പ്രതിപക്ഷത്തിന് വിശ്വാസ്യതയില്ല; ഉത്തർപ്രദേശിൽ അധികാരം നിലനിർത്തുമെന്ന് യോഗി
പ്രതിപക്ഷത്തിന് വേറെ വിഷയമൊന്നും ലഭിക്കാത്തതിനാലാണ് കർഷക സമരം ആളിക്കത്തിക്കാൻ അവർ ശ്രമിക്കുന്നതെന്നും യോഗി പറഞ്ഞു.
അടുത്ത വർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വൻ വിജയം നേടുമെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 2017ലെ സീറ്റ് നിലയായ 312 സീറ്റുകൾ മറികടക്കുമെന്ന് പറഞ്ഞ യോഗി ബി.ജെ.പി 325 മുതൽ 350 സീറ്റുകൾ നേടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ജാതി സമവാക്യങ്ങൾ നേരെയാക്കുകയും തന്റെ ഭരണനേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കുകയും ചെയ്താൽ ഏതെങ്കിലും തരത്തിലുള്ള ഭരണ വിരുദ്ധ വികാരം മറികടക്കാൻ തനിക്കാകുമെന്നും ഉത്തർ പ്രദേശ് മുഖ്യമന്ത്രി ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
" കഴിഞ്ഞ 23 വർഷം സംസ്ഥാനത്തെ സജീവ രാഷ്ട്രീയ പ്രവർത്തകനായ എനിക്ക് ഉത്തർ പ്രദേശിന്റെ രാഷ്ട്രീയ ഗതിവിഗതികൾ ഏറ്റവും നന്നായി അറിയാം. അധികാരം നിലനിർത്തുമെന്ന തികഞ്ഞ ആത്മവിശ്വാസമുണ്ട്. ഉത്തർ പ്രദേശിലെ വോട്ടർമാരുടെ രാഷ്ട്രീയ പക്വതയിൽ എനിക്ക് വിശ്വാസമുണ്ട് " - യോഗി പറഞ്ഞു. ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായതിന്റെ നേതൃത്വത്തിൽ നടക്കുന്ന കർഷക സമരം പടിഞ്ഞാറൻ ഉത്തർ പ്രദേശിൽ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
" ഞങ്ങളുടെ എതിരാളികളാണ് കർഷക സമരത്തിന് പണം നൽകുന്നതെന്ന് വ്യക്തമാണ്. കർഷകർക്കിടയിൽ ഇടനിലക്കാരുള്ള ഇടങ്ങളിൽ മാത്രമേ അതിന് പ്രഭാവം സൃഷ്ടിക്കാൻ കഴിയൂ. ഉത്തർ പ്രദേശിൽ കർഷകർ സംഭരണത്തിനായാലൂം നഷ്ടപരിഹാരത്തിനായാലും സർക്കാരുമായി നേരിട്ടാണ് സംവദിക്കുന്നത്." പ്രതിപക്ഷത്തിന് വേറെ വിഷയമൊന്നും ലഭിക്കാത്തതിനാലാണ് കർഷക സമരം ആളിക്കത്തിക്കാൻ അവർ ശ്രമിക്കുന്നതെന്നും യോഗി പറഞ്ഞു.
Adjust Story Font
16