Quantcast

തെലങ്കാനയില്‍ തെരഞ്ഞെടുപ്പിനൊരുങ്ങി ജെഎസ്‍പി; വരാഹിയില്‍ ഉടന്‍ പ്രചരണം തുടങ്ങുമെന്ന് പവന്‍ കല്യാണ്‍

തെലങ്കാന പ്രസ്ഥാനത്തിന്‍റെ അഭിലാഷങ്ങൾ നിറവേറ്റാൻ ജെഎസ്പി പ്രവർത്തിക്കുമെന്ന് പവൻ കല്യാൺ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    13 Jun 2023 7:03 AM GMT

pawan kalyan varahi
X

പവന്‍ കല്യാണ്‍

ഹൈദരാബാദ്: തെലങ്കാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി ജന സേന പാര്‍ട്ടി( ജെഎസ്‍പി). ഇതിനു മുന്നോടിയായി 26 മണ്ഡലങ്ങളിലേക്ക് നേതാക്കളെ ചുമതലപ്പെടുത്തി. തെലങ്കാനയിൽ നിന്നുള്ള ജെഎസ്പി നേതാക്കളുമായി ജെ.എസ്.പി അധ്യക്ഷനും നടനും കൂടിയായ പവന്‍ കല്യാണ്‍ കൂടിക്കാഴ്ച നടത്തുകയും നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറാവാൻ നിർദേശിക്കുകയും ചെയ്തു.


തെലങ്കാന പ്രസ്ഥാനത്തിന്‍റെ സ്വപ്നങ്ങള്‍ നിറവേറ്റാൻ ജെഎസ്പി പ്രവർത്തിക്കുമെന്ന് പവൻ കല്യാൺ പറഞ്ഞു.1,300 രക്തസാക്ഷികളാണ് തെലങ്കാനയ്ക്കുവേണ്ടി ജീവൻ ബലിയർപ്പിച്ചതെന്നും പ്രത്യേക സംസ്ഥാനം നേടിയെടുത്തെങ്കിലും അവരുടെ പ്രതീക്ഷകൾ സഫലമായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്രയധികം പുതുമുഖങ്ങൾക്ക് ഒരു പാർട്ടിയും അവസരം നൽകിയിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം മണ്ഡലം ഭാരവാഹികളോട് അവസരം പ്രയോജനപ്പെടുത്താൻ ആവശ്യപ്പെട്ടു.തെലങ്കാനയിൽ തന്‍റെ പ്രത്യേക പ്രചാരണ വാഹനമായ 'വരാഹി'യിൽ ഉടൻ പ്രചാരണം നടത്തുമെന്ന് പവൻ കല്യാൺ ജെഎസ്പി നേതാക്കളോട് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പ്രചരണത്തിനും മറ്റുമായി ഇറക്കിയ വാഹനമാണ് വരാഹി. സൈനിക വാഹനങ്ങളോട് കിടപിടിക്കുന്ന അത്യാഡംബര ട്രക്കാണ് വരാഹി. വാഹനത്തിന്‍റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ഡിസംബറില്‍ താരം തന്നെ പുറത്തുവിട്ടിരുന്നു.

തെലങ്കാനയിൽ ജെഎസ്പി തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കഴിഞ്ഞ വർഷം മേയിൽ പവൻ കല്യാൺ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ 20 ശതമാനം മണ്ഡലങ്ങളിലും പാർട്ടി സ്ഥാനാർഥികളെ നിർത്തിയേക്കുമെന്നും എന്നാൽ സീറ്റുകളുടെ എണ്ണത്തെക്കുറിച്ചോ മറ്റ് പാർട്ടികളുമായുള്ള സഖ്യത്തെക്കുറിച്ചോ പാർട്ടിയിൽ ചർച്ച ചെയ്ത ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.



119 അംഗ തെലങ്കാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ വർഷം നവംബർ-ഡിസംബർ മാസങ്ങളിൽ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് ബിവിഎസ്എൻ പ്രസാദ് തിങ്കളാഴ്ച പവൻ കല്യാണിന്‍റെ സാന്നിധ്യത്തിൽ ജെഎസ്പിയിൽ ചേർന്നിരുന്നു. പവൻ കല്യാൺ നായകനായ 'അത്താരിന്റിക്കി ദാരേദി'യുടെ നിർമ്മാതാവായിരുന്നു പ്രസാദ്.തിങ്കളാഴ്ച മംഗളഗിരിയിലെ ജെഎസ്പി ഹെഡ് ഓഫീസിൽ നടന്ന മതപരമായ ചടങ്ങുകളിൽ പവൻ കല്യാൺ പങ്കെടുത്തിരുന്നു. വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ ഭരണം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആന്ധ്രാപ്രദേശിൽ സംഘടിപ്പിക്കുന്ന വരാഹി യാത്ര ജൂൺ 14 ന് ആരംഭിക്കും.

TAGS :

Next Story