Quantcast

മുസ്​ലിംകളുടെ ദാരിദ്ര്യം ഇല്ലാതാക്കാനുള്ള ഒരേയൊരു മാർഗം രണ്ട് കുട്ടികൾ നയം: അസം മുഖ്യമന്ത്രി

സര്‍ക്കാര്‍ ജോലിയും ആനുകൂല്യങ്ങളും രണ്ട് കുട്ടികള്‍ മാത്രമുള്ളവര്‍ക്ക് പരിമിതപ്പെടുത്തിയാകും നിയമനിര്‍മാണം

MediaOne Logo

Web Desk

  • Updated:

    2021-06-30 05:20:35.0

Published:

30 Jun 2021 4:49 AM GMT

മുസ്​ലിംകളുടെ ദാരിദ്ര്യം ഇല്ലാതാക്കാനുള്ള ഒരേയൊരു മാർഗം രണ്ട് കുട്ടികൾ നയം: അസം മുഖ്യമന്ത്രി
X

അസമിലെ മുസ്​ലിംകളുടെ ദാരിദ്ര്യവും നിരക്ഷരതയും ഇല്ലാതാക്കാനുള്ള ഒരേയൊരു മാർഗം രണ്ട് കുട്ടികൾ നയമാണെന്ന്​ മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ. കുടുംബാസൂത്രണ നയം സമുദായ സംഘടനകൾ സ്വാഗതം ചെയ്തെന്നും അദ്ദേഹം അവകാശപ്പെട്ടു.

ജൂലൈയിൽ കുറച്ച്​ മുസ്​ലിം പണ്ഡിതന്മാരെ കാണുന്നുണ്ട്​. ജൂലൈ നാലിന്​ 150 മുസ്‍ലിം പണ്ഡിതൻമാരെയാണ് കാണുക. സര്‍ക്കാര്‍ നയങ്ങളെ അവർ പിന്തുണക്കുമെന്ന് തനിക്ക് ഉറപ്പാണ്. അസമിലെ മുസ്‍ലിം ന്യൂനപക്ഷങ്ങളുടെ ദാരിദ്ര്യവും നിരക്ഷരതയും ഇല്ലാതാക്കാനുള്ള ഒരേയൊരു മാർഗമാണിതെന്നും ഹിമാന്ത പറഞ്ഞു.

"മുസ്‌ലിം സമുദായത്തില്‍ നിന്ന് ഒരു എതിർപ്പും ഇല്ല. ഓൾ അസം മൈനോറിറ്റി സ്റ്റുഡൻറ്​സ്​ യൂനിയ​ന്‍റെ രണ്ട് വിഭാഗങ്ങളുമായി രണ്ട് തവണ കൂടിക്കാഴ്ച നടത്തി. രണ്ട് കുട്ടികൾ നയത്തെ അവര്‍ സ്വാഗതം ചെയ്​തു. അസമിലെ മുസ്‌ലിംകൾക്ക് ജനസംഖ്യാ നിയന്ത്രണം ആവശ്യമാണെന്ന് അവര്‍ പറഞ്ഞു"- ഹിമാന്ത അവകാശപ്പെട്ടു.

കാലക്രമേണ രണ്ട് കുട്ടികള്‍ നയം നടപ്പാക്കുമെന്നാണ് അസം മുഖ്യമന്ത്രി വ്യക്തമാക്കിയത്. അടുത്ത നിയമസഭാ സമ്മേളനത്തില്‍ സര്‍ക്കാര്‍ ഇതുസംബന്ധിച്ച നിയമനിര്‍മാണം നടത്തിയേക്കും. സര്‍ക്കാര്‍ ജോലിയും ആനുകൂല്യങ്ങളും രണ്ട് കുട്ടികള്‍ മാത്രമുള്ളവര്‍ക്ക് പരിമിതപ്പെടുത്തിയാകും നിയമനിര്‍മാണം. വായ്പ എഴുതിത്തള്ളല്‍, ക്ഷേമപദ്ധതികള്‍ എന്നിവയെല്ലാം പുതിയ ജനസംഖ്യാ നയ പ്രകാരമായിരിക്കും എന്നാണ് പ്രഖ്യാപനം.

അതേസമയം പുതിയ നയം മുസ്‍ലിം സമുദായത്തെ ലക്ഷ്യം വെച്ചുള്ളതാണെന്നും പരാതിയുണ്ട്. നിയമവിരുദ്ധ കുടിയേറ്റം തടയുമെന്നും തദ്ദേശീയ സമൂഹത്തെ സംരക്ഷിക്കുമെന്നുമാണ് ബിജെപിയുടെ അവകാശവാദം.

TAGS :

Next Story