മുസ്‌ലിംകൾക്ക് 100 ശതമാനം സംവരണം, 'നൗക്രി ജിഹാദ്'- പവൻ ഹാൻസിനെതിരെ വിദ്വേഷ പ്രചാരണവുമായി സുദർശൻ ന്യൂസ്
പവൻ ഹാൻസ് ലിമിറ്റഡിൽ അപ്രന്റീസ്ഷിപ്പിനായി തിരഞ്ഞെടുക്കപ്പെട്ട പത്തുപേരും മുസ്‌ലിംകളാണെന്നു ചൂണ്ടിക്കാട്ടിയാണ് പുതിയ പ്രചാരണം
ന്യൂഡൽഹി: തൊഴില്‍ ജിഹാദ് ആരോപണവുമായി സുദർശൻ ന്യൂസും ചാനൽ എഡിറ്റർ ഇൻ ചീഫ് സുരേഷ് ചാവങ്കെയും വീണ്ടും രംഗത്ത്. 'യു.പി.എസ്.സി ജിഹാദ്' കാംപയിനിനും ഏറ്റവുമൊടുവിൽ പ്രമുഖ ഭക്ഷ്യോല്‍പാദന കമ്പനി ഹൽദിറാമിനെതിരായ വാർത്തകൾക്കും പിന്നാലെയാണ് സുദർശൻ ന്യൂസിന്റെ നേതൃത്വത്തിൽ പുതിയ വിദ്വേഷ പ്രചാരണം. കേന്ദ്ര സർക്കാരിനു കീഴിലുള്ള ഹെലികോപ്ടർ സേവനദാതാക്കളായ പവൻ ഹാൻസിൽ വ്യാപകമായി മുസ്‍ലിംകളെ റിക്രൂട്ട് ചെയ്യുന്നുവെന്ന ആരോപണമാണ് പുതുതായി ചാനൽ ഉയർത്തിയിരിക്കുന്നത്.
'പവൻ ഹാൻസിൽ 100 ശതമാനം മുസ്‌ലിം സംവരണം'
ഒരു സോഷ്യൽ മീഡിയ കുറിപ്പിലൂടെയാണ് സുരേഷ് ചാവങ്കെ പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടത്. പൊതുമേഖലാ ഹെലികോപ്ടർ കമ്പനിയായ പവൻ ഹാൻസ് ലിമിറ്റഡിൽ അപ്രന്റീസ്ഷിപ്പിനായി തിരഞ്ഞെടുക്കപ്പെട്ട പത്തുപേരും മുസ്‌ലിംകളാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പ്രചാരണം. ജാമിഅ മില്ലിയ്യ സർവകലാശാലാ വിദ്യാർത്ഥികളാണ് ഇവരെല്ലാം. പവൻ ഹാൻസിൽ ഹിന്ദുക്കൾക്ക് ജോലി നിഷേധിക്കുകയാണെന്നും മുസ്‌ലിംകൾക്ക് 100 ശതമാനം സംവരണം വച്ചിട്ടുണ്ടെന്നും ചാവങ്കെ ആരോപിച്ചു.
പിന്നാലെ ഹിന്ദുത്വ നേതാവായ രാഗിണി തിവാരിയുടെ നേതൃത്വത്തിൽ ഒരു സംഘം ന്യൂഡൽഹിലെ പവൻ ഹാൻസ് ഓഫീസിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചു. കമ്പനി ആസ്ഥാനത്തേക്കുള്ള ഗേറ്റ് അടച്ചിട്ടിരുന്നതിനാൽ ഗേറ്റ് ചാടിക്കടന്നായിരുന്നു സംഘം അകത്തു കടന്നത്. മുസ്‌ലിംകൾക്കെതിരെയും ജാമിഅ മില്ലിയ്യയ്‌ക്കെതിരെയും കടുത്ത ഭാഷയിലുള്ള വിദ്വേഷ മുദ്രാവാക്യം മുഴക്കുകയും ചെയ്തു സംഘം.
ഹിന്ദുക്കളുടെ പണം കൊണ്ട് മുസ്‌ലിംകൾക്കാണ് ജോലി നൽകുന്നതെന്ന് രാഗിണി തിവാരി ആരോപിച്ചു. മോദിയെയും യോഗിയെയും എതിർക്കുന്ന ജാമിഅ മില്ലിയ്യയിലെ ഭീകരവാദികൾക്ക് എന്തിനാണ് ജോലി നൽകുന്നതെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത മറ്റൊരാൾ ചോദിച്ചു. മുസ്‌ലിംകളെയെല്ലാം പുറത്താക്കി ഹിന്ദുക്കൾക്ക് ജോലി നേടിക്കൊടുത്ത ശേഷമേ അടങ്ങൂവെന്നും ഇവർ വ്യക്തമാക്കി.
'മാനദണ്ഡം മെറിറ്റ് മാത്രം'
പവൻ ഹാൻസ് ലിമിറ്റഡുമായി ചേർന്ന് എയറനോട്ടിക്‌സിൽ ജാമിഅ മില്ലിയ്യ സർവകലാശാല നിലവിലൊരു ബിരുദ കോഴ്‌സ് നടത്തുന്നുണ്ട്. ഏവിയോനിക്‌സ്, മെക്കാനിക്ക് എന്നീ ബാച്ചുകളിൽ 30 വീതം പേരായി മൊത്തം 60 പേർക്കാണ് കോഴ്‌സിൽ ഒരു വർഷം പ്രവേശനം നൽകുന്നത്.
സെൽഫ് ഫിനാൻസ് കോഴ്‌സാണിത്. 1.3 ലക്ഷമാണ് വാർഷിക കോഴ്‌സ് ഫീ. കോഴ്‌സ് ഫീയുടെ 70 ശതമാനവും പവൻ ഹാൻസിലേക്കാണ് പോകുന്നത്. 30 ശതമാനം മാത്രമേ സർവകലാശാലയ്ക്ക് ലഭിക്കൂ. കോഴ്‌സ് പൂർത്തിയാക്കുന്നവരിൽ നിശ്ചിത ശതമാനം പേർക്ക് കമ്പനിയിൽ തൊഴിൽ പരിശീലനത്തിനും അവസരം ലഭിക്കും.
എന്നാൽ, ആറ് സെമസ്റ്ററുകളിലെ മൊത്തം മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും അപ്രന്റീസ്ഷിപ്പിന് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുക. ഇത്തവണ 30 പേരാണ് അഭിമുഖത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇതിൽ രണ്ടു വീതം മുസ്‌ലിംകളും ഹിന്ദുക്കളും ഉൾപ്പെടെ നാലുപേർ വ്യക്തിപരമായ കാരണങ്ങളാൽ അഭിമുഖത്തിൽ പങ്കെടുത്തില്ല. ബാക്കി 26 പേരിൽ 10 പേരാണ് ഇതിന് തിരഞ്ഞെടുക്കപ്പെട്ടത്.
അതേസമയം, പൂർണമായും മെറിറ്റ് അടിസ്ഥാനത്തിലും സുതാര്യമായുമാണ് സെലക്ഷൻ പ്രക്രിയ നടക്കുന്നതെന്നാണ് വ്യക്തിപരമായ കാരണങ്ങളാൽ അഭിമുഖത്തിൽ പങ്കെടുക്കാതിരുന്ന ശുഭ് സോളങ്കി
'ദ വയറി'നോട് പറഞ്ഞത്. ഹിന്ദു വിദ്യാർത്ഥിയായ തനിക്ക് ജാമിഅയിൽ ഒരു തരത്തിലുമുള്ള വിവേചനമുണ്ടായിട്ടില്ലെന്നും വ്യക്തിപരമായ കാരണങ്ങളാലാണ് താനും സുഹൃത്ത് ദീപിത് ഗോയലും അഭിമുഖത്തിൽ പങ്കെടുക്കാതിരുന്നതെന്നും സോളങ്കി വ്യക്തമാക്കി.
Summary: 100% reservation for Muslims and 'Naukri Jihad' - Sudarshan News launches new hate campaign against public sector helicopter company Pawan Hans Limited
Adjust Story Font
16