Quantcast

വിലക്ക് വെറും വാചകമടി, ഉത്തരവിറങ്ങിയില്ല; സൗത്ത് ഡൽഹിയിൽ ഇറച്ചിക്കടകൾ തുറന്നു

ഡൽഹിയിലെ പ്രധാന വിപണനകേന്ദ്രമായ ഐഎൻഎ മാർക്കറ്റാണ് തുറന്നത്

MediaOne Logo

Web Desk

  • Published:

    6 April 2022 1:05 PM GMT

വിലക്ക് വെറും വാചകമടി, ഉത്തരവിറങ്ങിയില്ല; സൗത്ത് ഡൽഹിയിൽ ഇറച്ചിക്കടകൾ തുറന്നു
X

നവരാത്രി കാലത്ത് ഇറച്ചിക്കട തുറക്കുന്നത് വിലക്കുമെന്ന സൗത്ത് ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ മേയറുടെ പ്രസ്താവന ഉത്തരവായില്ല, പ്രദേശത്ത് ഇറച്ചിക്കടകൾ തുറന്നു. ഡൽഹിയിലെ പ്രധാന വിപണനകേന്ദ്രമായ ഐഎൻഎ മാർക്കറ്റാണ് തുറന്നത്. നവരാത്രി പ്രമാണിച്ച് തിങ്കളാഴ്ച മുതൽ ഇറച്ചിക്കടകൾ അടച്ചിടുന്നത് ഉറപ്പാക്കണമെന്ന് സൗത്ത് ഡൽഹി കോർപ്പറേഷൻ മേയർ മുകേഷ് സൂര്യൻ മുൻസിപ്പിൽ കമ്മീഷണറോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത്തരം ഉത്തരവ് ഒന്നും ലഭിക്കാത്തതിനാലാണ് ഇന്നലെ അടച്ച കടകൾ വീണ്ടും തുറന്നതെന്ന് വ്യാപാരികൾ പറഞ്ഞു.



'കഴിഞ്ഞ 40 കൊല്ലമായി ഞങ്ങൾ ഇവിടെ കട നടത്തുന്നു. ഇന്നലെ ആവശ്യപ്പെട്ടത് പോലെ കട അടയ്ക്കണമെന്ന് ആരും ഇതുവരെ പറഞ്ഞിട്ടില്ല' കച്ചവടക്കാരിലൊരാളായ കൃഷ്ണ കുമാർ പറഞ്ഞു. കട തുറന്നില്ലെങ്കിൽ സ്‌റ്റോക് നശിക്കുമെന്നും 40 കടകളിലായി ആയിരത്തോളം പേർ ജോലി ചെയ്യുന്നുണ്ടെന്നും അവർ എവിടെ പോകുമെന്നും അദ്ദേഹം പറഞ്ഞു. സാധാരണ ലോക്ഡൗണുകളിൽ തങ്ങൾക്ക് ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റിൽ നിന്നോ സബ് ഡിവിഷനൽ മജിസ്‌ട്രേറ്റിൽനിന്നോ ഉത്തരവ് ലഭിക്കാറുണ്ടെന്നും ഈ പ്രാവശ്യം ഒന്നും ലഭിച്ചിട്ടില്ലെന്നും ഐഎൻഎ മാർക്കറ്റ് അസോസിയേഷൻ തലവൻ രമേഷ് ഭൂട്ടാനി വ്യക്തമാക്കി.



നവരാത്രി പ്രമാണിച്ച് ഏപ്രിൽ 11 വരെ ഇറച്ചിക്കടകൾ തുറക്കാൻ അനുവദിക്കില്ലെന്നാണ് എസ്ഡിഎംസി അറിയിച്ചിരുന്നത്. മുൻസിപ്പൽ കമ്മീഷണർക്ക് ഇതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് കാണിച്ച് മേയർ കത്തെഴുതിയിരുന്നു. എന്നാൽ ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയിരുന്നില്ല. മേയറുടെ നിർദേശത്തെ കോൺഗ്രസും ആംആദ്മി പാർട്ടിയും നിശിതമായി വിമർശിച്ചിരുന്നു. ഇത്തരം ഉത്തരവ് പുറപ്പെടുവിക്കാൻ കമ്മീഷണർക്കാണ് അധികാരമെന്നും മേയറുടേത് വാർത്തയിൽ ഇടപിടിക്കാനും നേതാക്കളെ പ്രീണിപ്പിക്കാനുമുള്ള ശ്രമമാണെന്നും കോൺഗ്രസ് വൈസ് പ്രസിഡൻറ് അഭിഷേക് ദത്ത് വിമർശിച്ചു. ഡൽഹിയിൽ ഇത്തരം നിയമം കൊണ്ടുവരും മുമ്പ് ബിജെപി അധികാരത്തിലുള്ള യുപിയിലോ ഹരിയാനയിലോ കൊണ്ടുവരണമെന്ന് എഎപി നേതാവ് ദുർഗേഷ് പഥക് ആവശ്യപ്പെട്ടു. എസ്ഡിഎംസിക്ക് കീഴിൽ 1500 ഇറച്ചിക്കടകാളാണ് പ്രവർത്തിക്കുന്നത്. നവരാത്രിയിൽ കട തുറക്കരുതെന്ന് ആദ്യമായാണ് ആവശ്യപ്പെടുന്നത്.



ഡൽഹിയിൽ മാത്രമല്ല, രാജ്യത്തെല്ലായിടത്തും നവരാത്രി വേളയിൽ ഇറച്ചിക്കടകൾ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽനിന്നുള്ള ബിജെപി എം.പി പർവേശ് സാഹിബ് സിങ് വർമ രംഗത്തെത്തിയിരുന്നു. നവരാത്രിയിൽ ഇറച്ചിക്കടകൾ അടയ്ക്കണമെന്ന സൗത്ത് ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ മേയറുടെ ഉത്തരവിനെ പിന്തുണച്ചായിരുന്നു എംപിയുടെ അഭിപ്രായപ്രകടനം. 'സൗത്ത് എംസിഡിയുടെ ഉത്തരവിനെ ഞാൻ സ്വാഗതം ചെയ്യുന്നു. ഡൽഹിയിലെ മറ്റു എംസിഡികളിലും(ഈസ്റ്റ്, നോർത്ത്) ഈ നിയമം പിന്തുടരണം. രാജ്യത്തെല്ലായിടത്തും വേണം' ബിജെപി ഭരിക്കുന്ന കോർപ്പറേഷനിലെ മേയറെ പിന്തുണച്ച് അദ്ദേഹം പറഞ്ഞു.അസദുദ്ദീൻ ഉവൈസിയെ പോലെയുള്ള നേതാക്കളുടെ പ്രകോപന പ്രസ്താവനകൾ മുസ്ലിംകൾ ചെവി കൊള്ളരുതെന്നും ഹിന്ദു ആഘോഷത്തെ മാനിക്കണമെന്നും കോർപ്പറേഷൻ തീരുമാനം സ്വാഗതം ചെയ്യണമെന്നും വെസ്റ്റ് ഡൽഹി ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള വർമ ഉപദേശിച്ചു. മുസ്ലിംകളുടെ ആഘോഷം വരുമ്പോൾ മറ്റുള്ളവരും മാനിക്കണമെന്നും എംപി പറഞ്ഞു.



ഹിന്ദുക്കളുടെ ആഘോഷ പരിപാടിയായ നവരാത്രിയുടെ ഭാഗമായി ഡൽഹിയിലെ വിവിധ പ്രദേശങ്ങളിൽ ഇറച്ചിക്കടകൾ നിരോധിച്ചതിനെ രൂക്ഷമായി വിമർശിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. തനിക്ക് ഇഷ്ടമുള്ളപ്പോൾ മാംസം കഴിക്കാനും കടയുടമയ്ക്ക് അവന്റെ കച്ചവടം നടത്താനും ഭരണഘടന അനുവാദം നൽകുന്നുണ്ടെന്ന് അവർ ട്വിറ്ററിൽ കുറിച്ചു.

The order was not issued; Butcher shops opened in South Delhi

TAGS :

Next Story