ആറ് മണിക്കൂറിനിടെ ഒറ്റ വേദിയിൽ വിവാഹിതരായത് 2,143 ദമ്പതികൾ; ലോകറെക്കോർഡ് നേടി ഒരു സമൂഹവിവാഹം
ഹിന്ദു, മുസ്‌ലിം വിവാഹങ്ങളാണ് വേദിയിൽ നടന്നത്.
ജയ്പൂർ: പലയിടത്തും സമൂഹവിവാഹങ്ങൾ നാം കണ്ടിട്ടുണ്ട്. എന്നാൽ ലോകറെക്കോർഡ് നേടിയൊരു സമൂഹവിവാഹത്തിനാണ് രാജസ്ഥാനിലെ ബാരൻ സാക്ഷിയായത്. 2000ഓളം ദമ്പതികളാണ് ഒറ്റ ദിവസം ഒരേ വേദിയിൽ വിവാഹിതരായത്. ആറു മണിക്കൂറിനിടെ നടന്ന ഈ സമൂഹവിവാഹം ഗിന്നസ് വേൾഡ് റെക്കോർഡിന് അർഹമാവുകയും ചെയ്തു. മെയ് 26നായിരുന്നു വിവാഹം.
12 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ ദമ്പതികൾ വിവാഹിതരായി എന്ന ലോക റെക്കോർഡാണ് ഇവർ സ്ഥാപിച്ചതെന്ന് ഗിന്നസ് ലോക റെക്കോർഡ് അധികൃതർ പറയുന്നു. 2013ൽ 963 യെമൻ ദമ്പതികൾ നേടിയ 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ വിവാഹം എന്ന റെക്കോർഡാണ് ഇവർ തകർത്തത്.
ഹിന്ദു, മുസ്‌ലിം വിവാഹങ്ങളാണ് വേദിയിൽ നടന്നത്. ശ്രീ മഹാവീർ ഗോശാല കല്യാൺ സൻസ്ഥാൻ എന്ന രജിസ്റ്റേഡ് ട്രസ്റ്റാണ് സമൂഹവിവാഹ പരിപാടി സംഘടിപ്പിച്ചത്. നിരാലംബരുടെ വിവാഹം സുഗമമാക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യമെന്ന് ട്രസ്റ്റ് പറയുന്നു.
2,413 ദമ്പതികളാണ് ആറ് മണിക്കൂറിനുള്ളിൽ വിവാഹിതരായത്. 'ഓരോ ദമ്പതികളുടെയും വിവാഹം അവരുടെ സമുദായത്തിൽ നിന്നുള്ള പുരോഹിതനോ ഉദ്യോഗസ്ഥനോ ആണ് നടത്തിയത്. ഹിന്ദു പുരോഹിതന്മാർ ഗായത്രി പരിവാറിൽ നിന്നാണ് വന്നത്. അതേസമയം സമീപ പ്രദേശങ്ങളിൽ നിന്ന് മുസ്‌ലിം ഖാസിമാരെ ക്ഷണിച്ചിരുന്നു'- വെബ്‌സൈറ്റ് പറയുന്നു.
ചടങ്ങുകൾക്കു ശേഷം, വേദിയിലുണ്ടായിരുന്ന സർക്കാർ പ്രതിനിധികളിൽ നിന്ന് ഓരോ ദമ്പതികൾക്കും വിവാഹ സർട്ടിഫിക്കറ്റ് ലഭിച്ചു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും മന്ത്രി പ്രമോദ് ജെയിൻ ഭയയും ദമ്പതികൾക്ക് അനുഗ്രഹം നൽകി.
മണവാട്ടിമാർക്കുള്ള ആഭരണങ്ങൾ കൂടാതെ മെത്ത, അടുക്കള പാത്രങ്ങൾ, ടെലിവിഷൻ, റഫ്രിജറേറ്റർ, കൂളർ, ഇൻഡക്ഷൻ കുക്കർ തുടങ്ങിയ വീട്ടുപകരണങ്ങൾ ഉൾപ്പെടെയുള്ള സമ്മാനങ്ങളും ഓരോ ദമ്പതികൾക്കും ട്രസ്റ്റ് നൽകി. നവദമ്പതികൾക്കും ആയിരക്കണക്കിന് അതിഥികൾക്കും ഭക്ഷണവും വിതരണം ചെയ്തു.
Adjust Story Font
16