Quantcast

പാര്‍ലമെന്‍റിലെ സുരക്ഷാവീഴ്ച; കോൺഗ്രസിനെ പഴിചാരി കേന്ദ്ര സർക്കാർ

നീലം ആസാദിൻ്റെ രക്ഷിതാക്കൾക്ക് എഫ്ഐആർ പകർപ്പ് നൽകണമെന്ന കോടതി ഉത്തരവിനെതിരെ ഡൽഹി പൊലീസ് ഹൈക്കോടതിയെ സമീപിച്ചു

MediaOne Logo

Web Desk

  • Published:

    22 Dec 2023 7:27 AM GMT

Parliament security breach
X

ഡല്‍ഹി: പാർലമെൻ്റ് സുരക്ഷാ വീഴ്ച ഉയർത്തിയുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ കോൺഗ്രസിനെ പഴിചാരി കേന്ദ്ര സർക്കാർ. പാർലമെന്‍റില്‍ സുരക്ഷാ വീഴ്ച വരുത്തിയവരെ രാഹുൽ ഗാന്ധി പിന്തുണയ്‌ക്കുന്നുവെന്ന് കേന്ദ്രമന്ത്രി പ്രൽഹാദ് ജോഷി ആരോപിച്ചു. നീലം ആസാദിൻ്റെ രക്ഷിതാക്കൾക്ക് എഫ്ഐആർ പകർപ്പ് നൽകണമെന്ന കോടതി ഉത്തരവിനെതിരെ ഡൽഹി പൊലീസ് ഹൈക്കോടതിയെ സമീപിച്ചു.

പാർലമെൻ്റ് സുരക്ഷാ വീഴ്ചയിൽ പിടിയിലായ അഞ്ചാം പ്രതി ലളിത് ഝാ ആണ് പാർലമെൻ്റിൽ അതിക്രമിച്ച് കയറിയ സംഘത്തിൻ്റെ സൂത്രധാരനെന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ആണ് പ്രതിയുടെ കസ്റ്റഡി കാലാവധി പട്യാല ഹൗസ് കോടതി നീട്ടിയത്. 14 ദിവസത്തെ കസ്റ്റഡി അനുവദിക്കണമെന്ന പോലീസ് ആവശ്യം അംഗീകരിച്ച കോടതി അടുത്ത മാസം 5 വരെ ലളിത് ഝായെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസിൽ അറസ്റ്റിലായ ഹരിയാന സ്വദേശി നീലം ആസാദിൻ്റെ ബന്ധുക്കൾക്ക് എഫ്.ഐ.ആറിൻ്റെ പകർപ്പ് നൽകാൻ വിചാരണ കോടതി ആണ് ഉത്തരവിട്ടത്. എഫ്.ഐ.ആർ പകർപ്പ് നൽകുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നാണ് ഡൽഹി പൊലീസ് നിലപാട്. ഇക്കാരണം ഉയർത്തിയാണ് വിചാരണ കോടതി ഉത്തരവിന് എതിരെ പൊലീസ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.

പാർലമെൻ്റിലെ സുരക്ഷാ വീഴ്ച സംബന്ധിച്ച് സഭയിൽ ഉണ്ടായ പ്രതിപക്ഷ പ്രതിഷേധത്തിന് കാരണം കോൺഗ്രസാണെന്ന് കേന്ദ്ര സർക്കാർ ആരോപണം ഉന്നയിച്ചിട്ടുണ്ട്. പാർലമെൻ്റിൽ അതിക്രമിച്ച് കയറിയവരെ രാഹുൽ ഗാന്ധി പിന്തുണയ്ക്കുകയാണ് എന്ന് കേന്ദ്ര പാർലമെൻ്ററികാര്യ മന്ത്രി പ്രൽഹാദ് ജോഷി കുറ്റപ്പെടുത്തി. ഭരണഘടനയെയും ഭരണഘടന സ്ഥാപനങ്ങളെയും അംഗീകരിക്കാത്തവരെ കോൺഗ്രസ് പിന്തുണയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേസിൽ അറസ്റ്റിലായ പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ കണ്ടെത്തുന്നതിനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികൾ തമ്മിൽ നടത്തിയ ആശയ വിനിമയം വീണ്ടെടുക്കാനുള്ള ശ്രമവും ഊർജിതമാക്കിയിട്ടുണ്ട്.

TAGS :

Next Story