''ഹിന്ദുക്കൾ പങ്കെടുക്കേണ്ട''; അസമിലും ക്രിസ്മസ് ആഘോഷം കൈയേറി ഹിന്ദുത്വ സംഘങ്ങള്‍
കഴിഞ്ഞ ദിവസം ഹരിയാനയിലെ ഗുരുഗ്രാമിലും കർണാടകയുടെയുടെയും ഉത്തർപ്രദേശിന്റെയും വിവിധ ഭാഗങ്ങളിലും ക്രിസ്മസ് ആഘോഷങ്ങൾ ഹിന്ദുത്വ സംഘങ്ങൾ തടഞ്ഞിരുന്നു
കർണാടകയ്ക്കും ഉത്തർപ്രദേശിനും പിറകെ അസമിലും ക്രിസ്മസ് ആഘോഷങ്ങൾ കൈയേറി സംഘ്പരിവാർ സംഘടനകൾ. സിൽചാറിലാണ് ബജ്രങ്ദൾ അടക്കമുള്ള ഹിന്ദുത്വ സംഘടനാ പ്രവർത്തകർ ചർച്ചിലെത്തി ആഘോഷങ്ങൾ തടയുകയും അലങ്കോലമാക്കുകയും ചെയ്തത്. ഹിന്ദുക്കൾ ആഘോഷങ്ങളിൽ പങ്കെടുക്കുന്നത് തടയാനാണ് സംഘം ചർച്ചിലെത്തിയത്.
ക്രിസ്മസ് ക്രിസ്ത്യാനികൾ മാത്രം ആഘോഷിച്ചാൽ മതിയെന്നായിരുന്നു ഇവരുടെ ആവശ്യം. ഹിന്ദുക്കളെ ആഘോഷിക്കാൻ അനുവദിക്കില്ലെന്നും സംഘം വ്യക്തമാക്കി. സംഭവത്തിൽ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് കാരണമായി അസമിലെ ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞത്. സിൽചാറിൽ നടന്നത് ചെറിയ സംഭവമാണെന്നും ഇതിൽ സ്വമേധയാ കേസെടുക്കേണ്ട കാര്യമില്ലെന്നും പൊലീസ് വ്യക്തമാക്കി.
''നമ്മൾ ക്രിസ്മസിനെതിരല്ല. ക്രിസ്മസ് ക്രിസ്ത്യാനികൾ മാത്രം ആഘോഷിച്ചാൽ മതി. ക്രിസ്മസ് പരിപാടികളിൽ ഹിന്ദു ആൺകുട്ടികളും പെൺകുട്ടികളും പങ്കെടുക്കുന്നത് അനുവദിക്കില്ല. ഇന്ന് ഹിന്ദുക്കളുടെ തുൾസ ദിവസ് കൂടിയായിരുന്നു. എന്നാൽ, അതൊന്നും ആരും ആഘോഷിച്ചിട്ടില്ല. ഇത് ഞങ്ങളുടെ വികാരം വ്രണപ്പെടുത്തുന്നു. എല്ലാവരും ക്രിസ്മസ് ആഘോഷിക്കുന്നു. ഇങ്ങനെയാണെങ്കിൽ ഞങ്ങളുടെ മതം എങ്ങനെ നിലനിൽക്കും?'' സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോ ദൃശ്യങ്ങളിലൊന്നിൽ ഒരു അക്രമി പറയുന്നു.
സിൽചാറിൽ ഇതാദ്യമായല്ല ക്രിസ്മസ് ആഘോഷങ്ങൾക്കുനേരെ ഹിന്ദുത്വ ആക്രമണമുണ്ടാകുന്നത്. കഴിഞ്ഞ വർഷവും ജയ് ശ്രീറാം മുഴക്കി ബജ്രങ്ദൾ സംഘം ആഘോഷങ്ങൾ അലങ്കോലമാക്കിയിരുന്നു. ക്രിസ്മസ് ആഘോഷിക്കുന്ന ഹിന്ദുക്കൾക്കുനേരെ ആക്രമണഭീഷണി മുഴക്കിയായിരുന്നു ഇത്.
കഴിഞ്ഞ ദിവസം ഹരിയാനയിലെ ഗുരുഗ്രാമിലും കർണാടകയുടെ വിവിധ ഭാഗങ്ങളിലും ക്രിസ്മസ് ആഘോഷങ്ങൾ ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ തടഞ്ഞിരുന്നു. ഗുരുഗ്രാമിൽ ക്രിസ്ത്യൻ വിശ്വാസികൾക്കുനേരെ ഹിന്ദുത്വ ആക്രമണവുമുണ്ടായി. ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളിലും ആഘോഷങ്ങൾക്കുനേരെ ഹിന്ദുത്വ സംഘങ്ങളുടെ കൈയേറ്റമുണ്ടായി. ക്രിസ്ത്യൻ മിഷനറിമാർ ക്രിസ്മസിനെ മതപരിവർത്തനത്തിനുള്ള അവസരമാക്കുന്നുവെന്ന് ആരോപിച്ച് ഇന്നലെ യുപിയിൽ ഹിന്ദു സംഘടനകൾ സാന്താക്ലോസിന്റെ കോലം കത്തിക്കുകയും ചെയ്തു.
Summary: Christmas celebrations were disrupted in Assam's Silchar on Saturday bymembers of the Bajrang Dal
Adjust Story Font
16