തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഒ. പന്നീർശെൽവത്തിന് ചിഹ്നം ചക്ക; ഒപ്പം നാല് അപരന്മാരും
ബക്കറ്റ്, ചക്ക, മുന്തിരി എന്നിവയിലേതെങ്കിലും ഒരു ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഒ. പന്നീർശെൽവം തെരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ സമര്‍പ്പിച്ചത്
ചെന്നൈ: രാമനാഥപുരത്ത് നിന്ന് സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കുന്ന തമിഴ്‌നാട് മുൻമുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായിരുന്ന ഒ. പന്നീർശെൽവത്തിന് അനുവദിച്ച ചിഹ്നം ചക്ക.
ബക്കറ്റ്, ചക്ക, മുന്തിരി എന്നിവയിലേതെങ്കിലും ഒരു ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഒ. പന്നീർശെൽവം തെരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ സമര്‍പ്പിച്ചത്. തുടര്‍ന്നാണ് ചക്ക ചിഹ്നം അനുവദിച്ചത്.
ബക്കറ്റ് ചിഹ്നത്തിന് പ്രഥമ പരിഗണന വേണമെന്നായിരുന്നു പന്നീർശെൽവത്തിന്റെ ആവശ്യം. എന്നാൽ ഇതേ മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന മറ്റൊരു സ്വതന്ത്ര സ്ഥാനാർത്ഥിയും ബക്കറ്റ് ചിഹ്നം ആവശ്യപ്പെട്ടതോടെ മുൻഗണനാ ക്രമത്തിൽ ആ സ്ഥാനാർത്ഥിക്ക് അനുവദിക്കുകയായിരുന്നു.
ഇതോടെ ഒരു മണിക്കൂറോളം തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ കാത്തിരുന്ന പന്നീർശെൽവത്തിന് ഒടുവിൽ ചക്ക ചിഹ്നം അനുവദിക്കുകയായിരുന്നു. രാമനാഥപുരത്തുനിന്ന് പന്നീർശെൽവം എന്ന പേരിൽ അഞ്ച് സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്.
അതേസമയം മൂന്ന് പ്രധാന പഴങ്ങളായ മാങ്ങ, ചക്ക, വാഴപ്പഴം എന്നിവയിലൊന്നായ ചക്ക ഞങ്ങളുടെ ചിഹ്നമായി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ചിഹ്നം ഏതായാലും പന്നീർശെൽവം വിജയിക്കുമെന്ന് അദ്ദേഹത്തിന്റെ അനുയായികൾ പറയുന്നു.
പ്രധാന പാർട്ടി സ്ഥാനാർത്ഥികൾക്ക് പുറമെ ജനവിധി തേടുന്ന സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്കൊക്കെ ചിഹ്നം അനുവദിച്ചുകഴിഞ്ഞു. അതേസമയം, രാമനാഥപുരം മണ്ഡലത്തിൽ ആകെ 56 നാമനിർദേശ പത്രികകളാണ് സമർപ്പിച്ചത്. അതിൽ 27 സ്ഥാനാർത്ഥികളുടേത് സൂക്ഷ്മപരിശോധനയ്ക്ക് ശേഷം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അംഗീകരിച്ചു.
Adjust Story Font
16