നൂറിലധികം ചൈനീസ് സൈനികർ അതിർത്തി കടന്ന് ഉത്തരാഖണ്ഡിൽ; പാലം തകർത്ത് മടങ്ങി
സ്ഥലത്തു ഇന്ത്യൻ സൈന്യത്തിന്റെ സാന്നിധ്യം ഇല്ലാതിരുന്നത് ചൈനീസ് പട്ടാളത്തിനു അനുകൂല സാഹചര്യം സൃഷ്ടിക്കുകയായിരുന്നു.
നൂറിലധികം ചൈനീസ് പട്ടാളക്കാർ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം 30 ന് ഉത്തരാഖണ്ഡിലെ ബരാഹോട്ടിയിലെ ഇന്ത്യൻ പ്രദേശത്തേക്കാണ് ചൈനീസ് സൈന്യം നുഴഞ്ഞു കയറിയത്. 55 കുതിരകളുമായി എത്തിയ സൈന്യം സ്ഥലത്തെ പാലം ഉൾപ്പെടെ നാശനഷ്ടമുണ്ടാക്കിയതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മൂന്നു മണിക്കുറോളം സ്ഥലത്തു ചൈനീസ് സൈന്യം ചെലവഴിച്ചുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ സ്ഥലത്തു ഇന്ത്യൻ സൈന്യത്തിന്റെ സാന്നിധ്യം ഇല്ലാതിരുന്നത് ചൈനീസ് പട്ടാളത്തിനു അനുകൂല സാഹചര്യം സൃഷ്ടിക്കുകയായിരുന്നു. എന്നാൽ ചൈനീസ് സൈന്യത്തിന്റെ നുഴഞ്ഞു കയറ്റം സുരക്ഷാ വീഴ്ചയാണെന്ന ആരോപണങ്ങൾ ഉയരുന്നുണ്ട്.
എന്നാൽ നുഴഞ്ഞു കയറ്റമറിഞ്ഞ് ഇന്ത്യൻ സൈന്യം എത്തിയപ്പോഴേക്കും ചൈനീസ് പട്ടാളം സ്ഥലം വിടുകയായിരുന്നു. നിയന്ത്രണ രേഖയുടെ ഭാഗമായ ഉത്തരാഖണ്ഡിലെ 350 കിലോമീറ്റർ അതിർത്തി ഐടിബിപിയുടെ നിരീക്ഷണത്തിലാണ്. എന്നാൽ അപ്രതീക്ഷിതമായ കടന്നു കയറ്റം രാജ്യത്തെ ആശങ്കയിലാക്കിരിക്കുകയാണ്.
അതേസമയം ചൈനീസ് കടന്നുകയറ്റത്തെ കുറിച്ച് അറിവില്ലെന്നാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി അറിയിച്ചത്. നിയന്ത്രണ രേഖയെ സംബന്ധിച്ചുള്ള ഇന്ത്യൻ, ചൈനീസ് ധാരണകൾ വ്യത്യസ്തമായതിനാലാണ് കടന്നുക്കയറ്റങ്ങളുണ്ടാകാന്‍ കാരണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അടുത്തിടെ സിൻജിയാങ് മേഖലയിൽ ചൈന രാത്രിയിൽ യുദ്ധ പരിശീലനം നടത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതേസമയം അതിർത്തിയിലെ ചൈനീസ് പ്രകോപനത്തിനു പിന്നാലെ ഇന്ത്യ സൈനിക ശേഷി വർധിപ്പിച്ചിട്ടുണ്ട്.
Adjust Story Font
16