രാഹുൽ ഗാന്ധിക്ക് പ്രവേശനാനുമതി നിഷേധിച്ച് ഉസ്മാനിയ സർവകലാശാല; പ്രതിഷേധം
കാംപസിനകത്ത് പ്രതിഷേധിച്ച 18 എൻ.എസ്.യു.ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു
ഹൈദരാബാദ്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് സന്ദർശനാനുമതി നിഷേധിച്ച് ഉസ്മാനിയ സർവകലാശാല. അധികൃതരുടെ നടപടിയിൽ നാഷനൽ സ്റ്റുഡന്റ്‌സ് യൂനിയൻ ഓഫ് ഇന്ത്യ(എൻ.എസ്.യു.ഐ)യുടെ നേതൃത്വത്തിൽ വൻ പ്രതിഷേധമാണ് കാംപസിൽ നടക്കുന്നത്. സമരം നടത്തിയ വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
ഈ മാസം ആറ്, ഏഴ് തിയതികളിൽ തെലങ്കാനയിലെ വാറങ്കലിൽ കോൺഗ്രസ് മഹാസമ്മേളനം നടക്കുന്നുണ്ട്. അഞ്ചുലക്ഷത്തോളം പ്രവർത്തകർ പങ്കെടുക്കുമെന്ന് സംഘാടകർ അവകാശപ്പെടുന്ന പരിപാടിയിൽ സംബന്ധിക്കാനാണ് രാഹുൽ ഗാന്ധി എത്തുന്നത്. ഇതിനിടയിൽ ഉസ്മാനിയ സർവകലാശാലാ കാംപസിൽ വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്താൻ നിശ്ചയിച്ചിരുന്നു. ഇതിനാണ് സർവകലാശാലാ വൃത്തങ്ങൾ അനുമതി നിഷേധിച്ചിരിക്കുന്നത്.
കാംപസിനകത്ത് രാഷ്ട്രീയ പരിപാടികൾ അനുവദിക്കില്ലെന്നാണ് അനുമതി നിഷേധിക്കാൻ കാരണമായി അധികൃതർ നൽകുന്ന വിശദീകരണം. കാംപസിൽ രാഷ്ട്രീയ യോഗങ്ങൾ ഉൾപ്പെടെയുള്ള അക്കാദമികേതരമായ മുഴുവൻ പരിപാടികളും വിലക്കിക്കൊണ്ട് 2017ൽ സർവകലാശാലാ നിർവാഹക സമിതി പ്രമേയം പാസാക്കിയതാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി. എന്നാൽ, കഴിഞ്ഞ മാസം 23ന് അനുമതി തേടി സമർപ്പിച്ച അപേക്ഷയിൽ രാഷ്ട്രീയ പരിപാടിയല്ലെന്ന് വ്യക്തമാക്കിയതാണെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു.
അതേസമയം, രാഹുൽ ഗാന്ധിയുടെ ഇന്ററാക്ഷനുമായി മുന്നോട്ടുപോകുമെന്ന നിലപാടിലാണ് കോൺഗ്രസ് സംസ്ഥാന നേതൃത്വം. കെ. ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള ടി.ആർ.എസ് സർക്കാരാണ് നടപടിക്കു പിന്നിലുള്ളതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. കെ.സി.ആറും കെ.ടി.ആറും സംഘങ്ങളുമെല്ലാം എന്തിനാണ് ഇങ്ങനെ രാഹുൽ ഗാന്ധിയെ ഭയക്കുന്നതെന്ന് രേവന്ത് റെഡ്ഡി എം.പി ചോദിച്ചു.
പരിപാടിക്ക് അനുമതി ആവശ്യപ്പെട്ട് കാംപസിനകത്ത് സമരം നടത്തിയ 18 എൻ.എസ്.യു.ഐ പ്രവർത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥികൾ സമരത്തിനിടയിൽ കല്ലെറിഞ്ഞെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.
Summary: Hyderabad's Osmania University denies Rahul Gandhi permission to visit campus
Adjust Story Font
16