'ഇൻഡ്യ'യുടെ മണിപ്പൂർ സന്ദർശനം നാളെ മുതൽ; 16 പ്രതിപക്ഷ പാർട്ടികളിൽ നിന്നായി 20 എംപിമാർ
ഇ.ടി മുഹമ്മദ് ബഷീർ, എൻ.കെ പ്രേമ ചന്ദ്രൻ, എ.എ റഹീം, മുഹമ്മദ് ഫെെസൽ, സന്തോഷ് കുമാർ എന്നിവരടങ്ങുന്ന എംപിമാരുടെ സംഘം മണിപ്പൂരിലെ കുക്കി മെയ്‌തേയ് ക്യാമ്പുകൾ സന്ദർശിക്കും.
ഡൽഹി: പ്രതിപക്ഷ സഖ്യമായ 'ഇൻഡ്യ'യുടെ മണിപ്പൂർ സന്ദർശനം നാളെയും മറ്റന്നാളും. 16 പ്രതിപക്ഷ പാർട്ടികളിൽ നിന്നായി 20 എംപിമാർ ഡൽഹിയിൽ നിന്ന് പുറപ്പെടും. രാവിലെ 8.55 ന് ഡൽഹിയിൽ നിന്നാണ് വിമാനം. ആദ്യം മലയോര മേഖലകളും പിന്നീട് താഴ്വരയും സന്ദർശിക്കും. ഞായറാഴ്ച രാവിലെ 10 മണിക്ക് പ്രതിപക്ഷ സംഘം ഗവർണറെ കാണും. ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാൽ ഉടൻ പരിഹാരം കാണേണ്ടതുണ്ടെന്ന് കോൺഗ്രസ്.
ഇ.ടി മുഹമ്മദ് ബഷീർ, എൻ.കെ പ്രേമ ചന്ദ്രൻ, എ.എ റഹീം, മുഹമ്മദ് ഫെെസൽ, സന്തോഷ് കുമാർ എന്നിവരടങ്ങുന്ന എംപിമാരുടെ സംഘം മണിപ്പൂരിലെ കുക്കി മെയ്‌തേയ് ക്യാമ്പുകൾ സന്ദർശിക്കും. ഞായാറാഴ്ച്ച പര്യടനം പൂർത്തിയാക്കി രാഷ്ട്രപതിക്കും സർക്കാറിനും റിപ്പോർട്ട് സമർപ്പിക്കും.
എന്നാൽ ഇന്നും മണിപ്പൂർ സംഘർഷം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാർലമെന്‍റിന്‍റെ ഇരു സഭകളിലും പ്രതിപക്ഷ പ്രതിഷേധം നടന്നു. പ്രതിഷേധങ്ങളെ തുടർന്ന് പാർലമെന്‍റിന്‍റെ ഇരു സഭകളും ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിഷേധത്തെ തുടർന്ന് രാജ്യസഭാധ്യക്ഷൻ ക്ഷുഭിതനായി.
തുടർച്ചയായ ഏഴാം ദിനവും പാർലമെന്റിൽ മണിപ്പൂർ സംഘർഷം ചർച്ച ചെയ്യണമെന്ന ആവശ്യമാണ് പ്രതിപക്ഷ പാർട്ടികൾ ഉയർത്തിയത്. പ്രതിപക്ഷ എംപിമാർ നൽകിയ അടിയന്തര പ്രമേയ നോട്ടീസുകൾ തള്ളി ഇരു സഭാധ്യക്ഷന്മാരും അനുമതി നിഷേധിച്ചു.തൃണമൂൽ കോൺഗ്രസ് എം.പി ഡെറിക് ഒബ്രയാൻ്റെ ഇടപെടലിലാണ് ഉപരാഷ്ട്രപതി പ്രകോപിതനായത്. സഭയിൽ നാടകം കളിക്കരുത് എന്ന് ഡെറിക് ഒബ്രെയാനെ താക്കീത് ചെയ്ത ശേഷമാണ് ഇന്നത്തെ സഭാ നടപടികൾ അവസാനിക്കുന്നതായി രാജ്യസഭാ ചെയർമാൻ അറിയിച്ചു.
Adjust Story Font
16