Quantcast

ഇന്ന് എ.എ.പി എം.പിക്ക് സസ്പെന്‍ഷന്‍; വര്‍ഷകാല സമ്മേളനത്തില്‍ സസ്പെന്‍ഷനിലായ എം.പിമാരുടെ എണ്ണം 24 ആയി

രാജ്യസഭയില്‍ നിന്ന് 20 പേരും ലോക്സഭയില്‍ നിന്ന് 4 പേരുമാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ടത്.

MediaOne Logo

Web Desk

  • Updated:

    2022-07-27 11:17:03.0

Published:

27 July 2022 9:58 AM GMT

ഇന്ന് എ.എ.പി എം.പിക്ക് സസ്പെന്‍ഷന്‍; വര്‍ഷകാല സമ്മേളനത്തില്‍ സസ്പെന്‍ഷനിലായ എം.പിമാരുടെ എണ്ണം 24 ആയി
X

ഡല്‍ഹി: ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിങ്ങിനെ ഇന്ന് പാർലമെന്റിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ചെയറിനു നേരെ പേപ്പറുകള്‍ എറിഞ്ഞതിനാണ് നടപടി. ഇതോടെ വര്‍ഷകാല സമ്മേളനത്തില്‍ ലോക്സഭയിലും രാജ്യസഭയിലുമായി സസ്പെന്‍ഷനിലായ എംപിമാരുടെ എണ്ണം 24 ആയി. രാജ്യസഭയില്‍ നിന്ന് 20 പേരും ലോക്സഭയില്‍ നിന്ന് 4 പേരുമാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ടത്.

എം.പിമാരെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ പ്രതിപക്ഷ എം.പിമാര്‍ രാപ്പകൽ സമരം നടത്തും. 50 മണിക്കൂറാണ് റിലേ സമരം നടത്തുക.

തൃണമൂല്‍ കോണ്‍ഗ്രസിലെ ഏഴ്, ഡി.എം.കെയിലെ ആറും എം.പിമാരെയാണ് രാജ്യസഭയില്‍ സസ്പെന്‍ഡ് ചെയ്തത്. ടി.ആർ.എസ്, സി.പി.എം, സി.പി.ഐ എംപിമാര്‍ക്കും സസ്പെന്‍ഷന്‍ ലഭിച്ചു. മലയാളി എം.പിമാരായ എ.എ റഹീം, വി. ശിവദാസൻ, പി. സന്തോഷ്‌കുമാർ എന്നിവര്‍ സസ്പെന്‍ഷനിലാണ്. പിന്നാലെയാണ് ആം ആദ്മി പാര്‍ട്ടി എം.പി സഞ്ജയ് സിങ്ങിനെ സസ്പെന്‍ഡ് ചെയ്തത്. വെള്ളിയാഴ്ച വരെയാണ് സസ്പെന്‍ഷന്‍.

ഗുജറാത്തിലെ വ്യാജമദ്യ ദുരന്തം ചൂണ്ടിക്കാട്ടിയാണ് സഞ്ജയ് സിങ് രാജ്യസഭയില്‍ മുദ്രാവാക്യം മുഴക്കിയത്. സീറ്റിലേക്ക് തിരിച്ചുപോവാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും എംപി പേപ്പറുകള്‍ കീറിയെറിയുകയായിരുന്നു. തുടര്‍ന്നായിരുന്നു സസ്പെന്‍ഷന്‍.

"മോദി ജി എന്നെ സസ്‌പെൻഡ് ചെയ്‌തിരിക്കാം, പക്ഷേ ഗുജറാത്തിൽ വിഷമദ്യം മൂലമുണ്ടായ 55 മരണങ്ങൾക്ക് ഉത്തരം തേടി പോരാട്ടം തുടരും"- സഞ്ജയ് സിങ് പറഞ്ഞു. സഭയ്ക്കുള്ളിൽ പ്ലക്കാർഡുകൾ ഉയര്‍ത്തിക്കാട്ടിയതിനാണ് ലോക്‌സഭയിലെ നാല് കോൺഗ്രസ് എംപിമാരെ സസ്പെന്‍ഡ് ചെയ്തത്. സസ്പെന്‍ഡ് ചെയ്യപ്പെട്ടവരില്‍ കേരളത്തില്‍ നിന്നുള്ള ടി.എൻ പ്രതാപനും രമ്യ ഹരിദാസുമുണ്ട്.

വിലക്കയറ്റം, ചരക്ക് സേവന നികുതി, തുടങ്ങിയ വിഷയങ്ങളിൽ അടിയന്തര ചർച്ച വേണമെന്ന് പ്രതിപക്ഷ എം.പിമാർ രാജ്യസഭയിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ആവശ്യപ്പെടുകയാണ്. ജൂലൈ 18ന് മൺസൂൺ സെഷൻ ആരംഭിച്ചതു മുതൽ ഇരുസഭകളിലും പ്രതിപക്ഷം നിരവധി വിഷയങ്ങള്‍ ഉയര്‍ത്തി.

അതേസമയം പ്രതിഷേധം ഒഴിവാക്കിയാൽ സസ്പെൻഷൻ പിൻവലിക്കാമെന്ന് കേന്ദ്രസർക്കാർ പറഞ്ഞു. ലോക്‌സഭയിലെ 4 പേരുടെ സസ്പെൻഷൻ പിൻവലിക്കാമെന്നാണ് കേന്ദ്രം വാഗ്ദാനം ചെയ്തത്. ജിഎസ്ടി വർധനയിൽ ചർച്ചയ്ക്ക് തയ്യാറാണെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

TAGS :

Next Story