പാർലമെന്റിലെ സുരക്ഷാ വീഴ്ച: കസ്റ്റഡിയിൽനിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി നീലം ആസാദ് കോടതിയിൽ
റിമാൻഡ് ചെയ്ത വിചാരണക്കോടതിയുടെ ഡിസംബർ 21-ലെ വിധിയുടെ നിയമസാധുത ചോദ്യം ചെയ്താണ് നീലം ആസാദ് ഹൈക്കോടതിയെ സമീപിച്ചത്.
ന്യൂഡൽഹി: പാർലമെന്റിൽ അതിക്രമിച്ചു കയറിയ കേസിലെ പ്രതി നീലം ആസാദ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. തന്നെ റിമാൻഡ് ചെയ്ത വിചാരണക്കോടതിയുടെ ഡിസംബർ 21-ലെ വിധിയുടെ നിയമസാധുത ചോദ്യം ചെയ്താണ് നീലം ആസാദ് കോടതിയിലെത്തിയത്. റിമാൻഡ് നടപടിക്കിടെ അഭിഭാഷകരുമായി കൂട്ടിക്കാഴ്ച നടത്താൻ അനുവദിച്ചില്ലെന്നാണ് അവരുടെ വാദം.
തന്റെ താൽപര്യമനുസരിച്ച് അഭിഭാഷകനെ തെരഞ്ഞെടുക്കാൻ ഡൽഹി പൊലീസ് അവസരം നൽകിയില്ല. കോടതിയിലെത്തിയപ്പോഴാണ് ഡൽഹി ലീഗൽ സർവീസ് അതോറിറ്റിയിലെ ഒരു അഭിഭാഷകയാണ് തനിക്കുവേണ്ടി ഹാജരാകുന്നത് എന്നറിഞ്ഞത്. ഇക്കാര്യത്തിൽ തന്റെയും കൂട്ടുപ്രതികളുടെയും താൽപര്യം പരിഗണിച്ചില്ലെന്നും നീലം ആസാദ് ഹരജിയിൽ പറയുന്നു.
സ്വന്തം താൽപര്യമനുസരിച്ച് അഭിഭാഷകനെ തിരഞ്ഞെടുക്കാനുള്ള അവകാശം നിഷേധിക്കുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 22 (1) ന്റെ ലംഘനമാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. പാർലമെന്റിൽ അതിക്രമിച്ചു കയറിയതിന് ഡിസംബർ 13-നാണ് നീലം ആസാദിനെയും മറ്റു മൂന്നുപേരെയും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. സാഗർ ശർമ, ഡി. മനോരഞ്ജൻ, അമോൽ ഷിൻഡെ എന്നിവരാണ് അറസ്റ്റിലായ മറ്റു മൂന്നുപേർ.
നീലം ആസാദും അമോൽ ഷിൻഡെയും പാർലമെന്റിന് പുറത്ത് പ്രതിഷേധിച്ചപ്പോൾ മറ്റു രണ്ടുപേർ വിസിറ്റേഴ്‌സ് ഗാലറിയിൽനിന്ന് ലോക്‌സഭയുടെ നടുത്തളത്തിലേക്ക് ചാടി കളർബോംബ് പ്രയോഗിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മറ്റു രണ്ടുപേരെക്കൂടി പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Adjust Story Font
16