'ഛാവ’ കണ്ട് സ്വർണം തേടിയിറങ്ങി നാട്ടുകാർ; മധ്യപ്രദേശിലെ കോട്ട കുഴിക്കാനെത്തിയത് നിരവധി പേർ
സിനിമ കണ്ട് സ്വർണ്ണം കണ്ടെത്തുന്നതിനായി കുഴിയെടുക്കാൻ ആയുധങ്ങളുമായി നിരവധിപേരാണ് അസിർഗഡ് കോട്ടയിൽ എത്തിയത്

ഭോപ്പാൽ: ബോളിവുഡില്‍ വലിയ പ്രതീക്ഷയോടെ എത്തിയ ചിത്രമാണ് വിക്കി കൗശല്‍ നായകനായ ഛാവ. സിനിമ കണ്ട് സ്വർണ്ണം കണ്ടെത്തുന്നതിനായി കുഴിയെടുക്കാൻ ആയുധങ്ങളുമായി നിരവധിപേരാണ് അസിർഗഡ് കോട്ടയിൽ എത്തിയത്. മുഗൾ കാലഘട്ടത്തിലെ സ്വർണ്ണം കോട്ടയ്ക്ക് സമീപം കുഴിച്ചിട്ടിട്ടുണ്ട് എന്നായിരുന്നു അവരുടെ വിശ്വാസം.
മറാത്താ യോദ്ധാവ് ഛത്രപതി സംഭാജി മഹാരാജാവിന്റെ ജീവിത കഥയാണ് ഛാവയിൽ പറയുന്നത്. മുഗൾ സൈന്യം മറാത്തകളിൽ നിന്ന് നിധികൾ കൊള്ളയടിച്ച് അസിർഗഡ് കോട്ടയിൽ ഒളിപ്പിച്ചതായി സൂചിപ്പിക്കുന്ന രംഗങ്ങൾ ചിത്രത്തിലുണ്ട്. ഇത് യാഥാർത്ഥ്യമാണെന്ന വിശ്വാസത്തിലാണ് ഒരു കൂട്ടം ആളുകൾ നിധി കണ്ടെത്താനുള്ള നീക്കം നടത്തിയത്.
സ്വർണ്ണം കണ്ടെത്തുന്നതിനായി കുഴിയെടുക്കുന്ന ഉപകരണങ്ങളും ആയുധങ്ങളുമായി നിരവധിപേരാണ് കോട്ടയിൽ എത്തിയത്. രാത്രി സമയത്ത് മൊബൈൽ ഫ്ലാഷ് ലൈറ്റുകൾ ഉപയോഗിച്ച് സ്വർണ്ണം തിരയുന്ന ആളുകളുടെ വീഡിയോ ഇതിനകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. പൊലീസ് സ്ഥലത്തെത്തിയാണ് ഇവരെ പിന്തിരിപ്പിച്ചത്.
വിക്കി കൗശലിനെ നായകനാക്കി ലക്ഷ്മൺ ഉത്തേക്കർ സംവിധാനം ചെയ്ത ഹിസ്റ്റോറിക്കൽ ആക്ഷൻ ചിത്രമാണ് 'ഛാവ'. ഛത്രപതി ശിവാജിയുടെ മകനും മറാത്താ രാജാവുമായിരുന്ന സാംബാജിയുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ചിത്രം വലിയ ബഡ്ജറ്റിൽ ആണ് ഒരുങ്ങിയത്. ഗംഭീര പ്രതികരണമാണ് സിനിമയ്ക്ക് ബോക്സ് ഓഫീസിൽ നിന്നും പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഒരു വാരം പിന്നിടുമ്പോൾ ചിത്രം ആഗോളതലത്തിൽ 450 കോടി ക്ലബിൽ ഇടം പിടിച്ചിരിക്കുകയാണ്.
Adjust Story Font
16