ഐഎഎസ് ഉദ്യോഗസ്ഥയുടെ കോണ്ടം പരിഹാസം: ബിഹാർ പെൺകുട്ടിക്ക് ഓഫറുമായി പാഡ് നിർമാതാക്കൾ
കുറഞ്ഞ ചെലവിൽ സാനിറ്ററി നാപ്കിൻ വിതരണം ചെയ്യുന്നതിനെക്കുറിച്ച് ചോദിച്ചതിനായിരുന്നു റിയ അപമാനിക്കപ്പെട്ടത്
പട്ന: കുറഞ്ഞ ചെലവിൽ സാനിറ്ററി നാപ്കിൻ വിതരണം ചെയ്യുന്നതിനെക്കുറിച്ച് ചോദിച്ചതിന് ഐഎഎസ് ഉദ്യോഗസ്ഥയുടെ രൂക്ഷം പ്രതികരണം ഏറ്റുവാങ്ങേണ്ടി വന്ന വിദ്യാർഥിക്ക് ഓഫറുമായി പാഡ് നിർമാണ കമ്പനി. ഹർജോത് കൗർ ഭമ്രയുടെ ശകാരം കേൾക്കേണ്ടി വന്ന ബിഹാറിലെ സ്‌കൂൾ വിദ്യാർഥിനി റിയാ കുമാരിക്ക് ഒരു വർഷത്തെ പാഡുകൾ നൽകുമെന്നാണ് പാൻ ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ആർത്തവകാല ശുചിത്വം ഏറെ പരിഗണിക്കപ്പെടേണ്ടതാണെന്നും വിഷയം ഉയർത്തിക്കാട്ടിയ റിയയെ അഭിനന്ദിക്കുന്നുവെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.
ബിഹാറിൽ 9-10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി വനിതാ ശിശുക്ഷേമ വകുപ്പ് സംഘടിപ്പിച്ച സംവാദ പരിപാടിക്കിടെയായിരുന്നു റിയ അപമാനിക്കപ്പെട്ടത്. 20-30 രൂപക്ക് സാനിറ്ററി നാപ്കിൻ വിതരണം ചെയ്യാനാവുമോ എന്നായിരുന്നു വിദ്യാർഥിയുടെ ചോദ്യം. ''നാളെ നിങ്ങൾ സർക്കാർ ജീൻസ് നൽകണമെന്ന് പറയും, അതുകഴിഞ്ഞ് ഷൂസ് നൽകണമെന്ന് വഴിയെ സർക്കാർ കുടുംബാസൂത്രണത്തിനുള്ള ഉപാധി, അതായത് കോണ്ടവും നൽകണമെന്ന് നിങ്ങൾ പറയും''-ഇതായിരുന്നു ഐഎഎസ് ഉദ്യോഗസ്ഥയായ ഹർജോത് കൗർ ഭമ്രയുടെ പ്രതികരണം.
ജനങ്ങളുടെ വോട്ടുകളാണ് സർക്കാറിനെ ഉണ്ടാക്കുന്നത് എന്നായിരുന്നു വിദ്യാർഥിയുടെ പ്രതികരണം. ആ ചിന്ത വിഡ്ഢിത്തമാണെന്നായിരുന്നു ഉദ്യോഗസ്ഥയുടെ മറുപടി. അങ്ങനെയെങ്കിൽ വോട്ട് ചെയ്യരുത്, പാകിസ്താനാവുകയാണോ ഉദ്ദേശം? നിങ്ങൾ പണത്തിനും സൗകര്യത്തിനും വേണ്ടി വോട്ട് ചെയ്യുമോ എന്നും അവർ ചോദിച്ചു. എന്നാൽ താൻ ഇന്ത്യക്കാരിയാണെന്നും എന്തിനാണ് പാകിസ്താനിയാവുന്നതെന്നും പെൺകുട്ടി തിരിച്ചു ചോദിച്ചു.
സ്‌കൂളിലെ ശുചിമുറിയുടെ ശോചനീയാവസ്ഥയെക്കുറിച്ചായിരുന്നു മറ്റൊരു വിദ്യാർഥിയുടെ ചോദ്യം. എന്നാൽ എല്ലാം സർക്കാർ നൽകണമെന്ന ചിന്ത തെറ്റാണെന്നായിരുന്നു ഉദ്യോഗസ്ഥയുടെ മറുപടി. വീട്ടിൽ നിങ്ങൾക്ക് പ്രത്യേക ശുചിമുറിയുണ്ടോ? എപ്പോഴും നിങ്ങൾ പലസ്ഥലങ്ങളിലായി പല കാര്യങ്ങൾ ആവശ്യപ്പെട്ടാൽ അത് എങ്ങനെ നടക്കും? എല്ലാം സർക്കാർ നൽകണമെന്ന ചിന്ത തെറ്റാണ്. ഇതൊക്കെ നിങ്ങൾ സ്വയം ചെയ്യണമെന്നും അവർ പറഞ്ഞു.
മറുപടികൾ വിവാദമായതോടെ തന്റെ പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്നായിരുന്നു ഉദ്യോഗസ്ഥയുടെ മറുപടി. സ്ത്രീകളുടെ അവകാശങ്ങൾക്കും ശാക്തീകരണത്തിനുമായി നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നയാളാണ് താൻ. സമൂഹത്തിൽ തനിക്കുള്ള വില തകർക്കാനാണ് ഇത്തരം വിവാദങ്ങളെന്നും അവർ പറഞ്ഞു. ഉദ്യോഗസ്ഥയുടെ വിവാദ പ്രതികരണത്തെ തള്ളിപ്പറഞ്ഞ് ബിഹാർ സർക്കാർ രംഗത്ത് വന്നിട്ടുണ്ട്.
Adjust Story Font
16