പെഗാസസ് കേസ്; സുപ്രീംകോടതി നിയോഗിച്ച സമിതി റിപ്പോർട്ട് സമർപ്പിച്ചു
ഈ മാസം 12ന് സുപ്രീംകോടതി ഉള്ളടക്കം വിലയിരുത്തും
ഡല്‍ഹി: പെഗാസസ് കേസിൽ സുപ്രീംകോടതി നിയോഗിച്ച സമിതി റിപ്പോർട്ട് സമർപ്പിച്ചു. റിട്ടേഡ് ജസ്റ്റിസ് ആര്‍.വി രവീന്ദ്രൻ അധ്യക്ഷനായ സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഈ മാസം 12ന് സുപ്രീംകോടതി ഉള്ളടക്കം വിലയിരുത്തും. ഡിജിറ്റൽ ഫോറൻസിക് പരിശോധന ഫലം അടക്കമുള്ളതാണ് റിപ്പോർട്ട്.
ചീഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിക്കുന്നത്. ഇസ്രായേലി ചാര സോഫ്റ്റ്‍വെയറായ പെഗാസസ് 2017ൽ ഒരു പ്രതിരോധ ഇടപാടിന്‍റെ ഭാഗമായി ഇന്ത്യ വാങ്ങിയെന്ന ന്യൂയോർക്ക് ടൈംസ് വെളിപ്പെടുത്തലിനെ തുടർന്നാണ് വീണ്ടും പെഗാസസ് വിവാദമായത്.
കേസിൽ അന്വേഷണം പൂർത്തിയാക്കാൻ വിദഗ്ധ സമിതിക്ക് സുപ്രീംകോടതി കഴിഞ്ഞ മേയില്‍ കൂടുതൽ സമയം അനുവദിച്ചിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി 29 ഫോണുകൾ സാങ്കേതിക സംഘം പരിശോധിച്ചെന്ന് കോടതി വ്യക്തമാക്കിയിരുന്നു.ഹരജിയിൽ ഇനി ജൂലൈയിലാണ് കോടതി വിശദമായ വാദം കേൾക്കുക. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സുപ്രീം കോടതി ഒരു സ്വതന്ത്ര വിദഗ്ധ സാങ്കേതിക സമിതിയെ നിയമിച്ചത്. മുൻ ജഡ്ജിമാര്‍, മന്ത്രിമാർ, രാഷ്ട്രീയക്കാർ, ആക്ടിവിസ്റ്റുകൾ, വ്യവസായികൾ, പത്രപ്രവർത്തകർ എന്നിവരുടെ ഫോണുകളിൽ ഗവൺമെന്‍റ് ഇസ്രായേലി സ്‌പൈവെയറായ പെഗാസസ് ഉപയോഗിച്ചുവെന്ന ആരോപണങ്ങൾ പരിശോധിക്കാൻ ഉത്തരവുണ്ടായിരുന്നു. ഡോ.നവീൻ കുമാർ ചൗധരി, ഡോ. പ്രഭാഹരൻ പി., ഡോ. അശ്വിൻ അനിൽ ഗുമസ്തെ എന്നിവരാണ് സാങ്കേതിക സമിതിയിലെ അംഗങ്ങൾ.
ഇസ്രായേൽ കമ്പനിയായ എൻ.എസ്.ഒ ഗ്രൂപ്പിന്‍റെ ഫോൺ ഹാക്കിംഗ് സോഫ്റ്റ്‍വെയറായ പെഗാസസ് ടാർഗറ്റു ചെയ്യാൻ സാധ്യതയുള്ള 50,000 പേരിൽ ഇന്ത്യൻ മന്ത്രിമാർ, രാഷ്ട്രീയക്കാർ, ആക്ടിവിസ്റ്റുകൾ, വ്യവസായികൾ, പത്രപ്രവർത്തകർ എന്നിവരുടെ ഫോണുകളും ഉൾപ്പെടുന്നുവെന്ന് മാധ്യമസ്ഥാപനങ്ങളുടെയും അന്വേഷണാത്മക പത്രപ്രവർത്തകരുടെയും ഒരു അന്താരാഷ്ട്ര കൺസോർഷ്യം റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് 2021 ജൂലൈയിൽ പെഗാസസ് വിവാദം തുടങ്ങുന്നത്.
അഭിഭാഷകർ, രാഷ്ട്രീയക്കാർ, പത്രപ്രവർത്തകർ, പൗരാവകാശ പ്രവർത്തകർ എന്നിവർ സമർപ്പിച്ച ഒരു കൂട്ടം ഹർജികൾക്ക് മറുപടിയായി, കേന്ദ്ര ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ആഗസ്ത് 16-ന് മൂന്ന് പേജുള്ള സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇതിനൊടുവിലാണ് സുപ്രീംകോടതി വിദഗ്ധ സമിതിയെ നിയോഗിച്ചത്.
Adjust Story Font
16