ബിഹാർ ഭരണമാറ്റത്തിൽ ഊർജം വീണ്ടെടുത്ത് പ്രതിപക്ഷം; ഐക്യം ശക്തമാക്കാൻ തിരക്കിട്ട നീക്കങ്ങൾ
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ എന്നിവരുമായി തേജസ്വി യാദവ് കൂടിക്കാഴ്ച നടത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പ് തന്നെയാണ് കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചയായത്.
ബിഹാർ: ബിഹാറിലെ മഹാഗഡ്ബന്ധൻ സർക്കാർ അധികാരത്തിൽ വന്നതോടെ ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യം ശക്തമാക്കാൻ തിരക്കിട്ട നീക്കങ്ങൾ. നിതീഷ് കുമാർ അടുത്ത ദിവസം ഡൽഹിയിൽ എത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ബിജെപിക്കും ആശങ്കയുണ്ട്.
മഹാഗഡ്ബന്ധൻ സർക്കാർ ബിഹാറിൽ അധികാരത്തിൽ എത്തിയതോടെ പ്രതിപക്ഷനിരയിൽ വീണ്ടും ഉണർവുണ്ടായിട്ടുണ്ട്. 2024 ൽ ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തുകയാണ് ലക്ഷ്യം. ഇതിന്റെ മുന്നോടി എന്ന നിലയിൽ കൂടിയാണ് തേജസ്വി യാദവ് ഇന്നലെ ഡൽഹിയിലെത്തിയത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ എന്നിവരുമായി തേജസ്വി യാദവ് കൂടിക്കാഴ്ച നടത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പ് തന്നെയാണ് കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചയായത്.
പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിതീഷ് കുമാറിനെ ഉയർത്തിക്കാട്ടാനുള്ള ചർച്ചകളും നടക്കുന്നുണ്ട്. ഇത് പ്രതിപക്ഷ ചേരിയിൽ വിള്ളൽ ഉണ്ടാക്കാനുള്ള സാധ്യതയും രാഷ്ട്രീയ നിരീക്ഷകർ തള്ളിക്കളയുന്നില്ല. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, എൻസിപി അധ്യക്ഷൻ ശരത് പവാർ എന്നിവരും പ്രധാനമന്ത്രി പദം സ്വപ്നം കാണുന്നവരാണ്. അതേസമയം ശിവസേന, അകാലിദൾ, ജെഡിയു എന്നി മൂന്ന് പാർട്ടികളെയാണ് ബിജെപിക്ക് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നഷ്ടമായത്. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിലെ പ്രകടനത്തെ ഇത് ബാധിക്കുമോ എന്നാണ് ബിജെപിയുടെ ആശങ്ക.
Adjust Story Font
16