ആയുധങ്ങളുമായി എത്തിയത് നൂറോളം പേർ, വിവാഹനിശ്ചയ ദിവസം യുവതിയെ വീട്ടിൽകയറി തട്ടിക്കൊണ്ടുപോയി: വീഡിയോ
നിരന്തരം ശല്യം ചെയ്‌തിരുന്ന നവീൻ റെഡ്ഡി എന്നയാളാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്ന് യുവതിയുടെ മാതാപിതാക്കൾ ആരോപിച്ചു
ഹൈദരാബാദ്: തെലങ്കാനയിൽ വീടിനുള്ളിൽ അതിക്രമിച്ച് കയറിയ സംഘം 24കാരിയായ വനിതാ ദന്ത ഡോക്ടറെ തട്ടിക്കൊണ്ടുപോയി. രംഗ റെഡ്ഡി ജില്ലയിലെ അദിബത്ലയിലെ വീട്ടിലാണ് നൂറോളം ആളുകൾ ഇരച്ചുകയറി യുവതിയെ ബലമായി പിടിച്ചുകൊണ്ടുപോയത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ യുവതിയെ പൊലീസ് സുരക്ഷിതമായി മോചിപ്പിച്ചു. സംഭവത്തിൽ ചിലരെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തു. മറ്റ് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
ഹൈദരാബാദിന് സമീപം രംഗ റെഡ്ഡി ജില്ലയിലെ ആദിബത്‌ല ഗ്രാമത്തിൽ ഹൗസ് സർജനായി ജോലി ചെയ്തുവരികയായിരുന്നു വൈശാലി. യുവതിയുടെ വിവാഹനിശ്ചയ ദിവസമാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. നൂറോളം യുവാക്കൾ വീടിനുള്ളിൽ അതിക്രമിച്ചുകയറി മകളെ ബലമായി പിടിച്ചുകൊണ്ട് പോവുകയായിരുന്നു എന്ന് വൈശാലിയുടെ മാതാപിതാക്കൾ പറയുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
#WATCH | Ranga Reddy, Telangana | A 24-yr-old woman was kidnapped from her house in Adibatla y'day. Her parents alleged that around 100 youths barged into their house, forcibly took their daughter Vaishali away & vandalised the house. Police say, case registered & probe underway. pic.twitter.com/s1lKdJzd2B
— ANI (@ANI) December 10, 2022
ഏകദേശം 30ഓളം പേർ ചേർന്ന് വീടിന്റെ ജനാലച്ചില്ലുകൾ തകർക്കുന്നത് വീഡിയോയിൽ കാണാം. ഒരാളെ വീട്ടിൽ നിന്ന് വലിച്ചിറക്കി വടിയും വടിയും ഉപയോഗിച്ച് മർദിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. വൈശാലിയെ വിവാഹം കഴിക്കണെമെന്ന് ആവശ്യപ്പെട്ട് നിരന്തരം ശല്യം ചെയ്‌തിരുന്ന നവീൻ റെഡ്ഡി എന്നയാളാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്ന് യുവതിയുടെ മാതാപിതാക്കൾ ആരോപിച്ചു. വൈശാലിയുടെ വീടിന് സമീപം ഒരു കഫേ നടത്തുകയാണ് നവീൻ. ആക്രമണത്തിന് ശേഷം യുവതിയുടെ ബന്ധുക്കൾ ഈ കഫേ പൊളിച്ചുമാറ്റി.
'ഭാര്യ' തന്റെയൊപ്പം വരാൻ സമ്മതിക്കുന്നില്ലെന്നും അവളെ കൂട്ടിക്കൊണ്ട് പോകണമെന്നും വിശ്വസിപ്പിച്ച് നവീൻ തന്റെ ജീവനക്കാരുമായി വീട് ആക്രമിക്കുകയായിരുന്നുവെന്നും വൈശാലിയുടെ ബന്ധുക്കൾ പറയുന്നു. നവീനുമായി ബന്ധമുണ്ടായിരുന്നെങ്കിലും വിവാഹം കഴിച്ചിട്ടില്ലെന്ന് വൈശാലി വ്യക്തമാക്കി.
ഏകദേശം 18ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി നവീൻ ഇപ്പോഴും ഒളിവിലാണ്. ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
Adjust Story Font
16