Quantcast

അത്താരി അതിര്‍ത്തിയില്‍ വച്ച് പ്രസവം; കുഞ്ഞിന് 'ബോര്‍ഡര്‍' എന്നു പേരിട്ട് പാക് ദമ്പതികള്‍

പഞ്ചാബ് പ്രവിശ്യയിലെ രാജൻപൂർ ജില്ലയിൽ നിന്നുള്ള നിംബു ബായിയും ബാലം റാമുമാണ് അതിര്‍ത്തിയില്‍ പിറന്ന കുഞ്ഞിന് ബോര്‍ഡര്‍ എന്ന പേരിട്ടത്

MediaOne Logo

Web Desk

  • Published:

    6 Dec 2021 3:50 AM

അത്താരി അതിര്‍ത്തിയില്‍ വച്ച് പ്രസവം; കുഞ്ഞിന് ബോര്‍ഡര്‍ എന്നു പേരിട്ട് പാക് ദമ്പതികള്‍
X

ഇന്തോ-പാക് അതിര്‍ത്തി അത്താരിയില്‍ പ്രസവിച്ച കുഞ്ഞിന് ' ബോര്‍ഡര്‍' എന്ന് പേരിട്ട് പാകിസ്താനി ദമ്പതികള്‍. ഡിസംബര്‍ 2നാണ് യുവതിയുടെ പ്രസവം നടന്നത്. മറ്റ് 97 പാകിസ്താന്‍കാര്‍ക്കൊപ്പം കഴിഞ്ഞ 71 ദിവസമായി അത്താരി അതിർത്തിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു ദമ്പതികള്‍.

പഞ്ചാബ് പ്രവിശ്യയിലെ രാജൻപൂർ ജില്ലയിൽ നിന്നുള്ള നിംബു ബായിയും ബാലം റാമുമാണ് അതിര്‍ത്തിയില്‍ പിറന്ന കുഞ്ഞിന് ബോര്‍ഡര്‍ എന്ന പേരിട്ടത്. വ്യാഴാഴ്ച നിംബുവിന് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അയല്‍ഗ്രാമത്തില്‍ നിന്നുള്ള സ്ത്രീകള്‍ സഹായിക്കാനെത്തിയിരുന്നു. മറ്റ് സഹായങ്ങൾ ചെയ്യുന്നതിനൊപ്പം പ്രസവത്തിന് ആവശ്യമായ ചികിത്സാ സൗകര്യങ്ങളും നാട്ടുകാർ ഒരുക്കിയിരുന്നു .ലോക്ഡൌണിന് മുന്‍പ് ബന്ധുക്കളെ കാണുന്നതിനും തീർത്ഥാടനത്തിനായി ഇന്ത്യയിലെത്തിയ 98 പൗരന്മാർക്കും ആവശ്യമായ രേഖകൾ ഇല്ലാത്തതിനാൽ നാട്ടിലേക്ക് മടങ്ങാൻ കഴിഞ്ഞില്ലെന്ന് ബാലം റാം പറഞ്ഞു. ഇതില്‍ 46 പേരും കുട്ടികളാണ്. ഇക്കൂട്ടത്തില്‍ ആറു പേരും ഇന്ത്യയിൽ ജനിച്ചവരും ഒരു വയസിൽ താഴെയുള്ളവരുമാണ്. ബാലം റാമിനൊപ്പമുള്ള ലഗ്യ റാം 2020ല്‍ ജോധ്പൂരില്‍ വച്ചു ജനിച്ച തന്‍റെ കുഞ്ഞിന് ഭാരത് എന്നാണ് പേരു നല്‍കിയത്. ജോധ്പൂരിലുള്ള സഹോദരനെ കാണാനെത്തിയ ലഗ്യക്ക് ഇതുവരെ നാട്ടിലേക്ക് പോകാന്‍ സാധിച്ചിട്ടില്ല.

പാകിസ്താനിലെ വിവിധ ജില്ലകളില്‍ നിന്നുള്ളവരാണ് ഇവര്‍. പാകിസ്താന്‍ റേഞ്ചർമാർ സ്വീകരിക്കാൻ വിസമ്മതിച്ചതിനാൽ അത്താരി അതിർത്തിയിലെ ടെന്‍റിലാണ് ഇവർ ഇപ്പോൾ താമസിക്കുന്നത്. ഇവർക്കു മൂന്നുനേരം ഭക്ഷണവും മരുന്നും വസ്ത്രങ്ങളും അവിടുത്തെ നാട്ടുകാരാണ് നല്‍കുന്നത്.

TAGS :

Next Story