Quantcast

പ്രതിപക്ഷ പാര്‍ട്ടികളുടെ രണ്ടാം യോഗം നാളെ: 24 പാർട്ടികള്‍ക്ക് ക്ഷണം, എ.എ.പി പങ്കെടുത്തേക്കും

മുസ്‍ലിം ലീഗ് ഉള്‍പ്പെടെ എട്ട് പാര്‍ട്ടികളെ പുതിയതായി യോഗത്തിലേക്ക് ക്ഷണിച്ചു

MediaOne Logo

Web Desk

  • Published:

    16 July 2023 6:17 AM GMT

Opposition Meet Tomorrow 24 parties invited
X

ബെംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ ഒന്നിച്ച് അണിനിരക്കുന്നത് ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ രണ്ടാം യോഗം നാളെ ബെംഗളൂരുവിൽ. 24 പ്രതിപക്ഷ പാർട്ടികളെയാണ് യോഗത്തിലേക്ക് ക്ഷണിച്ചത്. ഡൽഹി സർക്കാരിനെതിരായ കേന്ദ്ര ഓർഡിനൻസിൽ ആം ആംദ്‌മി പാര്‍ട്ടിക്ക് കോൺഗ്രസ് പിന്തുണ ഉറപ്പായതോടെ അരവിന്ദ് കെജ്‍രിവാള്‍ യോഗത്തിൽ പങ്കെടുക്കുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷ പാർട്ടികൾ.

കോൺഗ്രസാണ് യോഗത്തിന് ആതിഥ്യം വഹിക്കുക. പട്നയില്‍ ദേശീയ പാര്‍ട്ടികളെയാണ് പ്രധാനമായും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നതെങ്കില്‍, പ്രാദേശിക പാര്‍ട്ടികളെ കൂടി ബെംഗളൂരുവിലെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മുസ്‍ലിം ലീഗ്, കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് (ജെ), ആര്‍.എസ്.പി, ഫോര്‍വേഡ് ബ്ലോക്ക്, എം.ഡി.എം.കെ, കെ.ഡി.എം.കെ, വി.സി.കെ എന്നീ പാര്‍ട്ടികളെയാണ് പുതിയതായി യോഗത്തിലേക്ക് ക്ഷണിച്ചത്.

യോഗത്തില്‍ പങ്കെടുക്കണോ എന്ന് എ.എ.പി നേതാക്കള്‍ ഇന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഒരു ടീമായി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിന് മടിയാണെങ്കില്‍ ആ സഖ്യത്തിന്‍റെ ഭാഗാമാവാന്‍ കഴിയില്ലെന്നാണ് എ.എ.പി നേരത്തെ വ്യക്തമാക്കിയിരുന്നത്. ഡൽഹി സർക്കാരിനെതിരായ കേന്ദ്ര ഓർഡിനൻസില്‍ എ.എ.പിക്ക് കോണ്‍ഗ്രസ് ആദ്യ ഘട്ടത്തില്‍ പിന്തുണ നല്‍കാതിരുന്നതും ഇരു പാര്‍ട്ടികളും തമ്മിലുള്ള ഐക്യത്തിന് തടസ്സമായിരുന്നു. ഡല്‍ഹി ഓര്‍ഡിനന്‍സില്‍ എ.എ.പിയെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതോടെ കെജ്‍രിവാള്‍ യോഗത്തിനെത്തുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ കണക്കുകൂട്ടല്‍.

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ആഭ്യന്തര മന്ത്രി പരമേശ്വര്‍, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവര്‍ യോഗത്തിന്‍റെ ഒരുക്കങ്ങള്‍ വിലയിരുത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പാര്‍ട്ടി നേതാക്കളെ യോഗത്തിലേക്ക് ക്ഷണിച്ചത്. എൻ.സി.പിയിലെ പിളർപ്പും യോഗത്തില്‍ ചർച്ചയാകും. യോഗത്തിന് ശേഷം സോണിയാ ഗാന്ധി നേതാക്കൾക്ക് അത്താഴ വിരുന്നും ഒരുക്കുന്നുണ്ട്.

TAGS :

Next Story