത നേടുകയാണ് സ്റ്റാലിന്‍റെ ദ്രാവിഡ മോഡല്‍ ഭരണം. സാമൂഹികനീതിയും സാമ്പത്തിക വളർച്ചയും ലക്ഷ്യമിട്ടുള്ള സർക്കാരിന്റെ നയപരിപാടികൾക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. തെരഞ്ഞെടുപ്പിലെ തുടർവിജയങ്ങളും ദേശീയ പ്രതിപക്ഷനിരയിലെ നേതൃപരമായ ഇടപെടലുകളും ഇതിന് മാറ്റുകൂടി.

2021 മെയ് ഏഴിനാണ് തമിഴ്നാടിന്‍റെ മുഖ്യമന്ത്രി പദത്തിലേക്ക് സ്റ്റാലിന്‍ അവരോധിക്കപ്പെടുന്നത്. നീണ്ട പത്തുവര്‍ഷം പ്രതിപക്ഷത്തിരുന്നശേഷം 68-ാം വയസ്സില്‍. കോവിഡ് പ്രതിസന്ധിയും സാമ്പത്തിക പ്രശ്നങ്ങളുമാണ് സ്റ്റാലിനെ കാത്തിരുന്നതെങ്കിലും കൃത്യമായ ആസൂത്രണത്തിലൂടെ പ്രതിസന്ധികളെ മറികടന്നു. തമിഴ് മക്കളില്‍ നായക പരിവേഷം നേടാന്‍ സ്റ്റാലിന് ഒരു വര്‍ഷം തികച്ച് വേണ്ടിവന്നില്ല.

തെരഞ്ഞെടുപ്പ് വാഗ്ധാനങ്ങളില്‍ മുക്കാല്‍ ഭാഗത്തോളം സ്റ്റാലിന്‍ നടപ്പാക്കിക്കഴിഞ്ഞു. റേഷൻ കാർഡ് ഒന്നിന് നാലായിരം രൂപ കോവിഡ് കാല സാഹായം, സ്ത്രീകൾക്ക് സിറ്റി ബസുകളിൽ സൗജന്യ യാത്ര, അവിൻ പാലിന്റെ വില മൂന്ന് രൂപ കുറച്ചു മുഖ്യമന്ത്രി നിങ്ങളുടെ മണ്ഡലത്തിൽ പദ്ധതി, സർക്കാർ ഇൻഷുറൻസ് ഉപയോഗിച്ച് തന്നെ സ്വകാര്യ ആശുപത്രികളിൽ സൗജന്യ ചികിത്സ തുടങ്ങി അഞ്ച് ജനപ്രിയ പദ്ധതികൾക്ക് തുടക്കം കുറിച്ചുകൊണ്ടായിരുന്നു തമിഴ്നാടിന്റെ മുതൽ അമയ്ച്ചറായി മു.ക സ്റ്റാലിൻ വരവറിയിച്ചത്.

ആഗോള പ്രശസ്തരായ സാമ്പത്തിക വിദഗ്ധരെ ഉള്‍പ്പെടുത്തി സാമ്പത്തിക ഉപദേശക സമിതി രൂപീകരിച്ചു, പെട്രോൾ വില കുറച്ചു, കോവിഡ് പ്രതിസന്ധി മറികടക്കാൻ വിവിധ പദ്ധതികൾ പ്രഖ്യാപിച്ചു, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 7.5 ശതമാനം റിസര്‍വേഷന്‍ നടപ്പിലാക്കി, ക്ഷേത്രങ്ങളിൽ ബ്രാഹ്മണേതര പൂജാരികളെ നിയമിച്ചു, പാഠ പുസ്തകങ്ങളില്‍നിന്ന് പ്രശസ്തരായവരുടെ പേരുകള്‍ക്ക് ഒപ്പം ചേര്‍ത്ത ജാതിവാല്‍ ഒഴിവാക്കി...അങ്ങനെ ജനപ്രിയ പദ്ധതികള്‍ പലതും മറ്റ് സംസ്ഥാനങ്ങള്‍ക്കും മാതൃകയായി.

കേന്ദ്രസർക്കാരിനെ വിശേഷിപ്പിക്കാൻ ഒന്‍ഡ്രിയ അരസ് അഥവാ യൂണിയൻ ഗവൺമെന്റ് എന്ന വാക്ക് തിരികെ കൊണ്ടുവന്നു. നേരത്തെ മാത്തിയ അരസ് അഥവാ കേന്ദ്രസർക്കാർ എന്ന പദമായിരുന്നു തമിഴ്നാട് ഉപയോഗിച്ചിരുന്നത്. ഭാഷാ പ്രയോഗങ്ങളുടെ രാഷ്ട്രീയത്തിൽ ആവേശം കൊളളുന്ന ദ്രാവിഡ ജനതയുടെ മനസ് അറിഞ്ഞുളള നീക്കമായിരുന്നു ഇത്.

ദലിതർക്കും സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും പ്രത്യേക പരിഗണന നൽകാന്‍ സ്റ്റാലിന്‍ മറന്നില്ല. നരിക്കുറവ, ഇരുള സമുദായാംഗങ്ങൾക്കായി പ്രത്യേക സഹായ പദ്ധതികൾ പ്രഖ്യാപിച്ചതും ക്ഷേത്രത്തിൽ ഭക്ഷണം നിഷേധിക്കപ്പെട്ട ആദിവർഗ നരിക്കുറവ വിഭാഗത്തിലെ അശ്വിനിയെന്ന യുവതിക്കുവേണ്ടി ഇടപെട്ടതും മഴക്കെടുതിയിൽ വലഞ്ഞ ജനത്തെ നേരിട്ടെത്തി സമാശ്വസിപ്പിച്ചതുമൊക്കെ ജനപ്രീതി വര്‍ധിക്കാന്‍ കാരണമായി.

കോവിഡിന്റെ രണ്ടും മൂന്നും തരംഗങ്ങളില്‍ തമിഴ്നാടിനെ പരിക്കുകൂടാതെ കാത്തു. വിദേശ നിക്ഷേപങ്ങളില്‍ മുന്‍കൊല്ലത്തേക്കാള്‍ 18.43 ശതമാനം വര്‍ധനയുണ്ടാക്കി. ഇതിനിടെ നീറ്റ്, ഹിന്ദി തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രവും ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടിയതും ശ്രദ്ധേയമായി. അഴിമതിയോട് സീറോ ടോളറൻസ് നയമാണ് സ്റ്റാലിന്‍ സ്വീകരിച്ചത്. അഴിമതിക്കേസുകളിലൂടെയും മുൻമന്ത്രിമാരുടെ വീടുകളിലെ അപ്രതീക്ഷിത റെയ്ഡുകളിലൂടെയും പ്രതിപക്ഷത്തെ പ്രതിസന്ധിയിലാക്കുന്ന നടപടികളും കണ്ടു. അതിനിടെ, സംസ്ഥാനത്തെ കസ്റ്റഡി മരണങ്ങളും മറ്റും വിമര്‍ശനത്തിന് കാരണമാകുന്നുമുണ്ട്.

ഡല്‍ഹിയില്‍ ഡി.എം.കെ. ഓഫീസ് തുറന്നും കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ മുഖ്യമന്ത്രിമാരുമായി സൗഹൃദം നിലനിര്‍ത്തിയും ദേശീയതലത്തില്‍ സാന്നിധ്യമുറപ്പിക്കാനൊരുങ്ങുകയാണ് സ്റ്റാലിന്‍. അഖിലേന്ത്യാതലത്തില്‍ ബി.ജെ.പി.ക്കെതിരെ മുന്നണി രൂപപ്പെടുത്താനാണ് നീക്കം. ഇതിന്‍റെ ആദ്യപടിയെന്നോണം സാമൂഹികനീതിയെന്ന ആശയമുയര്‍ത്തി രൂപവത്കരിക്കുന്ന ദേശീയ ഫെഡറേഷനില്‍ ചേരണമെന്നഭ്യര്‍ഥിച്ച് രാജ്യത്തെ 37 രാഷ്ട്രീയകക്ഷികളുടെ നേതാക്കള്‍ക്ക് സ്റ്റാലിന്‍ കത്തയച്ചിട്ടുണ്ട്.

TAGS :

Next Story