Quantcast

അരുണാചലിൽ മാർക്കറ്റിൽ വൻ തീപ്പിടിത്തം; 700ലേറെ കടകൾ കത്തിച്ചാമ്പലായി; അഗ്നിശമന ‌സേനയ്ക്ക് വൻ വീഴ്ച

അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്ത് എത്തുമ്പോൾ ആവശ്യത്തിന് വെള്ളം എടുത്തിരുന്നില്ലെന്നും കടക്കാർ ആരോപിച്ചു.

MediaOne Logo

Web Desk

  • Updated:

    2022-10-25 09:47:38.0

Published:

25 Oct 2022 9:46 AM GMT

അരുണാചലിൽ മാർക്കറ്റിൽ വൻ തീപ്പിടിത്തം; 700ലേറെ കടകൾ കത്തിച്ചാമ്പലായി; അഗ്നിശമന ‌സേനയ്ക്ക് വൻ വീഴ്ച
X

ഇറ്റാന​ഗർ: അരുണാചൽ പ്രദേശ് തലസ്ഥാനമായ ഇറ്റാ​ന​ഗറിലെ മാർക്കറ്റിൽ വൻ തീപ്പിടിത്തം. 700ഓളം കടകൾ കത്തി നശിച്ചു. നഹർലഗൺ ഡെയ്‌ലി മാർക്കറ്റിൽ ചൊവ്വാഴ്ച രാവിലെ 3.30ഓടെയാണ് തീപ്പിടിത്തമുണ്ടായത്. ആളപായമില്ല.

തീപ്പിടിത്തത്തിൽ മൂന്നു കോടിയിലധികം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. പ്രദേശത്തെ ഒരു വീട്ടിൽ ദീപാവലിക്ക് കത്തിച്ച പടക്കങ്ങളിൽ നിന്നോ വിളക്കുകളിൽ നിന്നോ ആകാം തീപ്പിടിത്തം ഉണ്ടായതെന്നാണ് സംശയം. യഥാർഥ കാരണം അറിവായിട്ടില്ല. മുളയും തടിയും കൊണ്ട് നിർമിച്ച കടകൾ ആയതിനാൽ നിമിഷങ്ങൾക്കകം തീ പടർന്നുപിടിക്കുകയായിരുന്നു.

അതേസമയം, തീ അണയ്ക്കുന്നതിൽ അഗ്നിശമനാ ഉദ്യോ​ഗസ്ഥർക്ക് വൻ വീഴ്ചയുണ്ടായെന്ന് കടയുടമകൾ ആരോപിച്ചു. അഗ്നിശമനാ സ്റ്റേഷനു സമീപമാണ് മാർക്കറ്റ് സ്ഥിതി ചെയ്യുന്നത്. എന്നിട്ടും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ കൃത്യസമയത്ത് എത്തുകയോ രക്ഷാപ്രവർ‍ത്തനം ആരംഭിക്കുകയോ ചെയ്തില്ലെന്ന് കടക്കാർ വ്യക്തമാക്കി. വിവരമറിയിക്കാൻ ഫയർ സ്റ്റേഷനിൽ എത്തിയപ്പോൾ അവിടെയാരെയും കണ്ടില്ല.

അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്ത് എത്തുമ്പോൾ ആവശ്യത്തിന് വെള്ളം എടുത്തിരുന്നില്ലെന്നും കടക്കാർ ആരോപിച്ചു. വെള്ളം നിറയ്ക്കാൻ ഏറെ അകലെ പോയ അ​ഗ്നിശമന സേനാം​ഗങ്ങൾ പുലർച്ചെ അഞ്ചിനാണ് സംഭവസ്ഥലത്ത് എത്തിയതെന്നും അപ്പോഴേക്കും മാർക്കറ്റിന്റെ ഭൂരിഭാഗവും അഗ്നിക്കിരയായിരുന്നതായും കടക്കാർ പറഞ്ഞു. ആദ്യ രണ്ട് മണിക്കൂറിൽ രണ്ട് കടകളിൽ മാത്രമാണ് തീ പടർന്നിരുന്നതെന്നും എന്നാൽ അഗ്നിശമന സേന കാര്യക്ഷമമല്ലാത്തതിനാൽ തീ പടരുകയായിരുന്നെന്നും അവർ അറിയിച്ചു.

പൊലീസും വേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചില്ല. ചുമതലയില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ ഉടന്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടണമെന്നും നഹര്‍ലഗണ്‍ ബസാര്‍ വെല്‍ഫെയര്‍ കമ്മിറ്റി പ്രസിഡന്റ് കിപ നായ് ആവശ്യപ്പെട്ടു. വീഴ്ച വരുത്തിയ അഗ്നിശമന സേനാംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്യണം എന്നാവശ്യപ്പെട്ട് അരുണാചല്‍ പ്രദേശ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് പ്രസിഡന്റ് നാചുങ്ങും രം​​ഗത്തെത്തി.

രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ മിനിമം സൗകര്യങ്ങള്‍ പോലും ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായും സംസ്ഥാന തലസ്ഥാനത്ത് വിവിധിയിടങ്ങളില്‍ അഗ്നിശമന സേനയ്ക്ക് വെള്ളം നിറയ്ക്കാനുള്ള കേന്ദ്രങ്ങള്‍ നിര്‍മിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തലസ്ഥാന നഗരത്തിലാണ് ഇത്രയും വലിയൊരു ദുരന്തമുണ്ടായത്.

അപ്പോള്‍ മറ്റു ജില്ലകളില്‍ ആയിരുന്നെങ്കിൽ എന്താവുമായിരുന്നു അവസ്ഥയെന്നും അദ്ദേഹം ചോദിച്ചു. അതേസമയം, തീപ്പിടിച്ചു നശിച്ച മാര്‍ക്കറ്റ് അരുണാചല്‍ പ്രദേശ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസുമായി സഹകരിച്ച് സര്‍ക്കാര്‍ പുനര്‍നിര്‍മിക്കുമെന്ന് ഇറ്റാനഗര്‍ എം.എല്‍.എ തെച്ചി കാസോ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

TAGS :

Next Story