Quantcast

പെഗാസസ് ഫോൺ ചോർത്തൽ; പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും അടിയന്തര പ്രമേയത്തിനു നോട്ടീസ്

എൻ.കെ.പ്രേമചന്ദ്രൻ എം.പി ലോകസഭയിലും ബിനോയ് വിശ്വം എം.പി രാജ്യസഭയിലും നോട്ടീസ് നല്‍കി.

MediaOne Logo

Web Desk

  • Updated:

    2021-07-19 03:41:12.0

Published:

19 July 2021 3:32 AM GMT

പെഗാസസ് ഫോൺ ചോർത്തൽ; പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും അടിയന്തര പ്രമേയത്തിനു നോട്ടീസ്
X

ഇസ്രായേൽ ചാര സോഫ്റ്റ്‌വെയർ പെഗാസസ് ഉപയോഗിച്ച് രാജ്യത്തെ പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തിയ സംഭവത്തില്‍ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും അടിയന്തര പ്രമേയത്തിനു നോട്ടീസ്. എൻ.കെ.പ്രേമചന്ദ്രൻ എം.പി ലോകസഭയിലും സി.പി.ഐ എം.പി ബിനോയ് വിശ്വം രാജ്യസഭയിലും നോട്ടീസ് നല്‍കി. സഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്നാണ് ആവശ്യം.

ഇസ്രായേൽ ചാര സോഫ്റ്റ്‌വെയർ പെഗാസ‍സ് ഉപയോഗിച്ച് രണ്ട് കേന്ദ്രമന്ത്രിമാരുടേതുള്‍പ്പെടെ മുന്നൂറോളം പേരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. സുപ്രീം കോടതി ജഡ്ജിമാര്‍, പ്രതിപക്ഷ നേതാക്കള്‍, നിക്ഷേപകര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ശാസ്ത്രജ്ഞര്‍, ആക്ടിവിസ്റ്റുകള്‍ എന്നിവരുടെയും നാല്‍പതോളം ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെയും ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയതായാണ് റിപ്പോര്‍ട്ട്.

എന്നാല്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളെ പാടെ തള്ളുകയാണ് കേന്ദ്ര സര്‍ക്കാര്‍. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും നിയമവിരുദ്ധമായി ഒരു നിരീക്ഷണവും ഉണ്ടായിട്ടില്ലെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം. വ്യക്തികളെ നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൃത്യമായ മാനദണ്ഡം ഉണ്ട്. കേന്ദ്ര-സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ദേശീയ താത്പര്യമുള്ള കാര്യങ്ങളില്‍ മാത്രമേ ഇത്തരം ഇടപെടല്‍ ഉണ്ടാകാറുള്ളൂ എന്നും ഈ വിവാദത്തില്‍ നേരത്തെ പാര്‍ലമെന്റില്‍ മറുപടി പറഞ്ഞതാണെന്നും കേന്ദ്ര വൃത്തങ്ങള്‍ പറയുന്നു.

ഈ സാഹചര്യത്തിലാണ് ഇന്ന് ആരംഭിക്കുന്ന പാര്‍ലമെ‍ന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തില്‍ വിഷയം ശക്തമായി ഉന്നയിക്കാന്‍ പ്രതിപക്ഷ നീക്കമുണ്ടായത്. പെഗാസസ് ഫോണ്‍ചോര്‍ത്തലിനു പുറമെ കോവിഡ് രണ്ടാം തരംഗ പ്രതിരോധം, വാക്സിൻ വിതരണം, കർഷക സമരം, ഇന്ധന വിലവർധന, സാമ്പത്തിക പ്രതിസന്ധി ഉൾപ്പെടെയുള്ള വിഷയങ്ങളും സഭയില്‍ ചര്‍ച്ചയാകും. അതേസമയം, എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ ഒരുക്കമാണെന്ന് സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു.

TAGS :

Next Story