Quantcast

'നിയമം അനുവദിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ ലോറന്‍സ് ബിഷ്ണോയിയുടെ ഗുണ്ടാസംഘത്തെ തുടച്ചുനീക്കും'; പപ്പു യാദവ്

ശനിയാഴ്ചയാണ് എന്‍സിപി അജിത് പവാര്‍ വിഭാഗം നേതാവും മഹാരാഷ്ട്ര മുന്‍ മന്ത്രിയുമായ ബാബാ സിദ്ദീഖി വെടിയേറ്റു മരിച്ചത്

MediaOne Logo

Web Desk

  • Published:

    14 Oct 2024 3:26 AM GMT

Pappu Yadav -Lawrence Bishnoi
X

മുംബൈ: എന്‍സിപി നേതാവ് ബാബാ സിദ്ദീഖിയുടെ കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ലോറന്‍സ് ബിഷ്ണോയിയുടെ ഗുണ്ടാസംഘം ഏറ്റെടുത്തതിന് പിന്നാലെ മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ ബിഹാറിലെ സ്വതന്ത്ര എംപി പപ്പു യാദവ് രംഗത്ത്. ലോറൻസ് ബിഷ്‌ണോയി ചെറിയ കുറ്റവാളിയാണെന്നും നിയമം അനുവദിച്ചാൽ 24 മണിക്കൂറിനുള്ളിൽ മുഴുവൻ സംഘത്തെയും തുടച്ചുനീക്കാമെന്ന് അദ്ദേഹം പറഞ്ഞു.

ബാബാ സിദ്ദീഖി കൊലപാതകത്തില്‍ രൂക്ഷമായി പ്രതികരിച്ച പപ്പു യാദവ്, ലോറൻസ് ബിഷ്‌ണോയി ആദ്യം സിദ്ദു മൂസെവാലയെ കൊന്നുവെന്നും പിന്നീട് രാഷ്ട്രീയ രജ്പുത് കർണി സേന ദേശീയ അധ്യക്ഷൻ സുഖ്‌ദേവ് സിംഗ് ഗോഗമേദിയേയും ഇപ്പോൾ ബാബ സിദ്ദീഖിയെയും ജയിലിൽ ഇരുന്ന് കൊലപ്പെടുത്തിയെന്നും എല്ലാവരും നിശബ്ദരായ കാഴ്ചക്കാരായി മാറിയെന്നും കുറ്റപ്പെടുത്തി. കൊടും കുറ്റവാളികൾക്കെതിരെ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. '"ഇതൊരു രാജ്യമാണോ അതോ ഭീരുക്കളുടെ സൈന്യമാണോ? ഒരു കുറ്റവാളി ജയിലിൽ ഇരുന്നു വെല്ലുവിളിക്കുന്നു. എല്ലാവരും കാഴ്ചക്കാരായി തുടരുന്നു. നിയമം അനുവദിക്കുകയാണെങ്കിൽ, 24 മണിക്കൂറിനുള്ളിൽ ലോറൻസ് ബിഷ്‌ണോയി എന്ന ചെറിയ കുറ്റവാളിയുടെ മുഴുവൻ ശൃംഖലയും ഞാൻ തുടച്ചുനീക്കും'' പപ്പു യാദവ് തന്‍റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ കുറിച്ചു.

ശനിയാഴ്ചയാണ് എന്‍സിപി അജിത് പവാര്‍ വിഭാഗം നേതാവും മഹാരാഷ്ട്ര മുന്‍ മന്ത്രിയുമായ ബാബാ സിദ്ദീഖി വെടിയേറ്റു മരിച്ചത്. രാത്രി മുംബൈ ബാന്ദ്ര ഈസ്റ്റിലെ സിദ്ദിഖിയുടെ മകൻ സീഷൺ സിദ്ദിഖിയുടെ ഓഫീസിന് പുറത്തുവെച്ചാണ് ആക്രമണം ഉണ്ടായത്. അക്രമി സംഘം സിദ്ദിഖിക്കും ഒപ്പമുണ്ടായിരുന്നയാൾക്കും നേരെ തുരുതുരാ വെടിയുതിർക്കുകയായിരുന്നു. സംഭവത്തില്‍ ഹരിയാന സ്വദേശി ഗുർമെയിൽ ബാൽജിത് സിങ് (23), ഉത്തർപ്രദേശ് സ്വദേശി ധരംരാജ് കശ്യപ് (19) എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കൊലപാതകത്തിന് പിന്നാലെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറന്‍സ് ബിഷ്ണോയി സംഘം രംഗത്തെത്തിയിരുന്നു. കൊലപാതകം നടന്ന് 24 മണിക്കൂർ പിന്നിടും മുൻപ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ലോറൻസ് ബിഷ്ണോയി സംഘം ഉത്തരവാദിത്തം ഏറ്റെടുത്തത്. ഷുബ്ബു ലോങ്കർ എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ബിഷ്ണോയി സംഘാംഗമായ ഷുഭം രാമേശ്വ‍ർ ലോങ്കറിൻ്റേതാണ് അക്കൗണ്ടെന്നാണ് സംശയിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിൻ്റെ ആധികാരികത സംബന്ധിച്ചു കേന്ദ്ര ഏജൻസികളും മുംബൈ പൊലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

TAGS :

Next Story