Quantcast

വിഭജനഭീതി ദിനം; സ്വാതന്ത്ര്യ ദിനാഘോഷത്തിലും വോട്ടിൽ കണ്ണെറിഞ്ഞ് മോദി

അടുത്ത വർഷം ഫെബ്രുവരി-മാർച്ചിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ ലക്ഷ്യം വച്ചുള്ള നീട്ടിയേറാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനമെന്ന് വ്യക്തം

MediaOne Logo

Web Desk

  • Published:

    14 Aug 2021 10:37 AM GMT

വിഭജനഭീതി ദിനം; സ്വാതന്ത്ര്യ ദിനാഘോഷത്തിലും വോട്ടിൽ കണ്ണെറിഞ്ഞ് മോദി
X

ന്യൂഡൽഹി: ആഗസ്റ്റ് 14 വിഭജന ഭീതി ഓർമദിനമായി ആചരിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനത്തിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങൾ. ഉത്തർപ്രദേശ് അടക്കം അഞ്ച് നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിലാണ് പ്രധാനമന്ത്രി സ്വാതന്ത്ര്യദിനത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത്.

പ്രധാനമന്ത്രിയുടെ പ്രസ്താവന

'വിഭജനത്തിൻറെ വേദന ഒരിക്കലും മറക്കാനാകില്ല. നമ്മുടെ ദശലക്ഷക്കണക്കിന് സഹോദരന്മാർക്കും സഹോദരിമാർക്കും പലായനം ചെയ്യേണ്ടി വന്നു. വിദ്വേഷവും അക്രമവും കാരണം ജീവൻ നഷ്ടമായി. നമ്മുടെ ജനങ്ങളുടെ പോരാട്ടത്തിന്റെയും ത്യാഗത്തിന്റെയും ഓർമയിൽ ആഗസ്റ്റ് 14ന് വിഭജനഭീതി ഓർമ ദിനമായി ആചരിക്കുകയാണ്' - എന്നാണ് മോദി ട്വീറ്റ് ചെയ്തത്. സാമൂഹിക വിഭജനത്തിന്റെയും അനൈക്യത്തിന്റെയും വിഷം സമൂഹത്തിൽ നിന്ന് നീക്കം ചെയ്യേണ്ടതിന്റെ ആവശ്യകതയും സാമൂഹികൈക്യവും മാനുഷിക ശാക്തീകരണവും കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ അനിവാര്യതയും വിഭജനഭീതി ദിനം ഓർമ്മപ്പെടുത്തട്ടെ- മോദി കുറിച്ചു.

വിഭജനത്തിന്റെ മുറിവ്

സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് അവസാനത്തെ ബ്രിട്ടീഷ് വൈസ്രോയി ലോർഡ് മൗണ്ട്ബാറ്റൺ 1947 ജൂൺ മൂന്നിന് പുറത്തിറക്കിയ പദ്ധതി പ്രകാരമാണ് ഇന്ത്യ വിഭജിക്കപ്പെട്ടത്. വർഷങ്ങൾ നീണ്ട കൂടിയാലോചനകൾക്ക് ഒടുവിലായിരുന്നു തീരുമാനം. ഇന്ത്യയും പാകിസ്താനും വെവ്വേറെ രാഷ്ട്രങ്ങളാക്കുന്ന പദ്ധതി മൗണ്ട്ബാറ്റൺ പ്ലാൻ എന്ന പേരിൽ അറിയപ്പെടുന്നു.

വിഭജനകാലത്തെ അഭയാര്‍ത്ഥി തീവണ്ടി


വിഭജന പ്രഖ്യാപനത്തിന് പിന്നാലെ ഇരുരാഷ്ട്രങ്ങളിലേക്കും കൂറ്റൻ പലായനങ്ങളുണ്ടായി. ഇതേത്തുടർന്നുണ്ടായ കലാപങ്ങളിൽ പത്തുലക്ഷം പേർ കൊല്ലപ്പെട്ടു എന്നാണ് അനൗദ്യോഗിക കണക്ക്. അഭയാർത്ഥികളെ കൊണ്ടുപോകാനായി മാത്രം ഇരുരാഷ്ട്രങ്ങൾക്കുമിടയിൽ റഫ്യൂജി സ്‌പെഷ്യൽ ട്രയിനുകൾ സർവീസ് നടത്തിയിരുന്നു.

ലക്ഷ്യം വോട്ടുബാങ്ക്

അടുത്ത വർഷം ഫെബ്രുവരി-മാർച്ചിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ ലക്ഷ്യം വച്ചുള്ള നീട്ടിയേറാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനമെന്ന് വ്യക്തം. യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നീ സംസ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ യുപിയിലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് അതിനിർണായകമാണ്.

ഏതു വിധേനയും യുപി നിലനിർത്താനാണ് ബിജെപിയുടെ ശ്രമം. പതിവു പോലെ ഭൂരിപക്ഷ ഏകീകരണത്തിന് ബിജെപി ശ്രമിക്കുമെന്ന് തീർച്ചയാണ്. വിഭജനം ഏറ്റവും കൂടുതൽ മുറിവേൽപ്പിച്ച ഉത്തർപ്രദേശിൽ മോദിയുടെ പ്രഖ്യാപനം സ്വാധീനം ചെലുത്തുമെന്ന് പാർട്ടി കണക്കു കൂട്ടുന്നു.

മോദിയുടെ പ്രസ്താവനയെ മുതിർന്ന കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിൻ ഗഡ്കരി, പിയൂഷ് ഗോയൽ എന്നിവർ ഏറ്റെടുത്തു. മോദിയെ അനുകൂലിച്ച് ട്വീറ്റിടുകയും ചെയ്തു. പാർട്ടി തീരുമാനം തന്നെയാണ് പ്രധാനമന്ത്രി നടപ്പാക്കുന്നത് എന്ന് വ്യക്തം.

ഏറെ പ്രതീക്ഷ വച്ച പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷമാണ് ബിജെപി യുപിയിൽ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 403 അംഗ സഭയിൽ 312 സീറ്റിലും ജയിച്ചാണ് 2017ൽ ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തിയിരുന്നത്.

TAGS :

Next Story