എം.പിമാരുടെ സസ്പെന്‍ഷന്‍; പാര്‍ലമെന്‍റിന്‍റെ ഇന്നും പ്രതിപക്ഷ പ്രതിഷേധം തുടരും
ബി.ജെ.പി ജനാധിപത്യത്തെ അട്ടിമറിക്കുന്നു എന്ന് ആരോപിച്ച് ഇൻഡ്യ മുന്നണി പാർലമെന്‍റിനകത്തും പുറത്തും പ്രതിഷേധം ശക്തമാക്കും
എം.പിമാരുടെ പ്രതിഷേധം
ഡല്‍ഹി: 92 എം.പിമാരുടെ സസ്പെൻഷൻ ഉയർത്തി പാർലമെന്‍റിന്‍റെ ഇരുസഭകളിലും ഇന്നും പ്രതിഷേധിക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. ബി.ജെ.പി ജനാധിപത്യത്തെ അട്ടിമറിക്കുന്നു എന്ന് ആരോപിച്ച് ഇൻഡ്യ മുന്നണി പാർലമെന്‍റിനകത്തും പുറത്തും പ്രതിഷേധം ശക്തമാക്കും. സഭയ്ക്കകത്തെ ഭൂരിഭാഗം പ്രതിപക്ഷ എം.പിമാരെയും പുറത്താക്കിയ സാഹചര്യത്തിൽ ക്രിമിനൽ നിയമങ്ങളുടെ പേരുമാറ്റം ഉൾപ്പെടെയുള്ള സുപ്രധാന ബില്ലുകൾ പാസാക്കിയെടുക്കാനാണ് കേന്ദ്രസർക്കാരിന്‍റെ ശ്രമം.
പാർലമെന്‍റിന്‍റെ കഴിഞ്ഞ 34 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്രയധികം പ്രതിപക്ഷ എം.പിമാരെ ഒറ്റദിവസംകൊണ്ട് പുറത്താക്കുന്നത്. രാജ്യസഭയിലെയും ലോക്സഭയിലെയും 46 വീതം എം.പിമാർ ആണ് സഭയിലെ പ്രതിഷേധത്തിന്‍റെ പേരിൽ സസ്പെൻഷൻ നടപടി നേരിടുന്നത്. പാർലമെന്‍റ് ശൈത്യകാല സമ്മേളനം വെള്ളിയാഴ്ച അവസാനിക്കാനിരിക്കവെയാണ്. ഇരു സഭാ അധ്യക്ഷന്മാരും കടുത്ത നടപടികളിലേക്ക് കടന്നത്. ക്രിമിനൽ നിയമങ്ങളുടെ പേരുമാറ്റം ഉൾപ്പെടെ നിർണായകമായ പല ബില്ലുകളും അവശേഷിക്കുന്ന ദിനങ്ങളിൽ ലോക്സഭയും രാജ്യസഭയും പരിഗണിക്കും. ബില്ലുകളിന്മേൽ ചർച്ചയുണ്ടാകാതിരിക്കാനാണ് പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്തതെന്ന് ഇൻഡ്യ മുന്നണി നേരത്തെ ആരോപിച്ചിരുന്നു.
സഭയിലെ ഇൻഡ്യ മുന്നണി നേതാക്കൾ ഇന്നും മല്ലികാർജുൻ ഖാർഗയുടെ ചേമ്പറിൽ രാവിലെ യോഗം ചേരും. സഭയ്ക്കുള്ളിൽ അംഗ ബലം കുറവാണെങ്കിലും പാർലമെൻറിന് പുറത്ത് ശക്തമായി പ്രതിഷേധിക്കാനാണ് ഇൻഡ്യ മുന്നണി നീക്കം. അതേസമയം പ്രതിപക്ഷമില്ലാത്ത പാർലമെന്‍റില്‍ ബില്ലുകൾ അവതരിപ്പിച്ച എത്രയും പെട്ടെന്ന് സഭാ സമ്മേളനം പൂർത്തിയാക്കുക എന്നതാണ് കേന്ദ്രസർക്കാരിന്‍റെ ലക്ഷ്യം. ലോക്സഭ നേരത്തെ പാസാക്കിയ ജമ്മു കശ്മീർ പുനസംഘടന രണ്ടാം ഭേദഗതി ബിൽ, കേന്ദ്രഭരണ പ്രദേശ ഭേദഗതി ബിൽ എന്നിവ ഇന്ന് രാജ്യസഭ പരിഗണിക്കും. ക്രിമിനൽ നിയമങ്ങളുടെ പേരുമാറ്റുന്ന ബില്ലുകൾ ഉൾപ്പെടെ 7 ബില്ലുകൾ ആണ് ഇന്ന് ലോക്സഭയുടെ പരിഗണനയ്ക്കായി എത്തുന്നത്.
Adjust Story Font
16