'ഓപ്പറേഷൻ താമര എന്ന പേരിൽ ബിജെപി വോട്ടര്‍പട്ടികയില്‍ കൃത്രിമം കാണിക്കുന്നു'; അരവിന്ദ് കെജ്‌രിവാൾ
ഡൽഹിയിലെ പരാജയം ബിജെപി അംഗീകരിച്ചു കഴിഞ്ഞെന്ന് കെജ്‌രിവാൾ പറഞ്ഞു
ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽ കൃത്രിമം കാണിക്കാൻ ബിജെപി ശ്രമിക്കുന്നതായി ആം ആദ്മി പാർട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാൾ. 'ഓപ്പറേഷൻ താമര' എന്ന് പേരിട്ടിരിക്കുന്ന രഹസ്യ ഓപ്പറേഷൻ്റെ ഭാഗമായി ബിജെപി വോട്ടർ പട്ടികയിൽ കൃത്രിമം കാണിക്കുകയാണെന്ന് കെജ്‌രിവാൾ ആരോപിച്ചു. രാജ്യസഭാ എംപി രാഘവ് ഛദ്ദയ്ക്കും ഡല്‍ഹി മുഖ്യമന്ത്രി അതിഷിക്കുമൊപ്പം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഡൽഹിയിലെ പരാജയം ബിജെപി അംഗീകരിച്ചു കഴിഞ്ഞു. അവർക്ക് മുഖ്യമന്ത്രി മുഖമോ കാഴ്ചപ്പാടോ വിശ്വാസയോഗ്യമായ സ്ഥാനാർഥികളോ ഇല്ല. തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിനായി വോട്ടർ പട്ടികയിൽ കൃത്രിമം കാണിക്കുന്നത് പോലുള്ള സത്യസന്ധമല്ലാത്ത തന്ത്രങ്ങളാണ് അവർ ലക്ഷ്യമിടുന്നത്. വരാനിരിക്കുന്ന ഡൽഹി സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ വേണ്ടിയാണ് ഈ ഓപ്പറേഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്' എന്ന് കെജ്‍രിവാൾ ആരോപിച്ചു.
'ഒരു നിയോജക മണ്ഡലത്തില്‍ മാത്രം 11,000 വോട്ടര്‍മാരെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കാനുള്ള ശ്രമം ബിജെപി നടത്തി. ഞങ്ങള്‍ ഇത് തുറന്നുകാട്ടി. പിന്നാലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഇടപെടലിനെത്തുടര്‍ന്ന് നീക്കം നിര്‍ത്തുകയായിരുന്നു'- കെജ്‌രിവാൾ പറഞ്ഞു. ഡൽഹിയിൽ ഇതുവരെ 5,000 വോട്ടുകൾ ഇല്ലാതാക്കാനും 7,500 വോട്ടുകൾ ചേർക്കാനും ബിജെപി അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും ഇത് മണ്ഡലത്തിലെ 12 ശതമാനം വോട്ടുകളിൽ മാറ്റം വരുത്തുമെന്നും കെജ്‍രിവാൾ കൂട്ടിച്ചേർത്തു.
Adjust Story Font
16