ജമ്മുകശ്മീരിൽ നിര്‍ണായക ശക്തിയാകുമെന്ന് പ്രതീക്ഷിച്ച പിഡിപിക്ക് ഏറ്റത് കനത്ത തിരിച്ചടി
മുഫ്തി കുടുംബത്തിന്റെ ഉരുക്കുകോട്ടയായിരുന്ന ബിജ്ബെഹറയിൽ ഇൽതിജ മുഫ്തി തോറ്റത് പാർട്ടിക്ക് വലിയ തിരിച്ചടിയായി
ന്യൂഡൽഹി: ജമ്മുകശ്മീരിൽ ആര് ഭരിക്കണമെന്ന് നിശ്ചയിക്കും വിധം നിര്‍ണായക ശക്തിയാകുമെന്ന് പ്രതീക്ഷിച്ച പിഡിപിക്ക് ഏറ്റത് കനത്ത തിരിച്ചടി. വെറും മൂന്ന് സീറ്റില്‍ മാത്രമാണ് പിഡിപിക്ക് വിജയിക്കാൻ സാധിച്ചത്. മുഫ്തി കുടുംബത്തിന്റെ ഉരുക്കുകോട്ടയായിരുന്ന ബിജ്ബെഹറയിൽ മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ തോറ്റത് പാർട്ടിക്ക് വലിയ തിരിച്ചടിയായി.
2014 ൽ നടന്ന തെരഞ്ഞെടുപ്പിന് സമാനമായി ഇത്തവണയും ജമ്മുകശ്മീരിൽ മികച്ച വിജയം ഉണ്ടാകും എന്ന് ആത്മവിശ്വാസത്തിലായിരുന്നു മെഹബൂബാ മുഫ്തിയുടെ പിഡിപി. എന്നാൽ അപ്രതീക്ഷിത തോൽവിയാണ് പാർട്ടിക്ക് ഏറ്റത്. കുടുംബാധിപത്യം ഇല്ലാതാക്കുമെന്ന ബിജെപിയുടെ പ്രഖ്യാപനം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അവരുടെ സഖ്യകക്ഷിയായിരുന്ന പിഡിപിയുടെ കാര്യത്തിലാണ് അച്ചട്ടായത്.
2014 ലെ തിരഞ്ഞെടുപ്പിനു ശേഷം ബിജെപിയുമായി സഖ്യത്തിലായിരുന്നെങ്കിലും 2018 ഓടെ ബന്ധം തകർന്നിരുന്നു. 2014 ലെ തിരഞ്ഞെടുപ്പിൽ 28 സീറ്റുകളാണ് പിഡിപി നേടിയത്. ജമ്മു കശ്മീരിൽ പിഡിപിക്കുള്ള സ്വാധീനം വലിയ തോതിൽ ഇടിഞ്ഞതായി ലോക്സഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ തന്നെ സൂചന നൽകിയിരുന്നു.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച പിഡിപിക്ക് ഒരു സീറ്റുപോലും നേടാൻ സാധിച്ചിരുന്നില്ല. അതിന് തുടർച്ചയെന്നോണം നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പതിനടുത്ത് സീറ്റിൽ മത്സരിച്ചവർ വെറും മൂന്ന് സീറ്റിലേക്ക് അവർ കൂപ്പുകുത്തിയത്.
നാഷണൽ കോൺഫറൻസ് - കോൺഗ്രസ് സഖ്യം സർക്കാർ രൂപീകരിക്കുമ്പോൾ മൂന്ന് സീറ്റുമായി സർക്കാരിന്റെ ഭാഗമാകണമോയെന്ന് മെഹബൂബ മുഫ്തി ഉടൻ തീരുമാനമെടുക്കും.
Adjust Story Font
16