മധ്യപ്രദേശ് ടോള്‍ പ്ലാസയില്‍ വെടിവെപ്പ്; രക്ഷപ്പെടുന്നതിനിടയില്‍ 2 ജീവനക്കാര്‍ക്ക് ദാരുണാന്ത്യം
ടോള്‍ പ്ലാസയില്‍ മുഖം മൂടി ധരിച്ച് എത്തിയ നാലുപേര്‍ ടോളിനെച്ചൊല്ലി തര്‍ക്കമുണ്ടാക്കുകയും തുടര്‍ന്ന് ജീവനക്കാരെ ആക്രമിക്കുകയുമായിരുന്നു
ഭോപ്പാല്‍: മധ്യപ്രദേശിലെ ദഗരി ടോള്‍ പ്ലാസയിലെ ജീവനക്കാര്‍ അക്രമികളില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കിണറ്റില്‍ വീണ് മരിച്ചു. മധ്യപ്രദേശിന്റെയും ഉത്തര്‍പ്രദേശിന്റെയും അതിര്‍ത്തിയിലുള്ള ചിരുല പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ടോള്‍ പ്ലാസയിലാണ് സംഭവം.
ടോള്‍ പ്ലാസയില്‍ മുഖം മൂടി ധരിച്ച് എത്തിയ നാലുപേര്‍ ടോളിനെച്ചൊല്ലി തര്‍ക്കമുണ്ടാക്കു കയും തുടര്‍ന്ന് ടോള്‍ കൗണ്ടറുകളുടെ വാതിലുകളും കമ്പ്യൂട്ടറുകളും നശിപ്പിക്കുകയും ജീവനക്കാരെ ആക്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് അക്രമികള്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തു. ജീവനക്കാര്‍ രക്ഷപ്പെടാനായി അടുത്തുള്ള പറമ്പിലേക്ക് ഓടിക്കയറി. ഇതിനിടെ രണ്ട് പേര്‍ പറമ്പിലെ കിണറ്റില്‍ വീണ് മുങ്ങി മരിച്ചു.
'ആറ് ബൈക്കുകളിലായി എത്തിയ 12 അക്രമികള്‍ ടോള്‍ പ്ലാസയില്‍ ജോലി ചെയ്തിരുന്ന ജീവനക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ചിരുല പൊലീസ് ഉദ്യോദൃഗസ്ഥന്‍ നിതിന്‍ ഭാര്‍ഗവ പറഞ്ഞു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
ആഗ്ര സ്വദേശി ശ്രീനിവാസ് പരിഹാര്‍, നാഗുപൂര്‍ സ്വദേശി ശിവാജി കണ്ടേല എന്നിവരാണ് മരിച്ചത്. മരിച്ച ഇരുവരുടെയും മൃതദേഹങ്ങള്‍ പിന്നീട് പുറത്തെടുത്തു.
Adjust Story Font
16