'പാപിയെയല്ല; പാപത്തെയാണ് വെറുക്കേണ്ടത്'; ആറു വയസുകാരിയുടെ പീഡനക്കൊലയിൽ പ്രതിക്ക് വധശിക്ഷയിൽ ഇളവ് നൽകി കോടതി
ഒഡിഷ ഹൈക്കോടതിയാണ് ആറു വയസുകാരിയെ പീഡിപ്പിച്ചു മരണത്തിനിടയാക്കിയ സംഭവത്തില്‍ പ്രതിക്ക് വധശിക്ഷ മാറ്റി ജീവപര്യന്തമാക്കി ഇളവ് നൽകിയത്
ഭുവനേശ്വർ: ആറു വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ വധശിക്ഷയിൽ ഇളവ് നൽകി ഒഡിഷ ഹൈക്കോടതി. ജീവപര്യന്തമാക്കിയാണു ശിക്ഷയില്‍ ഇളവ് നൽകിയത്. എല്ലാ വിശുദ്ധനും ഒരു ഭൂതകാലവും എല്ലാ പാപിക്കും ഭാവിയുമുണ്ടെന്നും പാപിയെയല്ല, പാപത്തെയാണു മനുഷ്യർ വെറുക്കേണ്ടതെന്നും നിരീക്ഷിച്ചായിരുന്നു കോടതി വിധിയെന്ന് 'ലൈവ് ലോ' റിപ്പോർട്ട് ചെയ്തു.
ജസ്റ്റിസുമാരായ സങ്കം കുമാർ സാഹു, രാധാകൃഷ്ണ പട്‌നായിക് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസിൽ വിധിപറഞ്ഞത്. പ്രതി സ്വയം നവീകരിക്കാനോ കുറ്റകൃത്യ മനോഭാവങ്ങളിൽനിന്നു മാറാനോ സാധ്യതയില്ലെന്നു വ്യക്തമാക്കുന്ന കൗൺസൽ റിപ്പോർട്ടുകളൊന്നും തങ്ങൾക്കു കിട്ടിയിട്ടില്ലെന്ന് ബെഞ്ച് പറഞ്ഞു. എല്ലാ വിശുദ്ധനും ഒരു ഭൂതകാലവുംം എല്ലാ പാപിക്കും ഭാവിയുമുണ്ടെന്നു പറയുന്നത്, ഏതു കൊടും കുറ്റകൃത്യത്തിൽ ഏർപ്പെട്ടയാളും നവീകരിക്കാൻ സാധ്യതയുണ്ടെന്നാണു സൂചിപ്പിക്കുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി.. പാപിയെയല്ല, പാപത്തെയാണു മനുഷ്യൻ വെറുക്കേണ്ടത്. ജീവപര്യന്തത്തിൽ ഇനിയും ജീവിതം ബാക്കിനിൽക്കുമ്പോൾ വധശിക്ഷയിൽ മരണം മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു.
2018 ഏപ്രിൽ 21നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സംഭവദിവസം വൈകീട്ട് പെൺകുട്ടിയെ വീട്ടിൽ കാണാതായതോടെ മുത്തച്ഛനും മറ്റു ബന്ധുക്കളും സമീപപ്രദേശങ്ങളിലെല്ലാം വ്യാപകമായി തിരച്ചിൽ നടത്തി. ഇതിനിടെ, പ്രദേശത്തെ സ്‌കൂളിന്റെ വരാന്തയിൽ നഗ്നയായി കിടക്കുന്ന കുട്ടിയെയാണു കണ്ടെത്തിയിട്ടുണ്ടെന്ന വിവരം ബന്ധുക്കൾക്കു ലഭിച്ചു. ഇവർ ഉടൻ സ്‌കൂളിലെത്തിയപ്പോഴേക്കും കുട്ടിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചിരുന്നു.
ആരോഗ്യനില വഷളായതോടെ കുട്ടിയെ കട്ടക്കിലെ എസ്.സി.ബി മെഡിക്കൽ കോളജിലേക്കു മാറ്റി. ഇവിടെ ഏതാനും ദിവസങ്ങൾ അതീവ ഗുരുതരാവസ്ഥയിൽ കഴിഞ്ഞ ശേഷം മരണത്തിനു കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ അധികം വൈകാതെ പ്രതി അറസ്റ്റിലായി. പ്രതി പരിസരത്തുള്ള കടയിൽ കുട്ടിയെ കൊണ്ടുപോയി മിഠായി വാങ്ങിച്ചു നൽകിയാണു ക്രൂരമായി പീഡിപ്പിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നു ചൂണ്ടിക്കാട്ടി കട്ടക്കിലെ കുട്ടികളുടെ കോടതിയിലെ അഡിഷനൽ സെഷൻസ് കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. ശിക്ഷയിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ടാണു കഴിഞ്ഞ ദിവസം പ്രതി ഹൈക്കോടതിയെ സമീപിച്ചത്.
Summary: 'Human endeavour should be to hate sin and not the sinner': Orissa High Court reduces death sentence of man convicted for rape and murder of minor girl
Adjust Story Font
16