Quantcast

'നടന്നത് ഗുരുതര സംഭവം, രാഷ്ട്രീയവത്ക്കരിക്കേണ്ട കാര്യമില്ല'; പാർലമെന്റ് അതിക്രമത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി

പാർലമെന്റിലെ സുരക്ഷാ വീഴ്ച നിസ്സാരമായി കാണാൻ സാധിക്കില്ലെന്നും മോദി

MediaOne Logo

Web Desk

  • Published:

    17 Dec 2023 6:32 AM GMT

PM Modi on Parliament security breach,Parliament  smoke attack, lok sabha security breach,security breach in lok sabha,lok sabha security breach news today,lok sabha,lok sabha live,lok sabha security breach news, security breach in lok sabha ,lok sabha security,security breach during lok sabha session
X

ന്യൂഡൽഹി: പാർലമെന്റിൽ നടന്നത് ഗുരുതരമായ സംഭവമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റിലെ സുരക്ഷാ വീഴ്ച നിസ്സാരമായി കാണാൻ സാധിക്കില്ല. പാർലമെന്റ് അതിക്രമത്തെ രാഷ്ട്രീയവൽക്കരിക്കേണ്ട കാര്യമില്ല. സംഭവവുമായി ബന്ധപ്പെട്ട ആഴത്തിലുള്ള അന്വേഷണം വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ദേശീയ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ലോക്‌സഭാ സ്പീക്കർ ഓം ബിർല അതീവ ഗൗരവത്തോടെയാണ് വിഷയത്തെ കാണുന്നതെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞതായി ദൈനിക് ജാഗരന്‍ റിപ്പോര്‍ട്ട് ചെയ്തു. പാർലമെന്റിൽ ചെറുപ്പക്കാർ അതിക്രമിച്ച് കയറിയ സംഭവം നടന്ന് നാല് ദിവസങ്ങൾക്ക് ശേഷമാണ് പ്രധാനമന്ത്രി ഇക്കാര്യത്തിൽ പ്രതികരിക്കുന്നത്.

ഈ മാസം 13 നാണ് പാർലമെന്റിന്റെ ഗാലറിയിൽ നിന്ന് രണ്ടു ചെറുപ്പക്കാർ എം.പിമാർ ഇരിക്കുന്ന ഭാഗത്തേക്ക് ചാടിവീഴുകയും മുദ്രാവാക്യം വിളിക്കുകയും സ്‌മോക്ക് സ്‌പ്രേ പ്രയോഗിക്കുകയും ചെയ്തത്. ഇതേസമയം തന്നെ പാർലമെന്റിന് പുറത്തും രണ്ടുപേർ പ്രതിഷേധിച്ചിരുന്നു.

സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. പ്രതികളുമായി ഇന്ന് പാർലമെന്റിൽ തെളിവെടുപ്പ് നടത്തിയേക്കും. പാർലമെന്റിൽ കടന്നു കയറാനുള്ള ഗൂഢാലോചന രണ്ടുവർഷമായി നടന്നു വരികയായിരുന്നുവെന്ന് ഡൽഹി പൊലീസ് അറിയിച്ചു.

പാർലമെന്റ് ആക്രമണകേസിൽ പൊലീസ് കസ്റ്റഡിയിലുള്ള ആറു പ്രതികളെയും ചോദ്യം ചെയ്യൽ തുടരുകയാണ്. പ്രതികൾക്ക് ഏതെങ്കിലും തീവ്രസ്വഭാവമുള്ള സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മുഖ്യ പ്രതി ലളിത് ഝായുടെ കൂട്ടാളിയായ കൈലാഷിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.

സാഗർ ശർമ്മ, മനോരഞ്ജൻ , ലളിത് ഝാ എന്നിവരുമായാണ് തെളിവെടുപ്പ് നടത്തുക. സംഭവം പുനഃസൃഷ്ടിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഫോറൻസിക് പരിശോധനയ്ക്ക് അയച്ച മെബൈൽ ഫോണിന്റെ ഭാഗങ്ങളിൽ നിന്നും വിവരങ്ങൾ ലഭിക്കും എന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. പ്രതികൾ താമസിച്ച ഗുരുഗ്രാമിലെ വീട്ടിലെ ഗ്രഹനാഥൻ വിക്കി ശർമ്മ, ഭാര്യ എന്നിവരെ സാക്ഷികളാക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. അതേസമയം, തന്റെ തൊഴിലില്ലായ്മ പ്രശ്നം പ്രധാനമന്ത്രിയെ നേരിട്ട് അറിയിക്കാനാണ് മകൻ ഡൽഹിക്ക് പോയതെന്ന് ലളിത് ഝായുടെ മാതാപിതാക്കൾ പറഞ്ഞു.എന്നാൽ പാർലമെന്റിൽ അതിക്രമിച്ച് കയറാനുള്ള ഗൂഢാലോചന രണ്ടുവർഷമായി നടന്നു വരികയായിരുന്നുവെന്നും പ്രതികൾ മൈസൂരു, ഡൽഹി, ഗുഡ്ഗാവ് എന്നിവിടങ്ങളിൽ വച്ച് നിരവധി ചർച്ചകൾ നടത്തി എന്നും പൊലീസ് വ്യക്തമാക്കുന്നു.

TAGS :

Next Story