Quantcast

'അവാർഡ് നേടിയ ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നത് എങ്ങനെ കുറ്റമാകും'; 'രാം കേ നാം' പ്രദർശിപ്പിച്ചവരെ അറസ്റ്റ് ചെയ്തതിനെതിരെ ഉവൈസി

എന്തിനാണ് ഡോക്യുമെന്ററിയുടെ പ്രദർശനം തടഞ്ഞതെന്നും മൂന്ന് പേരെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് വിശദീകരിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.

MediaOne Logo

Web Desk

  • Published:

    22 Jan 2024 11:20 AM GMT

Owaisi slams Hyderabad cops for arrest of 3 over screening of ‘Ram ke Naam’
X

ഹൈദരാബാദ്: അയോധ്യയിൽ ബാബരി മസ്ജിദ് തകർത്തയിടത്ത് നിർമിക്കുന്ന രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടക്കാനിരിക്കെ, 'രാം കേ നാം' ഡോക്യുമെന്ററി പ്രദർശിപ്പിച്ചതിന് യുവാക്കളെ അറസ്റ്റ് ചെയ്തതിനെതിരെ രൂക്ഷ വിമർശനവുമായി ഹൈദരാബാദ് എം.പിയും എഐഎംഐഎം അധ്യക്ഷനുമായ അസദുദ്ദീൻ ഒവൈസി. അവാർഡ് നേടിയ ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നത് എങ്ങനെ കുറ്റകരമാകുമെന്ന് ഉവൈസി ചോദിച്ചു.

ഹൈദരാബാദിലെ സൈനിക്പുരിയിൽ ഡോക്യുമെന്ററി പ്രദർശിപ്പിച്ചതിന് മൂന്ന് പേരെയാണ് തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. പ്രദർശനം വിഎച്ച്പി പ്രവർത്തകർ തടയുകയും പിന്നാലെ പൊലീസെത്തി സംഘാടകരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സിനിമാ പ്രേമികളുടെ കൂട്ടായ്മയായ ഹൈദരാബാദ് സിനിഫൈൽസ് ആണ് പ്രദർശനം സംഘടിപ്പിച്ചിരുന്നത്.

എന്തിനാണ് ഡോക്യുമെന്ററിയുടെ പ്രദർശനം തടഞ്ഞതെന്നും മൂന്ന് പേരെ അറസ്റ്റ് ചെയ്തതെന്നും രചകോണ്ട പൊലീസ് വിശദീകരിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.

“അവാർഡ് നേടിയ ഒരു ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നത് എങ്ങനെയാണ് കുറ്റകൃത്യമാകുന്നത്? അങ്ങനെയെങ്കിൽ, സിനിമയ്ക്ക് അവാർഡ് നൽകിയതിന് കേന്ദ്ര സർക്കാരിനെയും ഫിലിം ഫെയറിനെയും ജയിലിൽ അടയ്ക്കണം. ഒരു സിനിമ കാണുന്നതിന് മുമ്പ് പൊലീസിൽ നിന്ന് പ്രീ-സ്‌ക്രീനിങ് സർട്ടിഫിക്കറ്റ് ആവശ്യമുണ്ടെങ്കിൽ അത് ഞങ്ങളെ അറിയിക്കണം”- ഒവൈസി എക്സിൽ കുറിച്ചു.

ഞായറാഴ്ചയായിരുന്നു സൈനിക്പുരിയിലെ ഒരു റസ്റ്റോറന്റിൽ ഡോക്യുമെന്ററിയുടെ പ്രദർശനം. എന്നാൽ ഇതറിഞ്ഞ് പാഞ്ഞെത്തിയ വിഎച്ച്പി സംഘം, പ്രാണപ്രതിഷ്ഠ നടക്കാനിരിക്കെ വർഗീയ വികാരം ഇളക്കിവിടാൻ ലക്ഷ്യമിട്ടാണ് ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതെന്ന് ആരോപിച്ച് പ്രദർശനം തടയുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ ഫിലിം ക്ലബ് അംഗങ്ങളായ ആനന്ദ് സിങ്, പരാഗ് വർമ, കഫെ ഉടമയായ ശ്രുജൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അനുമതിയില്ലാതെയാണ് ഡോക്യുമെന്ററി പ്രദർശിപ്പിച്ചതെന്നാണ് പൊലീസ് വാദം. അന്വേഷണം നടക്കുന്നതായും പൊലീസ് പറയുന്നു. ഐപിസി സെക്ഷൻ 290 (പൊതുശല്യം), 295എ (മതവികാരം വ്രണപ്പെടുത്തൽ), 34 (സംഘടിത കുറ്റകൃത്യം) എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തത്.

ആനന്ദ് പട്‌വർധൻ സംവിധാനം ചെയ്ത പ്രശസ്തമായ ഡോക്യുമെന്ററിയാണ് 'രാം കേ നാം'. ബാബരി മസ്ജിദ് തകർത്ത് രാമക്ഷേത്രം പണിയാൻ വിശ്വ ഹിന്ദു പരിഷത് നടത്തിയ ആസൂത്രിത പ്രചാരണമാണ്‌ ഡോക്യുമെന്ററിയുടെ പ്രമേയം. ഡോക്യുമെന്ററിക്ക് നിരവധി ദേശീയ അന്തർദേശീയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.



TAGS :

Next Story