പദ്മജ വേണുഗോപാൽ ബി.ജെ.പിയിലേക്കെന്ന് അഭ്യൂഹം
ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദയുമായി പത്മജ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടുകൾ
ന്യൂഡൽഹി: കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ മകളുമായ പദ്മജ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേരുമെന്ന് അഭ്യൂഹം. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദയുമായി പത്മജ കൂടിക്കാഴ്ച നടത്തിയാതായാണ് വിവരം. നാളെ ഡൽഹിയിൽ ബിജെപി അംഗത്വം സ്വീകരിക്കുമെന്നും അഭ്യൂഹമുണ്ട്. ബിജെപിയിൽ ചേരുമെന്ന വാർത്ത നിഷേധിക്കുന്ന എഫ്.ബി പോസ്റ്റും പത്മജ പിൻവലിച്ചു.
രാവിലെ ബി.ജെ.പി പ്രവേശനത്തെക്കുറിച്ചുള്ള വാർത്തകൾ നിഷേധിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പദ്മജ വേണുഗോപാൽ രംഗത്തെത്തിയിരുന്നു. തമാശരൂപേണ ഒരു ചാനലിന് നൽകിയ പ്രതികരണം തെറ്റായ രീതിയിൽ പ്രചരിപ്പിക്കുമെന്ന് വിചാരിച്ചില്ല എന്നും പദ്മജ പറഞ്ഞിരുന്നു.
പദ്മജയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
'ഞാൻ ബിജെപി യിൽ പോകുന്നു എന്നൊരു വാർത്ത ഏതോ മാധ്യമത്തിൽ വന്നു എന്ന് കേട്ടു. എവിടെ നിന്നാണ് ഇത് വന്നത് എന്ന് എനിക്കറിയില്ല .എന്നോട് ഒരു ചാനൽ ചോദിച്ചപ്പോൾ ഈ വാർത്ത ഞാൻ നിഷേധിച്ചതാണ് ,ഇപ്പോഴും ഞാൻ അത് ശക്തമായി നിഷേധിക്കുന്നു .അവർ എന്നോട് ചോദിച്ചു ഭാവിയിൽ പോകുമോ എന്ന് , ഞാൻ പറഞ്ഞു ഇന്നത്തെ കാര്യമല്ലേ പറയാൻ പറ്റു നാളെ കാര്യം എനിക്ക് എങ്ങിനെ പറയാൻ പറ്റും എന്ന് തമാശ ആയി പറഞ്ഞു .അത് ഇങ്ങിനെ വരും എന്ന് വിചാരിച്ചില്ല'. ഈ പോസ്റ്റാണ് പിൻവലിച്ചത്.
Adjust Story Font
16