ഒഡീഷ മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കുന്നരുടെ കറുത്ത വസ്ത്രങ്ങൾ അഴിപ്പിച്ച് പൊലീസ്
സ്ത്രീകൾ അവരുടെ കറുത്ത ഷാളുകൾ, സ്വറ്ററുകൾ തുടങ്ങി ദുപ്പട്ടകൾ പോലും അഴിച്ചുമാറ്റേണ്ടി വന്നു. പുരുഷൻമാരുടെ കറുത്ത കോട്ടുകൾ, സ്വറ്ററുകൾ, ഹെൽമറ്റുകൾ തുടങ്ങിയവയും വാങ്ങിവെച്ചു.
ബലാസോർ: ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായികിന്റെ പരിപാടിയിൽ പങ്കെടുക്കുന്നവരുടെ കറുത്ത വസ്ത്രങ്ങൾ അഴിപ്പിച്ച് പൊലീസ്. വസ്ത്രങ്ങൾ നിക്ഷേപിക്കാൻ ഒരോ കവാടത്തിലും പ്രത്യേകം കൗണ്ടറുകൾ സ്ഥാപിച്ചിരുന്നു. സ്ത്രീകൾ അവരുടെ കറുത്ത ഷാളുകൾ, സ്വറ്ററുകൾ തുടങ്ങി ദുപ്പട്ടകൾ പോലും അഴിച്ചുമാറ്റേണ്ടി വന്നു. പുരുഷൻമാരുടെ കറുത്ത കോട്ടുകൾ, സ്വറ്ററുകൾ, ഹെൽമറ്റുകൾ തുടങ്ങിയവയും വാങ്ങിവെച്ചു.
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്നാണ് കറുത്ത വസ്ത്രങ്ങൾ ഊരിവെപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ''ഞങ്ങളെല്ലാം നവീൻ പട്‌നായികിനെ പിന്തുണക്കുന്നവരാണ്. സ്ത്രീകൾ ധരിച്ച വസ്ത്രങ്ങൾ അടക്കം യോഗവേദിക്ക് പുറത്ത് അഴിച്ചുവെക്കാൻ ആവശ്യപ്പെട്ടത് ഞെട്ടിക്കുന്നതും അപമാനകരവുമാണ്''-ബലാസോർ സ്വദേശിനിയായ സബിത ബെഹറ പറഞ്ഞു.
ബി.ജെ.പി ബലാസോർ ടൗൺ പ്രസിഡന്റ് ഉമാകാന്ത മോഹപത്ര അടക്കമുള്ള നേതാക്കളെ പൊലീസ് കരുതൽ തടങ്കലിലാക്കിയിരുന്നു. അതിനിടെ ഭിന്നശേഷിക്കാരനായ ഒരു യുവാവ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിൽ ചാടി പ്രതിഷേധിച്ചു. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ അവിടെനിന്ന് മാറ്റി. സംസ്ഥാന സർക്കാറിന്റെ ഭവന പദ്ധതിക്ക് കീഴിൽ വീടും ജോലിയും ആവശ്യപ്പെട്ടായിരുന്നു യുവാവിന്റെ പ്രതിഷേധമെന്നാണ് റിപ്പോർട്ട്.
Adjust Story Font
16