Quantcast

എല്ലാ കണ്ണും പട്‌നയിലേക്ക്; നാളെ പ്രതിപക്ഷ ഐക്യകാഹളം മുഴങ്ങുമോ?

യോഗത്തിൽ പങ്കെടുക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിന്നിരുന്നെങ്കിലും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, പാർലമെന്റ് അംഗം രാഘവ് ഛദ്ദ എന്നീ ആം ആദ്മി പാർട്ടി നേതാക്കൾ വൈകീട്ടോടെ പട്‌നയിലെത്തിയിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-06-22 16:54:59.0

Published:

22 Jun 2023 4:52 PM GMT

Patna Opposition meeting tomorrow, Delhi CM Arvind Kejriwal, Punjab CM Bhagwant Mann, West Bengal CM Mamata Banerjee reached Patna today evening, Patna Opposition meeting, Opposition meeting, mission 2024
X

പട്‌ന: 2024 പാർലമെന്റ് തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് നാളെ ബിഹാറിൽ നടക്കുന്ന പ്രതിപക്ഷ നേതൃമഹാസംഗമത്തിൽ ആം ആദ്മി നേതാക്കൾ പങ്കെടുക്കുമെന്നുറപ്പായി. യോഗത്തിനായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, പാർലമെന്റ് അംഗം രാഘവ് ഛദ്ദ എന്നിവർ പട്‌നയിലെത്തി.

ബിഹാർ മുഖ്യമന്ത്രിയും യോഗത്തിന്റെ മുഖ്യസൂത്രധാരനുമായ നിതീഷ് കുമാറുമായി കെജ്രിവാളും ഭഗവന്തും കൂടിക്കാഴ്ച നടത്തിയതായി വാർത്താ ഏജൻസി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. വൈകീട്ടായിരുന്നു കൂടിക്കാഴ്ച. നിതീഷ് ഇരുവരെയും സ്വീകരിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

വൈകീട്ടോടെ ബിഹാർ തലസ്ഥാനമായ കെജ്രിവാളും ഭഗവന്തും പട്‌നയിലെ സാഹിബ് ഗുരുദ്വാര സന്ദർശിച്ചു. തുടർന്നായിരുന്നു നിതീഷുമായുള്ള കൂടിക്കാഴ്ച. നേരത്തെ യോഗത്തിൽ സംബന്ധിക്കാൻ ആം ആദ്മി പാർട്ടി സമ്മർദം ശക്തമാക്കിയിരുന്നു. കേന്ദ്ര ഓർഡിനൻസിനെതിരെ മറ്റുകക്ഷികളുടെ പിന്തുണയുണ്ടെങ്കിൽ മാത്രമേ യോഗത്തിൽ പങ്കെടുക്കൂവെന്നാണ് നേതാക്കൾ വ്യക്തമാക്കിയത്.

യോഗത്തിൽ പങ്കെടുക്കാനായി ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി നേരത്തെത്തന്നെ പട്‌നയിലെത്തിയിട്ടുണ്ട്. പട്‌ന സർക്യൂട്ട് ഹൗസിലെത്തി നിതീഷ് മമതയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്. ആർ.ജെ.ഡി ആചാര്യൻ ലാലുപ്രസാദ് യാദവിനെയും ഇന്ന് മമത നേരിൽകണ്ടു.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ തലവനുമായ എം.കെ സ്റ്റാലിൻ, ജാർഖണ്ഡ് മുഖ്യമന്ത്രിയും ജെ.എം.എം നേതാവുമായ ഹേമന്ത് സോറൻ, എൻ.സി.പി തലവൻ ശരദ് പവാർ, ജമ്മു കശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി അധ്യക്ഷ മെഹബൂബ മുഫ്തി തുടങ്ങിയ നേതാക്കളെല്ലാം യോഗത്തിൽ സംബന്ധിക്കും. നേരത്തെ നിശ്ചയിച്ച കുടുംബ പരിപാടിയുള്ളതിനാൽ സംബന്ധിക്കാനാകില്ലെന്ന് രാഷ്ട്രീയലോക് ദൾ അധ്യക്ഷൻ ജയന്ത് ചൗധരിയും നിതീഷിനെ നേരിട്ട് അറിയിച്ചു.

അതേസമയം, പ്രതിപക്ഷ സംഗമത്തിനായി വൻ ഒരുക്കമാണ് പട്‌നയിൽ നടക്കുന്നത്. നിതീഷിന്റെ വസതിയിൽവച്ചാണ് ദേശീയരാഷ്ട്രീയം ഉറ്റുനോക്കുന്ന യോഗം നടക്കുന്നത്. നേതാക്കന്മാർ ഇന്നുരാത്രി ഗസ്റ്റ് ഹൗസിൽ തങ്ങും. നേതാക്കന്മാരെ സ്വാഗതം ചെയ്ത് പട്‌നയിൽ ഫ്‌ളക്‌സുകളും കമാനങ്ങളും ഉയർന്നിട്ടുണ്ട്.

അതേസമയം, ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവും യോഗത്തിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ചിട്ടുണ്ട്. ബി.എസ്.പി നേതാവ് മായാവതിയെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുമില്ല.

Summary: All set for Opposition meeting in Bihar on tomorrow, June 23, as Delhi CM Arvind Kejriwal, Punjab CM Bhagwant Mann, West Bengal CM Mamata Banerjee reached Patna today evening

TAGS :

Next Story