Quantcast

'ചെങ്കോട്ടയിൽ നടന്നത് മോദിയുടെ വിടവാങ്ങൽ പ്രസംഗം'; പരിഹസിച്ച് പ്രതിപക്ഷം

ചെങ്കോട്ടയിൽനിന്ന് നരേന്ദ്ര മോദിയുടെ അവസാന പതാക ഉയർത്തലാണ് ഇന്ന് നടന്നതെന്ന് ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    15 Aug 2023 11:12 AM GMT

Opposition leaders mocked prime minister
X

ന്യൂഡൽഹി: ഇനിയൊരു സ്വാതന്ത്രദിനത്തിൽ മോദി പ്രധാനമന്ത്രി പദവിയിലുണ്ടാവില്ലെന്ന പരിഹാസവുമായി പ്രതിപക്ഷം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ആം ആദ്മി പാർട്ടി നേതാവ് സൗരഭ് ഭരദ്വാജ് തുടങ്ങിയവരാണ് മോദിയെ പരിഹസിച്ച് രംഗത്തെത്തിയത്.

വികസന നേട്ടങ്ങൾ എണ്ണിപ്പറയാൻ അടുത്തവർഷവും ചെങ്കോട്ടയിലെത്തുമെന്ന മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിന് മറുപടിയായാണ് ഖാർഗെയുടെ പരാമർശം. അടുത്ത വർഷം അദ്ദേഹം വീട്ടിൽ പതാക ഉയർത്തുമെന്ന് ഖാർഗെ പറഞ്ഞു. ഖാർഗെ ഇന്ന് ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിന് എത്തിയിരുന്നില്ല. ഇതിന് പിന്നാലെ പുറത്തുവിട്ട വീഡിയോയിൽ അദ്ദേഹം പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.

ചെങ്കോട്ടയിൽനിന്ന് നരേന്ദ്ര മോദിയുടെ അവസാന പതാക ഉയർത്തലാണ് ഇന്ന് നടന്നതെന്ന് ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് പറഞ്ഞു. ചരിത്രത്തെ കോട്ടമില്ലാതെ നിലനിർത്തണം. മോദി സർക്കാരിന്റെ വ്യർഥമായ വാഗ്ദാനങ്ങളിൽ ജനങ്ങൾ അമർഷത്തിലാണെന്നും ലാലു പറഞ്ഞു.

ചെങ്കോട്ടയിൽ മോദിയുടെ അവസാന പതാക ഉയർത്തലാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും പറഞ്ഞു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യമായ ഇൻഡ്യ വിജയിക്കുമെന്നും രാജ്യത്തുടനീളം ബി.ജെ.പിയെ തകർക്കുമെന്നും മമത പറഞ്ഞു. തൃണമൂൽ കോൺഗ്രസ് നിശ്ചയമായും ബി.ജെ.പിയെ പരാജയപ്പെടുത്തും. പ്രധാനമന്ത്രി മോഹമില്ല, ബംഗാളിന് രാഷ്ട്രീയ സ്ഥാനത്തേക്കാൾ ബി.ജെ.പി സർക്കാരിനെ പുറത്താക്കലാണ് പ്രധാനമെന്നും മമത പറഞ്ഞു.

മോദി ചെങ്കോട്ടയിൽ നടത്തിയത് വിടവാങ്ങൽ പ്രസംഗമെന്ന് ആം ആദ്മി പാർട്ടി നേതാവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. അടുത്ത തവണ ചെങ്കോട്ടയിൽ മുൻനിരയിലിരുന്ന് മോദി മറ്റൊരു പ്രധാനമന്ത്രിയുടെ പ്രസംഗം കേൾക്കുമെന്നും ഭരദ്വാജ് പറഞ്ഞു.

TAGS :

Next Story