Quantcast

200 മരം നടൂ, ജാമ്യം തരാം; പോക്‌സോ കേസ് പ്രതിയോട് ഒഡീഷ ഹൈക്കോടതി

മഴക്കാലമെത്തുന്നതിന് മുമ്പ് മരം നടണമെന്നും അത് പരിപാലിക്കണമെന്നുമാണ് കോടതി ഉത്തരവ്

MediaOne Logo

Web Desk

  • Published:

    8 May 2024 10:03 AM GMT

Orissa HC grants bail to man on terms of planting 200 trees
X

ഭുവനേശ്വർ: 200 മരങ്ങൾ നടണമെന്ന വ്യവസ്ഥയിൽ പോക്‌സോ കേസ് പ്രതിക്ക് ജാമ്യം അനുവദിച്ച് ഒഡീഷ ഹൈക്കോടതി. കട്ടക് സ്വദേശിയായ കാർത്തിക് മജ്ഹി എന്നയാൾക്കാണ് വിചിത്ര നിബന്ധനയോടെ കോടതി ജാമ്യം അനുവദിച്ചത്. കാർത്തിക്കിന്റെ ഗ്രാമത്തിലുടനീളം മാവ്, പുളി എന്നിങ്ങനെയുള്ള വൻമരങ്ങൾ നടണമെന്നാണ് നിർദേശം.

2023 നവംബർ 19നാണ് കാർത്തിക്കിനെ കൊക്‌സാര പൊലീസ് അറസ്റ്റ് ചെയ്യുന്നത്. വീട്ടിൽ അതിക്രമിച്ചു കയറൽ, ലൈംഗിക പീഡനം, പോക്‌സോ, ആത്മഹത്യാ പ്രേരണക്കുറ്റം എന്നീ വകുപ്പുകൾ ചുമത്തിയായിരുന്നു അറസ്റ്റ്. കാർത്തിക്ക് ഉൾപ്പടെ ആറ് പേർ പെൺകുട്ടിയെ പീഡനത്തിനിരയാക്കുകയും തുടർന്ന് പെൺകുട്ടി ആത്മഹത്യ ചെയ്യുകയും ചെയ്തുവെന്ന കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസ് ഭവാനിപട്‌നയിലെ അഡീഷണൽ സെഷൻസ് കോടതിയുടെ പരിഗണനയിലിരിക്കെ ഈ വർഷം ഫെബ്രുവരി 20ന് കാർത്തിക്ക് ജാമ്യാപേക്ഷ സമർപ്പിച്ചു.

ഈ അപേക്ഷയിലാണ് മരം നടണമെന്ന വ്യവസ്ഥയിൽ കോടതി ജാമ്യം അനുവദിച്ചത്. മഴക്കാലമെത്തുന്നതിന് മുമ്പ് മരം മുഴുവൻ നടണമെന്നും അത് മുഴുവൻ കാർത്തിക് പരിപാലിക്കണമെന്നുമാണ് കോടതി ഉത്തരവ്. കാലഹണ്ടിയിലെ അംപാനി പൊലീസ് സ്റ്റേഷനാണ് മേൽനോട്ട ചുമതല. മരം നടാൻ കാലഹണ്ടി ജില്ലാ നഴ്‌സറിയുടെ സഹായം തേടാനും കോടതി നിർദേശിച്ചിട്ടുണ്ട്. എല്ലാ ആഴ്ചയും രാവിലെ 10നും ഉച്ചയ്ക്ക് 1 മണിക്കുമിടയ്ക്ക് പൊലീസ് സ്റ്റേഷനിൽ ഇയാൾ ഹാജരാവുകയും വേണം.

TAGS :

Next Story