ബാങ്ക് സമയത്ത് ക്ഷേത്രത്തിലെ ഉച്ചഭാഷിണി ഓഫ്; ക്ഷേത്രത്തിലെത്തുന്നവർക്ക് പള്ളിവക സർബത്ത്- മതമൈത്രിയുടെ ബിഹാർ കാഴ്ച
''ഞങ്ങൾക്ക് ബാങ്കിനോട് ഒരു പ്രശ്‌നവുമില്ല; അവർക്ക് കീർത്തനങ്ങളോടും. ഈ സാഹോദര്യം നിലനിർത്തി പലപ്പോഴും പരസ്പരം സഹായിക്കുകയാണ് ഞങ്ങൾ ചെയ്യാറ്.'' മഹാവീർ മന്ദിർ ചെയർമാൻ കിഷോർ കുനാൽ
പട്‌ന: ഹിജാബ് വിലക്കിനുശേഷം മുസ്‌ലിം ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്ന മുറവിളികളുമായി സംഘ്പരിവാർ സംഘടനകൾ വിവിധ സംസ്ഥാനങ്ങളിൽ നിലപാട് കടുപ്പിച്ചിരിക്കുകയാണ്. ഇത്തരം വിദ്വേഷ വാർത്തകൾക്കിടയിൽ ബിഹാർ തലസ്ഥാനമായ പട്‌നയിൽ തൊട്ടുരുമ്മിനിൽക്കുന്ന പള്ളിക്കും ക്ഷേത്രത്തിനും പറയാൻ മതമൈത്രിയുടെ മറ്റൊരു കഥയാണുള്ളത്. പള്ളിയിൽനിന്ന് ബാങ്ക് കൊടുക്കുമ്പോൾ ക്ഷേത്രത്തിൽ ഉച്ചഭാഷിണി ഓഫ് ചെയ്യും. ക്ഷേത്രത്തിലെത്തുന്ന വിശ്വാസികളെ പള്ളി ഭാരവാഹികൾ സർബത്ത് നൽകി സ്വീകരിച്ചിരുത്തും.
ബിഹാർ നഗരമധ്യത്തിൽ 50 മീറ്റർ മാത്രം അകലത്തിലാണ് മഹാവീർ മന്ദിറും ജുമാമസ്ജിദും സ്ഥിതി ചെയ്യുന്നത്. ആഴ്ചകൾക്കുമുൻപ് കഴിഞ്ഞ രാമനവമി ദിനത്തിലായിരുന്നു മതസാഹോദര്യത്തിന്റെ വേറിട്ട കാഴ്ചയ്ക്ക് പള്ളിയും ക്ഷേത്രവും സാക്ഷിയായത്. രാമനവമി ദിനത്തിൽ പുലർച്ചെ മുതൽ ക്ഷേത്രത്തിൽനിന്ന് തുടർച്ചയായി ഭജനകളും കീർത്തനങ്ങളും ഉച്ചഭാഷിണിവഴി പ്രക്ഷേപണം ചെയ്തിരുന്നു. എന്നാൽ, ബാങ്ക് സമയത്ത് ക്ഷേത്രത്തിലെ ഉച്ചഭാഷിണി ഓഫ് ചെയ്യുകയായിരുന്നു.
അതേസമയം, രാമനവമി ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തിലെത്തിയ വിശ്വാസികൾക്ക് സർബത്ത് വിതരണം ചെയ്തായിരുന്നു പള്ളി ഭാരവാഹികളുടെ മറുപടി. പാനീയം കുടിക്കാൻ പള്ളിക്കുമുൻപിൽ നീണ്ട വരിയായിരുന്നുവെന്ന് മസ്ജിദ് കമ്മിറ്റി ചെയർമാൻ ഫൈസൽ ഇമാം വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു. ക്ഷേത്രത്തിൽ ദിവസം മുഴുവൻ ഉച്ചഭാഷിണിയിൽ ഭജനയും കീർത്തനങ്ങളും പ്രക്ഷേപണം ചെയ്തിരുന്നു. എന്നാൽ, ബാങ്കിന്റെ സമയത്ത് ആദരം പ്രകടിപ്പിച്ച് അവർ ഓഫാക്കുകയാണ് ചെയ്തത്. ഇതാണ് സൗഹാർദത്തിന്റെ ഭാവമായിരുന്നു അതെന്ന് ഫൈസൽ ഇമാം പറഞ്ഞു.
തങ്ങൾക്ക് ബാങ്കിനോട് ഒരു പ്രശ്‌നവുമില്ലെന്ന് മഹാവീർ മന്ദിർ ചെയർമാൻ കിഷോർ കുനാൽ എ.എൻ.ഐയോട് പറഞ്ഞു. അവർക്ക് ശ്ലോകങ്ങളോടും പ്രശ്‌നമുണ്ടായിരുന്നില്ല. ഞങ്ങൾ സാഹോദര്യം നിലനിർത്തുകയും പലപ്പോഴും പരസ്പരം സഹായിക്കുകയും ചെയ്യാറുമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തിൽ പള്ളിയിലെ ഉച്ചഭാഷിണി നീക്കം ചെയ്യില്ലെന്ന് കഴിഞ്ഞ ദിവസം പ്രമേയം പാസാക്കിയിരുന്നു. മറാത്ത്വാഡ മേഖലയിലെ ജൽന ജില്ലയിലെ ധസ്ല പിർവാഡി പഞ്ചായത്താണ് ഉച്ചഭാഷിണികൾ നീക്കില്ലെന്ന പ്രമേയം പാസാക്കിയത്. തങ്ങളുടെ ദൈനംദിന ജീവിതത്തിലെ പ്രധാനഭാഗമാണ് പള്ളിയിൽനിന്ന് വിവിധ നേരങ്ങളിൽ ഉയരുന്ന ബാങ്കുവിളികളെന്ന് ഗ്രാമീണർ പറയുന്നു. ധസ്ല, പിർവാഡി എന്നീ രണ്ട് ഗ്രാമങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ പഞ്ചായത്ത്. ധസ്ലയിൽ ഹിന്ദുക്കളും മുസ്ലിംകളും ഇടകലർന്നാണ് ജീവിക്കുന്നതെങ്കിൽ പിർവാഡിയിൽ കൂടുതലും ഹിന്ദുക്കളാണ്. ബാങ്കുവിളിക്കായി ഐകകണ്‌ഠ്യേനെയാണ് പഞ്ചായത്ത് പ്രമേയം പാസാക്കിയത്.
Summary: Patna, Bihar, temple turns down loudspeakers during azaan, mosque committee offers Sharbat to devotees coming to temple
Adjust Story Font
16