'പരിണീതിയെ കുറിച്ചല്ല, രാജ്‌നീതിയെ കുറിച്ച് ചോദിക്കൂ'; വിവാദങ്ങളിൽ രാഘവ് ഛദ്ദ
വ്യാഴാഴ്ച രാത്രി മുംബൈയിലെ ഹോട്ടലിൽ ഒന്നിച്ച് അത്താഴഭക്ഷണ കഴിക്കാനെത്തിയ രാഘവിന്റെയും പരിണീതിയുടെയും വീഡിയോ സമൂഹമാധ്യമങ്ങളിൽ ട്രൻഡിങ്ങായിരുന്നു
മുംബൈ: നടി പരിണീതി ചോപ്രയുമായി ബന്ധപ്പെടുത്തിയുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി ആം ആദ്മി പാർട്ടി എംപി രാഘവ് ഛദ്ദ. രാഷ്ട്രീയത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാമെന്ന് ഇതു സംബന്ധിച്ച് ചോദ്യങ്ങൾ ആരാഞ്ഞ മാധ്യമ പ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.
'എന്നോട് രാജ്‌നീതിയെ (രാഷ്ട്രീയം) കുറിച്ച് ചോദ്യം ചോദിക്കൂ, പരിണീതിയെ കുറിച്ചു വേണ്ട' എന്നാണ് ഛദ്ദ പ്രതികരിച്ചത്. വ്യാഴാഴ്ച രാത്രി മുംബൈയിലെ ഹോട്ടലിൽ ഒന്നിച്ച് അത്താഴം കഴിക്കാനെത്തിയ രാഘവിന്റെയും പരിണീതിയുടെയും വീഡിയോ സമൂഹമാധ്യമങ്ങളിൽ ട്രൻഡിങ്ങായിരുന്നു. പഞ്ചാബിൽനിന്നുള്ള ലോക്‌സഭാംഗമാണ് 34കാരനായ രാഘവ് ഛദ്ദ.
ലണ്ടൻ സ്‌കൂൾ ഓഫ് എകണോമിക്‌സിൽ ഒന്നിച്ചു പഠിച്ചവരാണ് ഇരുവരുമെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ടു ചെയ്യുന്നു. ദീർഘകാലമായുള്ള സുഹൃത്തുക്കളുമാണ്. ട്വിറ്ററിൽ 44 പേരെ മാത്രമാണ് രാഘവ് ഫോളോ ചെയ്യുന്നത്. അതിൽ സിനിമാ മേഖലയിൽനിന്ന് രണ്ടു പേരെയുള്ളൂ. ഒന്ന്, ആം ആദ്മി പാർട്ടി അംഗം കൂടിയായ ഗുൽ പനാഗ്. രണ്ടാമത്തേത് പരിനീതിയും.
ഹരിയാനയിലെ അംബാല സ്വദേശിയായ പരിണീതി 2011ൽ ലേഡീസ് വിഎസ് റിക്കി ബഹ്ൽ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറിയത്. ഇരുപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2012ൽ പുറത്തിറങ്ങിയ 'ഇഷ്ഖ്‌സാദ' എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്‌കാരം (പ്രത്യേക പരാമർശം) നേടിയിട്ടുണ്ട്. ചാരിറ്റി മേഖലയിലും സജീവമാണ്.
Adjust Story Font
16