അന്ന് അയോധ്യയില്‍ പരാഗ് രക്ഷിച്ചത് റസിയ ഉള്‍പ്പെടെ എട്ട് പേരെ; വിദ്വേഷത്തില്‍ ഉലയാതെ അവരിന്നും അയല്‍ക്കാര്‍
റസിയയെയും മാതാവിനെയും ഇറക്കി വിടാന്‍ കഠിന സമ്മര്‍ദമുണ്ടായിട്ടും ആളുകള്‍ മാരകായുധങ്ങളുമായി ഭീഷണിപ്പെടുത്തിയിട്ടും പരാഗ് വഴങ്ങിയില്ലെന്ന് റസിയ ഓര്‍ക്കുന്നു
1992 ഡിസംബര്‍ 7- റസിയയുടെയും പരാഗിന്റെയും ഓര്‍മയില്‍ ഇന്നും മായാതെ കിടപ്പുണ്ട്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ പിറ്റേന്ന് നാട് നീളെ മുസ്‍ലിംകളെ അന്വേഷിച്ച് നടന്ന കര്‍സേവകരില്‍ നിന്നും റസിയയ്ക്കും മാതാവിനും തങ്ങളുടെ വീട്ടില്‍ അഭയം നല്‍കുമ്പോള്‍ പരാഗ് യാദവിന്റെ മനസ്സില്‍ എങ്ങനെയെങ്കിലും അവരെ സംരക്ഷിക്കുക എന്നത് മാത്രമായിരുന്നു ചിന്ത. ഇത്രനാളും ഒരേ വീട് പോലെ കഴിഞ്ഞിരുന്ന കുടുംബത്തെ പെട്ടെന്നൊരു ദിവസം എങ്ങനെയാണ് തള്ളിക്കളയാനാവുക? ആളുകള്‍ കൂട്ടം കൂടി വന്ന് റസിയയെയും മാതാവിനെയും ഇറക്കി വിടണമെന്ന് പറഞ്ഞപ്പോഴും പരാഗ് പിടിച്ചു നിന്നത് ആ ഒരു ചിന്തയുടെ ബലത്തിലായിരുന്നു. ദ ക്വിന്‍റിന് നല്‍കിയ അഭിമുഖത്തില്‍ ഇരുവരും സംഭവബഹുലമായ ആ ദിവസങ്ങള്‍ ഓര്‍ത്തെടുത്തു.
കുട്ടിക്കാലം മുതലേ ഒരുമിച്ച് കളിച്ചുവളര്‍ന്നവരാണ് പരാഗും റസിയയും. സമാധാനപൂര്‍ണമായിരുന്ന അയോധ്യയില്‍ ഒരേ തെരുവില്‍ ഒരു കുടുംബം പോലെ കഴിഞ്ഞിരുന്നവര്‍. റസിയയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകയായിരുന്നു പരാഗിന്റെ അമ്മ ബഡ്കി അമ്മ. റസിയയുടെ ഉമ്മയുടെ അതേ പ്രായമായിരുന്നു ബഡ്കി അമ്മയ്ക്കും. ഇരുവരും നല്ല സുഹൃത്തുക്കളും.
ഒരു വീട്ടുകാരെ പോലെ കഴിഞ്ഞിരുന്നത് കൊണ്ട് തന്നെ ബഡ്കി അമ്മയോട് ഒരു പ്രത്യേക അടുപ്പമായിരുന്നു റസിയയ്ക്ക്. ആ അടുപ്പം കൊണ്ട് തന്നെയാണ് കര്‍സേവകരില്‍ നിന്ന് രക്ഷ തേടി റസിയയും മാതാവും ബഡ്കി അമ്മയുടെ വീട്ടിലെത്തിയത്. പള്ളിയുടെ തകര്‍ച്ചയും അയോധ്യയിലുണ്ടായ കലാപവും റസിയെയും നടക്കാനാവാത്ത മാതാവിനെയും കുറച്ചൊന്നുമല്ല നടുക്കിയത്. തങ്ങളുടെ തെരുവില്‍ അക്രമികളെത്തി എന്നറിഞ്ഞ നിമിഷം തന്നെ റസിയ ബഡ്കി അമ്മയുടെ വീട്ടിലേക്കോടുകയായിരുന്നു.
പരാഗും അദ്ദേഹത്തിന്റെ രണ്ട് മക്കളും റസിയയെയും മാതാവിനെയും വീട്ടിലേക്ക് കയറ്റാന്‍ ഒരു നിമിഷം പോലും മടിച്ചില്ലെന്ന് മാത്രമല്ല, സുരക്ഷാ ഉദ്യോഗസ്ഥരെത്തും വരെ എതിര്‍പ്പുകളും ഭീഷണികളും മറികടന്ന് ഇരുവരെയും സംരക്ഷിക്കുകയും ചെയ്തു. ചുറ്റം ആയുധങ്ങളും പന്തവുമായി ആളുകള്‍ കൂടിനില്‍ക്കുന്നതും റസിയയുടെ വീട് കത്തിക്കുന്നതും തന്റെ വീടിന് മുന്നില്‍ ആളുകള്‍ കൂട്ടം കൂടി ആക്രോശിയ്ക്കുന്നതുമൊക്കെ ഇന്നലെ കഴിഞ്ഞത് പോലെ ഓര്‍മയുണ്ട് പരാഗിന്. ദി ക്വിന്റിന് നല്‍കിയ അഭിമുഖത്തില്‍ ആ സംഭവങ്ങള്‍ വിവരിക്കുമ്പോള്‍ റസിയയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
മസ്ജിദ് തകര്‍ക്കപ്പെട്ടതിന് ശേഷം എട്ട് മുസ്‍ലിംകളെയാണ് പരാഗും കുടുംബവും സംരക്ഷിച്ചത്. ബി.ജെ.പി അനുകൂലിയായിരുന്ന ഹസ്സന്‍ ഹൈദറിന്റെ കുടുംബവും ഇക്കൂട്ടത്തിലുണ്ടായിരുന്നു. മസ്ജിദ് തകര്‍ക്കുന്നതിനെ അനുകൂലിച്ചിരുന്ന ഹസന്‍ പള്ളി തകര്‍ക്കപ്പെട്ടതിന്റെ പിറ്റേന്ന് കൊല്ലപ്പെട്ടു. ഇദ്ദേഹത്തിന്റെ കുടുംബത്തെ അന്വേഷിച്ചെത്തിയ അക്രമികളെ പുല്ല് വെട്ടുന്ന വലിയ കത്രിക കാട്ടിയാണ് പരാഗും സുഹൃത്ത് ഗംഗാ ഗിരിയും നേരിട്ടത്. റസിയയെയും മാതാവിനെയും ഇറക്കി വിടാന്‍ കഠിന സമ്മര്‍ദമുണ്ടായിട്ടും ആളുകള്‍ മാരകായുധങ്ങളുമായി ഭീഷണിപ്പെടുത്തിയിട്ടും പരാഗ് വഴങ്ങിയില്ലെന്ന് റസിയ ഓര്‍ക്കുന്നു.പ്രദേശത്തുള്ള ഒരു പാര്‍ക്കില്‍ ഗാര്‍ഡ് ആയിരുന്ന പരാഗിന്റെ വീട്ടിലേക്ക് കയറാന്‍ പ്രതിഷേധക്കാരാരും ധൈര്യപ്പെട്ടിരുന്നില്ലെന്നും റസിയ ഓര്‍ത്തെടുത്തു. അത് അന്ന് തനിക്ക് എതിര്‍ക്കാനുള്ള ആരോഗ്യമുണ്ടായിരുന്നത് കൊണ്ടാണെന്ന് പരാഗ് പറയുമ്പോള്‍ റസിയ ചിരിച്ചു.
അന്ന് 17 പേരാണ് കൊല്ലപ്പെട്ടത്. നിരവധി മുസ്‍ലിം കുടുംബങ്ങള്‍ അയോധ്യ വിട്ട് പോയി. റസിയയും മക്കളും ഇപ്പോഴും പരാഗിന്റെ വീടിനടുത്ത് തന്നെയാണ് താമസം. റസിയയുടെ അരയ്ക്ക് കീഴ്‌പോട്ട് തളര്‍ന്ന അവസ്ഥയിലാണ്. പരാഗിന് വയസ്സ് എഴുപതായതിന്‍റെ അസുഖങ്ങളുണ്ട്. എങ്കിലും ഇപ്പോഴും ഇരു കുടുംബങ്ങളുടെയും പഴയ ബന്ധത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല. റസിയയുടെ മക്കള്‍ക്ക് അമ്മാവനാണ് പരാഗ്. തങ്ങളിപ്പോഴും ജീവനോടെയിരിക്കുന്നത് പരാഗ് അന്ന് ചെയ്ത പ്രവൃത്തി കൊണ്ടാണെന്ന് അവര്‍ക്കറിയാം. പരാഗിനെപ്പോലെയുള്ള നല്ല മനുഷ്യര്‍ ഇല്ലെങ്കില്‍ ലോകം എന്നേ ഇല്ലാതാകുമായിരുന്നെന്നും...
Adjust Story Font
16