പെഗാസസ് ഫോണ്‍ ചോർത്തല്‍; കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ പാർട്ടികള്‍ രാഷ്ട്രപതിയെ കാണും
പാർലമെന്റിൽ വിഷയം ചർച്ചചെയ്യണമെന്ന ആവശ്യം സർക്കാർ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് നടപടി.
പെഗാഗസസ് ഫോണ്‍ ചോർത്തല്‍ പാർലമെന്റ് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ പാർട്ടികള്‍ രാഷ്ട്രപതിയെ കാണും. പാർലമെന്റിൽ വിഷയം ചർച്ചചെയ്യണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം സർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷം രാഷ്ട്രപതിയെ കാണുന്നത്.
ഫോൺ ചോർത്തലിൽ അന്വേഷണവും ചർച്ചയും ആവശ്യപ്പെട്ട് പാർലമെന്റിന്റെ ഇരു സഭകളിലും ഇന്നും പ്രതിപക്ഷ പ്രതിഷേധമുയര്‍ന്നിരുന്നു. ലോക്സഭയുടെ നടുത്തളത്തിൽ പ്രതിപക്ഷം പ്ലക്കാർഡുകളുമായെത്തി പ്രതിഷേധിച്ചു. എന്നാല്‍, പ്രതിഷേധങ്ങള്‍ തുടരുമ്പോള്‍ സഭ നിര്‍ത്തിവെക്കുന്നതല്ലാതെ വിഷയത്തില്‍ കൃത്യമായി മറുപടി നല്‍കാന്‍ കേന്ദ്രം തയ്യാറല്ല. അതിനാല്‍ രാഷ്ട്രപതിയുടെ ഇടപെടല്‍ വേണമെന്നാണ് കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ പാർട്ടികള്‍ ആവശ്യപ്പെടുന്നത്.
അതേസമയം, പെഗാസസ് ഫോൺ ചോർത്തൽ ചർച്ചചെയ്യാൻ വിളിച്ച ഐ.ടി പാർലമെന്ററി കാര്യ സമിതി യോഗം ബി.ജെ.പി എം.പിമാർ ബഹിഷ്കരിച്ചു. സഭാ സമ്മേളനത്തിനിടെ സമിതി യോഗം വിളിച്ചത് ശരിയായില്ലെന്ന് ആരോപിച്ചാണ് ബി.ജെ.പിയുടെ ബഹിഷ്ക്കരണം.
Adjust Story Font
16