അദാനി വിഷയത്തിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം; രാഹുൽ ഗാന്ധിയുടെ ലോക്‌സഭ അംഗത്വം റദാക്കാൻ ബി.ജെ.പി
രാഹുൽ ഗാന്ധിക്കെതിരെ ബിജെപി നടത്തുന്ന പ്രതിഷേധങ്ങൾ അദാനി അടക്കമുള്ള വിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനാണെന്ന് കോൺഗ്രസ്

ഗൗതം അദാനി, രാഹുൽ ഗാന്ധി
ന്യൂഡൽഹി: അദാനി വിഷയത്തിൽ തിങ്കളാഴ്ച മുതൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷ തീരുമാനം. പാർലമെന്റ് പരിസരത്ത് പ്രതിഷേധ ധർണകൾ സംഘടിപ്പിക്കും. വിദേശത്ത് രാജ്യത്തെ അപമാനിച്ചു എന്ന ആരോപണത്തിൽ രാഹുൽ ഗാന്ധിയുടെ ലോക്‌സഭ അംഗത്വം റദാക്കാനാണ് ബിജെപി നീക്കം.
അദാനി വിഷയത്തിൽ പാർലമെന്റിലെ പ്രതിഷേധം പുറത്തേക്ക് കൂടി വ്യാപിപ്പിച്ച് കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം. അദാനി വിഷയത്തിൽ ചർച്ചയും സംയുക്ത പാർലമെന്ററി സമിതി അന്വേഷണവും പ്രഖ്യാപിക്കാതെ പിന്നോട്ടില്ല. കഴിഞ്ഞ 5 ദിവസവും പ്രതിഷേധങ്ങളിൽ സഭ നടപടികൾ തടസപ്പെട്ടു. വരും ദിവസങ്ങളിൽ പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ അടക്കം പ്രതിഷേധങ്ങൾ സംഘടിപ്പിക്കും.
രാഹുൽ ഗാന്ധിക്കെതിരെ ബിജെപി നടത്തുന്ന പ്രതിഷേധങ്ങൾ അദാനി അടക്കമുള്ള വിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനാണെന്നാണ് കോൺഗ്രസ് നിലപാട്. രാഹുലിന്റെ പ്രതിച്ഛായ തകർക്കാൻ ബിജെപി ശ്രമിക്കുന്നതായും കോൺഗ്രസ് ആരോപിക്കുന്നു. ലണ്ടൻ പ്രസംഗത്തിൽ രാഹുൽ ഗാന്ധിയുടെ മാപ്പ് ആവശ്യപ്പെട്ട ബിജെപി പ്രത്യേക പാർലമെന്ററി സമിതി രൂപീകരിച്ച് വിഷയം പരിശോധിക്കണം എന്ന നിലപാടിലാണുള്ളത്.
Adjust Story Font
16