ജീവനുള്ള 107 ചിലന്തികള്‍; പോളണ്ടില്‍ നിന്ന് ചെന്നൈയിലേക്ക് വന്ന പാഴ്സലില്‍ അന്വേഷണം
പോളണ്ടിൽ നിന്ന് ചെന്നൈ വിമാനത്താവളത്തിലെത്തിയ പാഴ്സല്‍ സംശയം തോന്നി തുറന്ന് നോക്കിയപ്പോഴാണ് സംഭവം പുലിവാലാണെന്ന് അധികൃതര്‍ക്ക് ബോധ്യമായത്
രാജ്യത്തെ എയര്‍പോര്‍ട്ടുകളില്‍ നിന്ന് സ്വര്‍ണക്കടത്തടക്കമുള്ള വാര്‍ത്തകള്‍ സ്ഥിരമായി പുറത്തുവരാറുണ്ട്. എന്നാല്‍ ഇത്തവണ പുറത്തുവരുന്നത് അല്‍പം വ്യതസ്തമായ വാര്‍ത്തയാണ്. സംഭവം മറ്റൊന്നുമല്ല, ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസ് പിടികൂടിയ ചിലന്തിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.
പോളണ്ടിൽ നിന്ന് ചെന്നൈ വിമാനത്താവളത്തിലെത്തിയ പാഴ്സല്‍ സംശയം തോന്നി തുറന്ന് നോക്കിയപ്പോഴാണ് സംഭവം പുലിവാലാണെന്ന് അധികൃതര്‍ക്ക് ബോധ്യമായത്. ജീവനുള്ള 107 ചിലന്തികളെയാണ് പാഴ്സല്‍ പരിശോധനയില്‍ കസ്റ്റംസ് കണ്ടെത്തിയത്. തമിഴ്നാട്ടിലെ അരുപ്പുക്കൊട്ട് സ്വദേശിക്ക് വന്ന പാഴ്സലാണ് ദുരൂഹതക്ക് വഴിമരുന്നിട്ടത്. ചിലന്തികള്‍ക്കൊപ്പം വെള്ളിക്കടലാസിലും പഞ്ഞിയിലും പൊതിഞ്ഞ 107 മരുന്നുകുപ്പികളും പാഴ്സലില്‍ നിന്ന് കസ്റ്റംസ് കണ്ടെടുത്തു. ഓരോ മരുന്നുകുപ്പികളിലും ഓരോ ചിലന്തികള്‍ വീതമാണുണ്ടായിരുന്നത്.
വൈൽഡ്‌ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയും ജന്തുശാസ്ത്ര വകുപ്പ് ശാസ്ത്രജ്ഞന്മാരും ചേര്‍ന്ന് നടത്തിയ പരിശോധനയിൽ അമേരിക്ക, മെക്സിക്കോ എന്നീ രാജ്യങ്ങളില്‍ കാണപ്പെടുന്ന ഇനം ചിലന്തികളാണ് ഇവയെന്ന് കണ്ടെത്തിയിട്ടുണ്ട്. ചിലന്തികളെ പോളണ്ടിലേക്ക് തന്നെ തിരികെ അയക്കാന്‍ അധികൃതകര്‍ നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവത്തില്‍ കസ്റ്റംസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Adjust Story Font
16