അദാനി ഓഹരി വിവാദം; പാര്‍ലമെന്‍റ് ഇന്നും പ്രക്ഷുബ്ധമാകും
ഇന്ത്യയെ വിദേശത്ത് അപമാനിച്ചെന്ന ആരോപണത്തിന് മറുപടി പറയാൻ സ്പീക്കർ അനുവദിച്ചാൽ രാഹുൽ ഗാന്ധി ഇന്ന് ലോക്സഭയിൽ സംസാരിക്കും
പാര്‍ലമെന്‍റ്
അദാനി ഓഹരി വിവാദത്തിൽ പാർലമെന്‍റ് ഇന്നും പ്രക്ഷുബ്ധമാകും. വിഷയം സംയുക്ത പാർലമെന്‍ററി സമിതി അന്വേഷിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് പ്രതിപക്ഷം. ഇന്ത്യയെ വിദേശത്ത് അപമാനിച്ചെന്ന ആരോപണത്തിന് മറുപടി പറയാൻ സ്പീക്കർ അനുവദിച്ചാൽ രാഹുൽ ഗാന്ധി ഇന്ന് ലോക്സഭയിൽ സംസാരിക്കും.
അദാനി വിഷയം ചർച്ച ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷ എം.പിമാർ ഇന്നും പാർലമെന്‍റില്‍ ഉന്നയിക്കും. ചർച്ച അനുവദിച്ചില്ലെങ്കിൽ സഭ നടപടികൾ തടസ്സപ്പെടുത്താനാണ് തീരുമാനം. കോൺഗ്രസ്, ആം ആദ്മി, സി.പി.എം ഉൾപ്പെടെ 18 പ്രതിപക്ഷ പാർട്ടികൾ സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിക്കുക. പ്രതിഷേധത്തിന് അന്തിമ രൂപം നൽകാൻ രാവിലെ രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ പ്രതിപക്ഷ പാർട്ടികൾ യോഗം ചേരും. വിദേശത്ത് രാജ്യത്തെ അപമാനിച്ച രാഹുൽ ഗാന്ധി മാപ്പുപറയണമെന്ന ആവശ്യം ബി.ജെ.പി ഉന്നയിക്കും. തനിക്ക് എതിരായ ആരോപണങ്ങൾക്ക് ലോക്സഭയിൽ മറുപടി നൽകാൻ അവസരം നൽകണമെന്ന് സ്പീക്കർ ഓം ബിർളയെ നേരിൽ കണ്ട് രാഹുൽ ആവശ്യപ്പെട്ടു. എന്നാൽ അവസരം നൽകാൻ ഇടയില്ലെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. അദാനി അടക്കമുള്ള വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് രാഹുൽ ഗാന്ധിക്ക് എതിരെ ബി.ജെ.പി ആരോപണം ഉന്നയിക്കുന്നതെന്നാണ് പ്രതിപക്ഷ വിമർശനം.
Adjust Story Font
16